രാജ്യത്ത് ഏറ്റവും സജീവമായ വാര്‍ത്താ മാധ്യമങ്ങളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. നൂറ്റാണ്ടിലധികമായി നമ്മുടെ നാടിന്റെ സാമൂഹ്യപരിസരം നിര്‍ണയിക്കുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ചരിത്രരേഖകളനുസരിച്ച് 175 വര്‍ഷമായി പത്രപ്രവര്‍ത്തകര്‍ മലയാളിയുടെ ജീവിത നിലപാടുകളെ സ്വാധീനിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നു. കേസരിയും സ്വദേശാഭിമാനിയും കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയും കെ.പി. കേശവമേനോനും ടി.കെ. മാധവനുമടക്കം പ്രഗത്ഭരായ പത്രാധിപന്മാരുടെ നിലപാടുകള്‍ ജന്മനാടിന്റെ സ്വാതന്ത്ര്യപോരാട്ടത്തിലും മുഖ്യപങ്കുവഹിച്ചു. രാഷ്ട്രനന്മയും സമൂഹപുരോഗതിയുമായിരുന്നു അക്കാലത്ത് മലയാള മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങള്‍.
കാലം മാറി. ദൃശ്യമാധ്യമങ്ങളും ഡിജിറ്റല്‍ മാധ്യമങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. ദിനപത്രങ്ങളും ന്യൂസ് ചാനലുകളും അതിലേറെ ആക്ടീവായ സമൂഹമാധ്യമങ്ങളും മലയാളിക്കു മുന്നില്‍ ദിനംപ്രതി വിവര വിസ്ഫോടനം തന്നെ നടത്തുന്നു. എഡിറ്റര്‍മാരില്ലാത്ത സമൂഹമാധ്യമങ്ങളെ മാറ്റി നിര്‍ത്താം. പൂര്‍ണ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുന്ന, ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്തയുടെ അതിരുകടന്ന പൈങ്കിളിവത്കരണത്തിന് മത്സരിക്കുന്നത് കേരളസമൂഹത്തിന് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. അതിലേറെ അപകടകരമാണ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും മൂര്‍ത്തീഭാവമായ പിണറായി വിജയന് സര്‍ക്കാരിന് ഇപ്പോഴും ലഭിക്കുന്ന മാധ്യമ പിന്തുണ.
കഴിഞ്ഞ രണ്ടുമാസത്തിനിടെ മലയാളത്തിലെ ദൃശ്യമാധ്യമങ്ങള്‍ റേറ്റിങ്ങിന്റെ പേരില്‍ നടത്തിയ മത്സരം സമൂഹമെന്ന നിലയില്‍ നമ്മുടെ നിലവാരത്തെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. ഷിരൂരില്‍ അപകടത്തില്‍പ്പെട്ട അര്ജുന് എന്ന യുവാവിനായുള്ള രക്ഷാദൗത്യത്തെത്തന്നെ തടസപ്പെടുത്താനും വഴിതിരിച്ചുവിടാനും മാധ്യമങ്ങളുടെ കിടമത്സരം കാരണമായി. ഷിരൂരില്‍ നിന്നുള്ള ആക്രോശങ്ങള്‍ കണ്ട് നമ്മള് അന്തംവിട്ടിരിക്കുമ്പോഴാണ് വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടാകുന്നത്. അര്‍ജുനെ മറന്ന് തത്സമയ സംപ്രേഷണക്കാര് വയനാട്ടിലേക്ക് ഓടി. ദുരന്തത്തിന്റെ ഭീകരത രാജ്യത്തെ ബോധ്യപ്പെടുത്താനും ദുരന്തബാധിതര്‍ക്ക് സഹായങ്ങളെത്തിക്കാനും മാധ്യമങ്ങളുടെ ഇടപെടല്‍ സഹായകമായി എന്നത് മറക്കുന്നില്ല. പക്ഷേ സ്ത്രീകളും ചെറുപ്പക്കാരികളുടമക്കം താമസിക്കുന്ന ദുരിതാശ്വാസ ക്യാംപുകളിലേക്ക് അതിരാവിലെ ഇടിച്ചുകയറുന്ന ക്യാമറകള്‍ സ്വകാര്യതയെന്ന മൗലികാവകാശത്തെപ്പോലും ഹനിക്കുന്നതായി. പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ നെഞ്ചുപൊട്ടിക്കരയുന്നവരുടെ മുഖത്തേ്ക്ക് ക്യാമറക്കണ്ണുകള്‍ തിരിച്ചുവയ്ക്കുന്നതും മര്യാദകള്‍ക്ക് നിരക്കാത്തതായി.
വയനാടിന്റെ കണ്ണീരുണങ്ങും മുമ്പാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നത്. വയനാടിനെ ഉപേക്ഷിച്ച ക്യാമറക്കാര്‍ ഹേമയ്ക്ക് പിന്നാലെ പായുന്നത് നാം കണ്ടിരുന്നു. ചലച്ചിത്രതാരങ്ങളും ലൈംഗിക പീഡന ആരോപണങ്ങളും ചേര്‍ന്നപ്പോള്‍ അന്തിച്ചര്‍ച്ചക്കാര്‍ക്കും മികച്ച വിരുന്നായി. പക്ഷേ കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളാണ് വാര്‍ത്താചാനലുകള്‍ കാണുന്നത് എന്നത് പോലും പരിഗണിക്കാതെ ലൈംഗിക ആരോപണങ്ങള്‍ യാതൊരു മറയുമില്ലാതെ സംപ്രേഷണം ചെയ്തുകൊണ്ടിരുന്നു. ‘എ സര്‍ട്ടിഫിക്കറ്റ് ‘ നല്‍കേണ്ട ഡയലോഗുകള്‍ ന്യൂസ് ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്തതോടെ കുടുംബങ്ങള്‍ക്ക് ടിവി ഓഫ് ചെയ്യേണ്ടി വന്നു.
ഭരണകക്ഷി എംഎല്‍എയും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമടക്കം ഹേമയില്‍ പൊള്ളിനില്ക്കുമ്പോഴാണ് പി.വി. അന്‍വറിന്റെ രംഗപ്രവേശം.”ഉണ്ടിരുന്ന നായര്‍ക്ക് ഉള്‍വിളി ”എന്നതുപോലെ ഭരണകക്ഷി എംഎല്‍എയായ അന്‍വര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് സാക്ഷാല്‍ പിണറായി വിജയന് നയിക്കുന്ന ആഭ്യന്തരവകുപ്പിനെതിരെ ഗുരുതര ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നു. ഹേമയെ മറന്ന മാധ്യമങ്ങള്‍ അന്‍വറിന് പിന്നാലെ കൂടി. ഒന്ന് പകച്ച സിപിഎം പക്ഷേ പ്രതിപക്ഷ നേതാവിനെയും മാധ്യമങ്ങളെയും ഉപയോഗിച്ച് പ്രതിരോധമൊരുക്കി.
ശത്രുപക്ഷത്തെന്ന് വിലയിരുത്തുന്ന മാധ്യമങ്ങളെപ്പോലും പ്രതിസന്ധിഘട്ടത്തില്‍ പ്രയോജനപ്പെടുത്താന്‍ സിപിഎമ്മിനറിയാം. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ വലിച്ചിഴച്ചതാണ് മികച്ച ഉദാഹരണം. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്നതെന്ന് കോടതികള്‍ നിരീക്ഷിച്ചിട്ടുള്ള നിയമവിരുദ്ധ ഫോണ്‍ ചോര്‍ത്തലും രാജ്യദ്രോഹ കുറ്റങ്ങളായ സ്വര്‍ണക്കടത്തും ലഹരി ഇടപാടും നടക്കുന്നു എന്ന വിവരത്തെ മറയ്ക്കാനാണ് പ്രതിപക്ഷ നേതാവ് എഡിജിപി, ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കണ്ടു എന്നതിന്റെ പേരില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയത്. പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ ഒന്നാം പേജാക്കിയ മാധ്യമങ്ങളും മറ്റ് വിഷയങ്ങളെ തമസ്കരിച്ചു. ചര്‍ച്ച ആര്‍എസ്എസിലേക്ക് ചുരുക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ സര്‍ക്കാരിന് പിന്തുണയായി.
ഇതിനിടയില്‍ പോലീസിലെ ബലാത്സംഗക്കഥയുമായി സര്‍ക്കാര്‍ അനുകൂല ചാനല്‍ രംഗത്തെത്തി. പരാതിയുമായി ചെന്നപ്പോള്‍ സിഐ ബലാത്സംഗം ചെയ്തു, സിഐയ്ക്കെതിരെ പരാതിയുമായി സമീപിച്ചപ്പോള്‍ ഡിവൈഎസ്പി ബലാത്സംഗം ചെയ്തു. ഡിവൈഎസ്പി പീഡിപ്പിച്ചത് പറയാന്‍ ചെന്നപ്പോള്‍ എസ്പി ബലാത്സംഗം ചെയ്തു എന്ന കഥ അതേപടി കുടുംബപ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ചാനല്‍ മുതലാളിക്കെതിരായ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ‘ചെയിന്‍ ബലാത്സംഗ ‘ആരോപണമെന്ന വിവരം മലയാള മാധ്യമ പാരമ്പര്യത്തെ ലജ്ജിപ്പിക്കുന്നതായി. ഇതേ ചാനലിലെ പ്രമുഖന് മറ്റൊരു ചാനലില്‍ ജോലി ചെയ്യവെ വാളയാറില്‍ പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട കൊച്ചുപെണ്കുട്ടികളെക്കുറിച്ചുള്ള ഹീനമായ ആരോപണം സംപ്രേഷണം ചെയ്തതിന് ചാനലിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.
സര്‍ക്കാര്‍ പ്രതിരോധത്തിലാവുമ്പോഴെല്ലാം സ്വാധീനമുപയോഗിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ സമര്‍ഥരാണ് ടീം പിണറായി. ആഭ്യന്തരവകുപ്പിലെ പ്രധാന ഉദ്യോഗസ്ഥന് ”ദാവൂദ് ഇബ്രാഹിമിന് തുല്യ”മെന്ന ആരോപണം അട്ടിമറിക്കാന്‍ പിന്നെയും ശ്രമങ്ങളുണ്ടായി. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി , ബിജെപിയില്‍ ചേരാന്പോവുന്നു എന്ന് ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ വന്ന വാര്‍ത്ത ഇത്തരത്തിലൊന്നായിരുന്നു. ആ പത്രത്തില്‍ സ്വാധീനമുള്ള ഒരു സിപിഎം പ്രമുഖന്റെ സൃഷ്ടിയായിരുന്നു വാര്‍ത്തയെന്നാണ് വിവരം. ഒരു ദിവസം ആ വാര്‍ത്ത സമൂഹമാധ്യമങ്ങളിലെങ്കിലും ചര്‍ച്ചയായി. സഖ്യകക്ഷിയായ പ്രതിപക്ഷ നേതാവിന്റെ ഇടപെടലിലാവണം വാര്‍ത്തയ്ക്ക് അധികം ആയുസുണ്ടായില്ല.
അന്തിച്ചര്‍ച്ചകള്‍ പിണറായിക്കെതിരെ അമ്പെയ്ത്ത് തുടര്‍ന്നപ്പോള്‍ വ്യവസായ മന്ത്രി പി.രാജീവ് ദല്‍ഹിയില്‍ വന്നൊരു വാര്‍ത്താസമ്മേളനം നടത്തി. ”ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍” അഥവാ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം രാജ്യത്ത് ഒന്നാമതെത്തി എന്നായിരുന്നു രാജീവിന്റെ അവകാശവാദം. കേരളത്തില്‍ അരിയാഹാരം കഴിക്കുന്ന ഒരു മനുഷ്യരും വിശ്വസിക്കാത്ത അവകാശവാദം പക്ഷേ മലയാള മാധ്യമങ്ങള്‍ ഏറ്റെടുത്തു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരുവിധ വ്യക്തതയും തേടാതെ പ്രമുഖ ദിനപത്രങ്ങള്‍ കേരള സര്‍ക്കാരിനെ പുകഴ്ത്തി മുഖപ്രസംഗമെഴുതി. വാസ്തവത്തില്‍ വ്യവസായ സൗഹൃദകാര്യത്തില് രാജ്യത്ത് ഏറ്റവും പിന്നാക്കം നിന്ന സംസ്ഥാനങ്ങള്‍, കേന്ദ്രനിര്‍ദേശപ്രകാരം നടപ്പാക്കിയ ചില പരിഷ്കാരങ്ങള്‍ക്കുള്ള പ്രോത്സാഹനമാണ് ദല്‍ഹിയില്‍ നല്‍കിയത്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങും ഇതും രണ്ടാണെന്ന് അറിയാഞ്ഞല്ല പ്രമുഖപത്രങ്ങള്‍ പിണറായി സര്‍ക്കാരിനെ വാനോളം പുകഴ്ത്തിയതെന്ന് വ്യക്തം.
രണ്ടാം പിണറായി സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. മുന്നറിയിപ്പും മുന്‍കരുതലുമില്ലാതെ അണക്കെട്ടുകള്‍ തുറന്നുവിട്ട് കേരളത്തിലെ നാനൂറോളം മനുഷ്യരെ മുക്കിക്കൊന്ന സര്‍ക്കാരിന്റെ ”കരുതലിനെക്കുറിച്ചാണ് ” 2018 ല്‍ മലയാളമാധ്യമങ്ങള്‍ എഴുതിയതും പറഞ്ഞതും. സര്‍ക്കാരിന്റെ വീഴ്ചയാണ് പ്രളയത്തിന് കാരണമെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിതീവ്ര മഴയെന്ന സര്‍ക്കാര്‍ വാദം ശരിയെല്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഡാം തുറന്നു വിടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നെങ്കില്‍ വലിയ തോതിലുള്ള ആള്‍നാശം ഒഴിവാക്കാമായിരുന്നു. നാനൂറിനടുത്ത് മനുഷ്യരെ പ്രളയജലത്തില്‍ മുക്കിക്കൊന്ന പിണറായി വിജയനെക്കുറിച്ച് മലയാള മാധ്യമങ്ങള്‍ ഒരക്ഷരം അന്നും ഇന്നും പറഞ്ഞിട്ടില്ല.
കൊവിഡായിരുന്നു അടുത്തത്. ക്യാപ്റ്റനെയും ടീച്ചറമ്മയെയും പാടിപ്പുകഴ്ത്താന്‍ മാധ്യമങ്ങള്‍ മത്സരിച്ചു. ആവശ്യത്തിന് ടെസ്റ്റ് നടത്താതെ രോഗികളുടെ എണ്ണം കുറച്ചുകാണിക്കുകയാണെന്ന യാഥാര്‍ഥ്യം ആരും കണ്ടില്ലെന്ന് നടിച്ചു. കൊവിഡ് മഹാമാരിയെ തന്റെ സര്‍ക്കാര്‍ പിടിച്ചുകെട്ടിയെന്ന പിണറായിയുടെ വാദം മാധ്യമങ്ങള്‍ അതേപടി ഏറ്റെടുത്തു. ”അമേരിക്ക തന്റെ ഉപദേശം തേടുക”യാണെന്ന അന്നത്തെ ആരോഗ്യമന്ത്രിയുടെ വാക്കുകളും മാധ്യമപ്രവര്‍ത്തകര്‍ ആഘോഷമാക്കി. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പഴയ എസ്എഫ്ഐക്കാരെ ഉപയോഗിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. അതേസമയം മരണക്കണക്ക് മറച്ചുവയ്ക്കുകയും കൊള്ളവിലയില്‍ പിപിഇ കിറ്റ് വാങ്ങുകയുമായിരുന്നു പിണറായി സര്‍ക്കാര്‍. കൊവിഡിന്റെ മറവില്‍ നടന്ന കോടികളുടെ അഴിമതി കാണാന്‍ കഴിയാത്ത തരത്തില്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെയടക്കം കണ്ണ് മൂടിക്കെട്ടി, പിണറായിയുടെ പി.ആര് ടീം.
മലയാള മാധ്യമങ്ങളുടെ പിണറായി ഭക്തി മാധ്യമ ധാര്‍മികതയ്ക്ക് നിരക്കാത്തതാണ്. പ്രബുദ്ധമെന്നവകാശപ്പെടുന്ന ഒരു ജനതയെ വിഡ്ഢികളാക്കി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രണ്ടാം വട്ടവും അധികാരം നേടിക്കൊടുക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് മണ്മറഞ്ഞ മഹാരഥന്മാരായ പത്രാധിപന്മാരുടെ ഓര്‍മയ്ക്ക് അപമാനമാണ്. ഈ നിലപാട് മാധ്യമലോകം തിരുത്തുമെന്ന് പ്രതീക്ഷിക്കാം. അല്ലെങ്കില്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു നാടിനെ, അത് അര്‍ഹിക്കുന്ന വലിയ പുരോഗതിയില്‍ നിന്ന് പിന്നോട്ടതിച്ചതിന് കാലം മലയാള മാധ്യമലോകത്തോട് പൊറുക്കില്ല.
(മുന്‍ കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: