തിരുവനന്തപുരം: വെള്ളായണിക്കായല്‍ പ്രദേശം 800 കോടി രൂപ ചിലവിട്ട് ലോക ടൂറിസം നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രി സുരേഷ്‌ഗോപി.
സംസ്ഥാന സര്‍ക്കാര്‍ സ്ഥലമേറ്റടുത്തു തന്നാലുടന്‍ പദ്ധതി നടപ്പാക്കുമെന്നും ആദ്ദേഹം പറഞ്ഞു. വെള്ളായണി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ കര്‍ഷക സമൃദ്ധികേന്ദ്രത്തിന്റെ ഉദ്ഘാടനം നേമം ശാന്തിവിള മാര്‍ക്കറ്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെള്ളായണി കായലിന്റെ 11.45 കിലോമീറ്റര്‍ ചുറ്റളവ് പുനക്രമീകരിച്ച് 15 കിലേമീറ്ററാക്കി തന്നാല്‍ അവിടെ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വാക്കേഴ്‌സ് ട്രാക്കും ജോഗേഴ്‌സ് ട്രാക്കും നിര്‍മിക്കുമെന്നും വെള്ളായണിക്കായലിനെ ശുദ്ധജല തടാകമാക്കി മാറ്റുമെന്നും അതിനായി ടൂറിസത്തിലെയും പെട്രാളിയത്തിലെയും സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് തയ്യാറായി നില്‍ക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കല്ലിയൂരില്‍ നിര്‍ബന്ധമായും സുരേഷ്‌ഗോപി വേണം എന്ന് പറയുന്നതിനെക്കാള്‍ ഞാനറിയാതെ ഇവിടെ ഒരിലപോലും അനങ്ങാന്‍ പാടില്ല എന്നതാണ് എനിക്ക് നിര്‍ബന്ധം. ഇതിന്റെ പേരില്‍ അടിക്കുറിപ്പൊക്കെ ഇടുന്നവര്‍ ചൊറിഞ്ഞ് പൊട്ടി ഒലിപ്പിച്ച് നടക്കത്തേയുള്ളൂ എന്നും സുരേഷ്‌ഗോപി നിലയ്‌ക്കാത്ത കരഘോഷത്തിനിടെ പറഞ്ഞു.
വെള്ളായണി എന്ന് പറയുന്ന ഗ്രാമത്തില്‍ കല്ലിയൂര്‍ പഞ്ചായത്തിന്റെ വികസന ചരിത്രമെടുത്ത് പരിശോധിച്ചാല്‍ ഈ ചൊറിയന്‍മാര്‍ക്ക് അതിനുള്ള ഉത്തരം കിട്ടും. 2017ല്‍ പ്രധാനമന്ത്രി ആസുത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായാണ് കല്ലിയുര്‍ എന്ന ഗ്രാമം ദത്തെടുത്തത്. പണ്ടാരക്കരി പാലത്തിന്റെ ബണ്ട് പൊട്ടി ഏകദേശം ഒരു കോടി രൂപയുടെ വിളവെടുക്കാന്‍ പാകമായ പച്ചക്കറി കൃഷി നശിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം അവിടെ ബണ്ട് പൊട്ടിയില്ല, കാരണം തന്റെ എം പി ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ മുടക്കി ബണ്ട് പണിത് നല്‍കിയിരുന്നു. ഇപ്പോള്‍ തിലകന്റെ പേരിലറിയപ്പെടുന്ന തിലകന്‍ പാറയും, വെള്ളായണി പാലത്തിന്റെ ചുറ്റുവട്ടവും, കിരീടം പാലം സ്ഥാപിച്ച കാലത്തിന് ശേഷം 47 വര്‍ഷമായി അതേ അവസ്ഥയില്‍ തുടരുന്നു. ഇപ്പോള്‍ ഒന്നേമുക്കാല്‍ കോടി രൂപ ചെലവാക്കി ഉപയോഗയോഗ്യമായ ഒരു പ്രദേശമാക്കി മാറ്റി. തിരുവനന്തപുരത്ത് നിന്ന് ജയിച്ച് പോയ എത്ര എംപി മാര്‍ക്ക് ഇതിന് സാധ്യമായി എന്ന് സുരേഷ്‌ഗോപി ചോദിച്ചു.
ശംഖുമുഖത്തിന്റെ നഷ്ടപ്പെട്ട സൗന്ദര്യം വീണ്ടെടുക്കാന്‍ ടൂറിസത്തില്‍ നവ സംവിധാനങ്ങള്‍ ഒരുക്കിത്തരണം. കോവളവും വര്‍ക്കലയും മാത്രമല്ല മുഴുപ്പിലങ്ങാട് ബീച്ചും ഉയര്‍ന്നുവരണം. ബേക്കലിനെ നമുക്ക് എത്രമാത്രം ഉയര്‍ത്തിക്കാട്ടാന്‍ സാധിച്ചു എന്നും അദ്ദേഹം ചോദിച്ചു. പുതിയ ടൂറിസം സ്‌പോട്ടുകള്‍ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്ലാതെ ഇത് നടക്കില്ല. വിഴിഞ്ഞം തുറമുഖത്ത് വരുന്ന വലിയ കപ്പലുകള്‍ക്ക് ശുദ്ധജലം നല്‍കേണ്ടതിന്റെ ഉത്തരവാദിത്തംകൂടി വെള്ളായണി കായലിനാണ്. അതിന് ഇന്നത്തെ ഉല്‍പാദന ശേഷി മൂന്നിരട്ടി വര്‍ദ്ധിപ്പിക്കണമെന്നും സുരേഷ്‌ഗോപി പറഞ്ഞു.
വെള്ളായണി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ അഡ്വ. എസ്. സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭീമ ഗോവിന്ദന്‍, കല്ലിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖരന്‍ നായര്‍, ഡോ. സി. സുരേഷ്‌കുമാര്‍, ഗ്രാമ പഞ്ചായത്തംഗം കെ.കെ. ചന്തുകൃഷ്ണ, ആര്‍. ജയലക്ഷ്മി, വി. ലതകുമാരി, ഡോ. ആസോള കമലാസനന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: