അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍, പൊതുവേദിയിലും അഭിമുഖങ്ങളിലും നടത്തുന്ന ഭാരത വിരുദ്ധ അഭിപ്രായപ്രകടനങ്ങള്‍ വിവരക്കേട് എന്നു മാത്രം പറഞ്ഞ് തള്ളാനാവില്ല. കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ ഭാരതത്തില്‍ ഓടി നടന്ന് വായില്‍ തോന്നിയത് വിളിച്ചു പറയുന്നതുപോലെയുമല്ല. അമേരിക്കയില്‍ നേരത്തെ കാമുകിയോടൊപ്പം ചുറ്റിക്കറങ്ങവേ കഞ്ചാവുമായി പിടിയിലായ രാഹുലുമല്ല ഇപ്പോള്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രതിപക്ഷ നേതാവാണ്. രാഹുല്‍ പറയുന്ന പ്രശ്‌നങ്ങളുടെ നിജസ്ഥിതിയെക്കാളേറെ സ്വന്തം രാജ്യത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ അസത്യത്തിന്റെയും അര്‍ധസത്യത്തിന്റെയും അകമ്പടിയോടെ വിദേശ രാജ്യത്തു പോയി പറയുന്നതാണ് പ്രശ്‌നം. ഭാരതവുമായി സൈനികവും വ്യാവസായികവുമായ സഹകരണ സംരംഭങ്ങള്‍ക്ക് തികഞ്ഞ പ്രതീക്ഷയോടെ നീങ്ങുന്ന അമേരിക്കയുടെ മണ്ണില്‍ നിന്നുകൊണ്ടാണ് ഇദ്ദേഹം രാജ്യത്തിന്റെ യശസ്സ് കളങ്കിതമാക്കുന്നത്.
യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥി കൂട്ടായ്മകളില്‍ രാഹുല്‍ പറഞ്ഞത്, ഭാരതം സംസ്ഥാനങ്ങളുടെ ഫെഡറേഷന്‍ ആണെന്നും ഇവിടെയുള്ളവര്‍ക്ക് ഒരേ സമയം ഭാരതീയനും അമേരിക്കക്കാരനുമായിരിക്കാന്‍ കഴിയും എന്നുമാണ്. ആ വിശാല വീക്ഷണത്തെ ഭാരത സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നായിരുന്നു ആരോപണം. ശുദ്ധ അസംബന്ധം എന്നേ പറയാനുള്ളു. ഫെഡറേഷന്‍ എന്നൊരു വാക്ക് നമ്മുടെ ഭരണഘടനയില്‍ എവിടെയുമില്ല. ഇരട്ട പൗരത്വവുമില്ല. ഭാരത പൗരത്വമുള്ള ഒരാള്‍ മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുന്ന നിമിഷം അയാളുടെ ഇവിടത്തെ പൗരത്വം റദ്ദാവും.
മോദിയുടെ ഭരണകാലത്തു ലഡാക്കിലെ 4000 ചതുരശ്ര കിലോ മീറ്റര്‍ പ്രദേശം ചൈന കൈയടക്കി എന്ന നുണ അമേരിക്കയിലും രാഹുല്‍ ആവര്‍ത്തിച്ചു. ചൈനയുടെ ആക്രമണങ്ങള്‍ ചെറുക്കാന്‍, അതീവ ദുര്‍ഘടമായ അതിര്‍ത്തിയില്‍ വലിയ തോതിലുള്ള റോഡുകളും പാലങ്ങളും നിര്‍മിച്ച്, അവിടേയ്‌ക്കുള്ള സൈനിക നീക്കം അനായാസമാക്കുന്ന നമ്മുടെ പ്രതിരോധ സംവിധാനത്തെ ഉയര്‍ത്തിക്കാട്ടുന്നതിനുപകരം, അസത്യം വിളമ്പി അന്യരാജ്യത്ത് ആളാകാന്‍ ശ്രമിക്കുന്നത് ഭരണഘടനാ പദവി വഹിക്കുന്ന ആളിന് ചേര്‍ന്നതല്ല. ഭാരതത്തില്‍ ജനാധിപത്യ മൂല്യങ്ങളില്‍ ഇടിവുണ്ടായി, മാധ്യമ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെട്ടു, സാമൂഹിക അസമത്വവും സാമ്പത്തിക വ്യത്യാസവും വര്‍ധിച്ചു, മനുഷ്യാവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും