ആലപ്പുഴ: കൊച്ചി സ്വദേശിനിയായ വൃദ്ധയെ കൊന്ന് കുഴിച്ചു മൂടിയ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് 18ന് കോടതിയില്‍ അപേക്ഷ നല്‍കും. പ്രതികളുമായി ഉഡുപ്പിയിലും ആലപ്പുഴയിലും സ്വര്‍ണം വിറ്റ കേന്ദ്രങ്ങളില്‍ തെളിവെടുപ്പ്നടത്തും. കൊലപാതകം നടത്തിയ കോര്‍ത്തുശേരിയിലെ വാടക വീട്ടിലും പ്രതികളെ കൊണ്ടുവന്ന് തെളിവെടുക്കേണ്ടതുണ്ട്. കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ച വസ്ത്രവും കണ്ടെടുക്കണം. കൊച്ചി കടവന്ത്ര കരിത്തല റോഡ് ശിവകൃപയില്‍ പരേതനായ ഗോപാലകൃഷ്ണന് നായരുടെ ഭാര്യ സുഭദ്രയെ (73) യെയാണ് കലവൂര്‍ കോര്‍ത്തുശേരിയിലെ വീട്ടുവളപ്പില്‍ കൊന്ന് കുഴിച്ചുമൂടിയത്.
കേസിലെ പ്രതികളായ കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസ് (35), ഭാര്യ ശര്‍മിള (52), മാത്യൂസിന്റെ ബന്ധു മാരാരിക്കുളം തെക്ക് പഞ്ചായത്ത് പനേഴത്ത് വീട്ടില്‍ റെയ്നോള്‍ഡ് (61) എന്നിവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. കൊലപാതകത്തില്‍ റെയ്നോള്‍ഡിന് നേരിട്ട് പങ്കില്ല. സുഭദ്രയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് മയക്കാന്‍ ഉപയോഗിച്ച ലഹരിഗുളിക, റെയ്നോള്‍ഡ് എത്തിച്ചു നല്‍കിയതാണെന്നാണു വിവരം. കഴിഞ്ഞ ആഗസ്ത് രണ്ടിന് പുനര്‍വിവാഹം കഴിച്ച റെയ്നോള്‍ഡ് ആദ്യഭാര്യയിലെ മൂന്നു മക്കളില്‍ മൂത്ത മകന്റെ ചികിത്സയുമായി ബന്ധപ്പെട്ടു ഡോക്ടര്‍ നല്കിയ ഉറക്കഗുളികകളാണു സുഭദ്രയെ മയക്കാന്‍ വേണ്ടി ഉപയോഗിച്ചതെന്നാണു പോലീസിനു ലഭിച്ച വിവരം. സുഭദ്രയെ കോര്‍ത്തുശേരിയിലെ വീട്ടിലെത്തിച്ച ആഗസ്ത് നാല് മുതല്‍ തന്നെ പാനീയങ്ങളില്‍ ഉറക്കഗുളികകള്‍ ചേര്‍ത്തു നല്കി ബോധരഹിതയാക്കി.
ഇത്തരത്തില്‍ മുന്‍പും സുഭദ്രയെ മയക്കിട്ടുള്ളതായും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. നാലുവര്‍ഷം മുന്‍പാണ് റെയ്നോള്‍ഡിന്റെ ആദ്യഭാര്യ മരിച്ചത്. ഏറെനാള്‍ വിദേശത്ത് നഴ്സായിരുന്നു ഇവര്‍ അര്‍ബുദബാധയെ തുടര്‍ന്നാണു മരിച്ചത്. തുടര്‍ന്നാണ് കഴിഞ്ഞ മാസം രണ്ടിന് റെയ്നോള്‍ഡ് പുനര്‍വിവാഹിതനായത്. കടലില്‍ മീന്‍പിടിക്കാന്‍ പോകുമായിരുന്ന ഇയാള്‍, കുറേക്കാലമായി പതിവായി ജോലിക്ക് പോകാറില്ലായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.
സുഭദ്രയെ മയക്കി കിടത്തി ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മാത്യൂസും, ശര്‍മ്മിളയും കൈക്കലാക്കി. ആഗസ്ത് ഏഴിന് ബോധം വന്നപ്പോള്‍ സുഭദ്ര സ്വര്‍ണം തിരികെ ആവശ്യപ്പെട്ടു. പോലീസില്‍ പരാതിപ്പെടുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ഏഴിന് ഉച്ചയ്ക്ക് സുഭദ്രയെ കൊലപ്പെടുത്തി കുഴിച്ചു മൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: