Kerala

കൊച്ചി കപ്പല്‍ശാലയില്‍ രാജ്യത്തെ ഏറ്റവും വലിയ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

Published by

കൊച്ചി: ഡ്രെഡ്ജിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്കായി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറിനുള്ള കീല്‍ ഇട്ടു.

കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഓണ്‍ലൈനായാണ് കീല്‍ സ്ഥാപിച്ചത്. ഡ്രെഡ്ജിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിനായാണ് 12,000 ക്യുബിക് മീറ്റര്‍ ഹോപ്പര്‍ കപ്പാസിറ്റിയുള്ള ഗോദാവരി എന്ന പേരിട്ടിരിക്കുന്ന ട്രെയിലിംഗ് സക്ഷന്‍ ഹോപ്പര്‍ ഡ്രെഡ്ജര്‍ (ടിഎസ്എച്ച്ഡി) നിര്‍മിക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ ഭാരതത്തിന്റെ നാവിക ശേഷിയുടെ സുപ്രധാന നാഴിക്കല്ലായി മാറും. ഭാരത സര്‍ക്കാരിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായുള്ള ആത്മനിര്‍ഭര്‍ ഭാരത് സംരംഭത്തിന് കീഴിലുള്ള ഒരു പ്രധാന ചുവടുവെപ്പാണിത്.

ഡിസിഐ ഡ്രെഡ്ജ് ഗോദാവരി ഡിസൈനിലും നിര്‍മ്മാണത്തിലും പ്രമുഖരായ നെതര്‍ലാന്‍ഡ്‌സിലെ റോയല്‍ ഐച്ച്സിയുടെ സഹകരണത്തോടെയാണ് നിര്‍മിച്ചിരിക്കുന്നത്. കമ്മീഷന്‍ ചെയ്തുകഴിഞ്ഞാല്‍, ഈ ഡ്രെഡ്ജര്‍ ഭാരതത്തില്‍ ഇതുവരെ നിര്‍മിച്ചതില്‍ വച്ച് സാങ്കേതികമായി ഏറ്റവും നൂതനമായ ഡ്രെഡ്ജര്‍ ആയിരിക്കും.

127 മീറ്റര്‍ നീളവും 28 മീറ്റര്‍ വീതിയുമാണ് കപ്പലിനുള്ളത്. നെതര്‍ലന്‍ഡ്‌സിലെ റോയല്‍ ഐഎച്ച്‌സിയുടെ ആഗോളതലത്തില്‍ പ്രശംസ നേടിയ ‘ബീഗിള്‍’ പ്ലാറ്റ്‌ഫോമിന് കീഴിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഭാരതത്തിന്റെ എല്ലാ തുറമുഖ – ജലഗതാഗത വികസന ആവശ്യങ്ങളും നിറവേറ്റുന്ന വിധമാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. രാജ്യത്തിന്റെ തുറമുഖ വികസന പ്രവര്‍ത്തനങ്ങളില്‍ ഇത് നിര്‍ണായകമാകും.

ചടങ്ങില്‍ ഭാരതത്തിലെ നെതര്‍ലന്‍ഡ്‌സ് അംബാസഡര്‍ മരിസ ജെറാര്‍ഡ്‌സ്, വിപിഎ ആന്‍ഡ് ഡിസിഐ ചെയര്‍പേഴ്സണ്‍ ഡോ. എം. അംഗമുത്തു, ഡിസിഐ എംഡി ദുര്‍ഗേഷ്‌കുമാര്‍, കൊച്ചി കപ്പല്‍ശാല സിഎംഡി മധു എസ്. നായര്‍, റോയല്‍ നെതര്‍ലന്‍ഡ്സ് എംബസി സാമ്പത്തിക ഉപദേഷ്ടാവ് ബേണ്‍ഡ് ഷോള്‍ട്സ്, കൊച്ചി കപ്പല്‍ശാല ഫിനാന്‍സ് ഡയറക്ടര്‍ ജോസ് വി.ജെ, ഡയറക്ടര്‍ ഓപ്പറേഷന്‍സ് ശ്രീജിത്ത് കെ.എന്‍., കപ്പല്‍ശാല ക്യാപ്റ്റന്‍ കെ.എം. ചൗധരി, ജനറല്‍ മാനേജര്‍ (ബിഡി) ഡിസിഐ റോജിയര്‍ കാലിസ്, കൊച്ചി കപ്പല്‍ശാല ഉദ്യോഗസ്ഥര്‍, ഡിസിഐ, റോയല്‍ ഐഎച്ച്‌സി നെതര്‍ലന്‍ഡ്‌സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by