മാനിക്കുന്നതില്‍ പരാജയപ്പെട്ടു, അന്താരാഷ്‌ട്ര ബന്ധങ്ങള്‍ മോശം, ചില മതങ്ങളെയും ഭാഷയെയും സമുദായങ്ങളെയും ആര്‍എസ്എസ് മറ്റുള്ളവയെക്കാള്‍ താഴെയായാണു കാണുന്നത്, തമിഴ്, മറാഠി, ബംഗാളി, മണിപ്പൂരി ഇതെല്ലാം അവര്‍ക്ക് താഴ്ന്ന ഭാഷകളാണ്, ലോക്‌സഭാ തെരഞ്ഞെടുപ്പു സ്വതന്ത്രമായിരുന്നില്ല, വലിയ നിയന്ത്രണങ്ങളുണ്ടായിരുന്ന തെരഞ്ഞെടുപ്പു നരേന്ദ്ര മോദിക്കു നേട്ടമുണ്ടാക്കാന്‍ കഴിയും വിധമായിരുന്നു ക്രമീകരിച്ചത് തുടങ്ങിയ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ ഭരണഘടനാ പദവി വഹിക്കുന്നവര്‍ വിദേശമണ്ണില്‍ പോയി പറഞ്ഞു നടക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. രാഹുല്‍ രാജ്യത്തിന്റെ വികാരത്തെ മുറിവേല്‍പ്പിക്കുന്നതും സുരക്ഷയെ ബാധിക്കുന്നതുമായ പരാമര്‍ശങ്ങളാണ് നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ചൂണ്ടിക്കാട്ടിയത് ഈ പശ്ചാത്തലത്തിലാണ്. ഭാഷകളിലെ, മതങ്ങളിലെ, പ്രദേശങ്ങളിലെ വേര്‍തിരിവുകളെക്കുറിച്ച് സംസാരിക്കുന്നതിലൂടെ രാഹുലിന്റെ ഉള്ളിലെ വിഘടന ചിന്തയാണ് വെളിവാകുന്നത്.
സിഖുകാര്‍ ഭാരതത്തില്‍ സുരക്ഷിതരല്ലെന്നും അവര്‍ക്ക് ഭാരതത്തില്‍ സ്വന്തം മത ചിഹ്നമായ ടര്‍ബനും കൃപാണും ധരിക്കാവുന്ന നാളുകള്‍ എണ്ണപ്പെട്ടുവെന്നും ഉള്ള രാഹുലിന്റെ വാക്കുകളില്‍ ഖാലിസ്ഥാന്‍ വാദമാണ് നിഴലിക്കുന്നത്. മുത്തശ്ശിയായ ഇന്ദിരയുടെ മരണകാരണം പോലും മനസ്സിലാക്കാത്ത അപക്വമതിയാണ് രാഹുല്‍ എന്ന് അടിവര ഇടുന്നതിനപ്പുറം മതവിദ്വേഷം ഉണ്ടാക്കാനുള്ള ബോധപൂര്‍വ ശ്രമമാണിതെന്നും തിരിച്ചറിയണം. ഭാരതത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയേയും പരസ്യമായി ചോദ്യം ചെയ്യുന്ന യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറുമായി നടത്തിയ കൂടിക്കാഴ്ചയുടെ ലക്ഷ്യം എന്തായിരിക്കാം. ഒമര്‍ തീവ്രവാദികള്‍ക്ക് വേണ്ടി,അവരുടെ അജണ്ടയ്‌ക്ക് വേണ്ടിയാണ് വാദിക്കുന്നത്. അവര്‍ സ്വതന്ത്ര കശ്മീരിന് വേണ്ടി വാദിച്ചയാളാണ്. രാജ്യത്തിന്റെ ആഭ്യന്തരവിഷയങ്ങള്‍ ഉന്നയിക്കാനും ചര്‍ച്ച ചെയ്യാനും മതിയായ അവസരം ഭരണഘടനാപരമായി നിക്ഷിപ്തമായിട്ടുള്ള ക്യാബിനറ്റ് റാങ്കിലുള്ള രാഹുല്‍, രാഷ്‌ട്രീയ പക്വതയും മിതത്വവും പാലിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പാകിസ്ഥാന്‍ രാഷ്‌ട്രീയ നേതാവിനെപ്പോലെയാണ് സംസാരിച്ചതെന്നും അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് അര്‍ഥപൂണ്ണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: