നാടെങ്ങും ഓണച്ചന്തകള്‍ പെരുകുന്നുണ്ടെങ്കിലും ഓണത്തെക്കുറിച്ചുള്ള സാര്‍ത്ഥക ചിന്തകള്‍ നമ്മില്‍ ഏറെക്കുറഞ്ഞുവരുന്നു. ഹൃദയത്തിനും മൃദുവികാരങ്ങള്‍ക്കും വിലയില്ലാത്ത ഈകാലത്ത് അത്സ്വാഭാവികം. എങ്കിലും ‘അതിമാത്രം ഇരുള്‍തിങ്ങുന്ന അന്ധകൂപ’ ത്തില്‍ ചിന്തയുടെ ചെറുകിരണങ്ങള്‍ പോലും അതികാമ്യമത്രേ. അതിനാല്‍ ഈലേഖനത്തിനു പ്രസക്തിയുണ്ടെന്നു കരുതാം. ഇടവമഴയ്‌ക്കും തുലാവര്‍ഷത്തിനും ഇടയില്‍വരുന്ന പൊന്നോണത്തെ രണ്ടു പച്ചിലകള്‍ക്കിടയില്‍ വിടര്‍ന്നു നില്‍ക്കുന്ന സുവര്‍ണ്ണ പുഷ്പമായിട്ടാണ് മഹാകവി കുമാരനാശാന്‍ കല്പന ചെയ്തിട്ടുള്ളത്. ഓണപ്പൂക്കളെപ്പറ്റി പാടിയ കവികള്‍ ധാരാളമുണ്ടെങ്കിലും ഓണത്തെ പൂവായിക്കണ്ടു പാടിയ കവി ആശാന്‍മാത്രം. അത്ഭുതമെന്നുപറയട്ടെ, ആശാന്‍ വീണ്ടും ഈനാട്ടില്‍ വന്നാല്‍ ‘കരിഞ്ഞുമലിഞ്ഞുമാശുമണ്ണായി’ വിസ്മൃതമാകാനിരിക്കുന്ന മറ്റൊരു ‘വീണപൂവ്’ കണ്ട് വിഷാദിച്ചേക്കാം, അതേ, ഓണവും വീണപൂവാകുന്നു. ഈവീണപൂവിന്റെ പ്രൗഢോജ്ജ്വലമായ ഭൂതകാലത്തിലേക്ക് കവിയെപ്പോലെ നമുക്കും ഒന്ന് കണ്ണോടിക്കാം.
ഈ നാടിന്റെ ഏറ്റവും വലിയ ഉത്സവമാണ് ഓണം എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇത്രത്തോളം ദുര്‍വ്യാഖ്യാനങ്ങള്‍ക്കും വളച്ചുകെട്ടലുകള്‍ക്കും ഇരയായമറ്റൊരാഘോഷമുണ്ടോ എന്നതില്‍ തര്‍ക്കമുണ്ടുതാനും. കേരളത്തിന്റെ ദേശീയോത്സവമായി ഗണിക്കുന്ന ഓണം ആദ്യകാലങ്ങളില്‍ മറ്റുചില സംസ്ഥാനങ്ങളിലും കൊണ്ടാടിയിരുന്നു എന്നറിയുന്നത്രസാവഹമാണ്. (ഓണം ഉത്ഭവിച്ചതു തന്നെ പ്രാചീന അസീറിയ, ബാബിലോണിയ എന്നിവിടങ്ങളിലാണ് എന്നും അഭിപ്രായമുണ്ട്) ക്രിസ്തുവര്‍ഷത്തിന്റെ ആദ്യത്തെ മൂന്നുനൂറ്റാണ്ടുകള്‍ ആയ സംഘകാലത്ത് രചിക്കപ്പെട്ട സംഘം കൃതികളില്‍ മധുരയില്‍ നിലനിന്നിരുന്ന ഓണാഘോഷത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ കാണാം. സംഘം കൃതികളിലുള്‍പ്പെട്ടതും ‘മാങ്കുടിമരുതനാര്‍’ എന്ന പണ്ഡിതന്‍ രചിച്ചതുമായ ‘മധുരൈക്കാഞ്ചി’ എന്ന കൃതിയിലാണ് ഓണത്തെപ്പറ്റിയുള്ള സവിശേഷ പ്രതിപാദനം. ഓണത്തെപ്പറ്റിയുള്ള ഏറ്റവും പഴയരേഖയും ഇതാകാം.
‘തലൈയാലങ്കാനം’ എന്ന സ്ഥലത്തു നടന്ന യുദ്ധത്തില്‍ വിജയംവരിച്ച ‘നെടുഞ്ചെഴിയന്‍’ എന്ന പാണ്ഡ്യരാജാവിനെ പ്രശംസിക്കുന്നതാണ് ‘മധുരൈക്കാഞ്ചി’ യുടെ വിഷയം. യുദ്ധത്തിന്റെ വിജയലഹരിയില്‍ മതിമറന്ന് സുഖഭോഗങ്ങളില്‍ മുഴുകിയ നെടുഞ്ചെഴിയന്റെ തലസ്ഥാനമായ മധുരയില്‍ ഓണനാള്‍വളരെ ആഡംബരപൂര്‍ണ്ണമായി കൊണ്ടാടിവരുന്നതായി മരുതനാര്‍ പ്രസ്താവിച്ചിട്ടുണ്ട്.’ഇന്ദ്രവിഴ’ എന്നായിരുന്നു. ഓണത്തിന്റെ അന്നത്തെ നാമം. ശ്രാവണ (ചിങ്ങം) മാസത്തിലെ പൗര്‍ണ്ണമി നാളിലായിരുന്നു മധുരയിലെ ഓണാഘോഷം. അത് ഏഴുദിവസം നീണ്ടുനിന്നിരുന്നു. മഹാബലിയുടെ കഥയെ അനുസ്മരിച്ചുകൊണ്ടുള്ളതായിരുന്നു അവിടെയും ഈഉത്സവം.
സദ്യയുള്‍പ്പെടെയുള്ളഓണാഘോഷത്തെപ്പറ്റി മരുതനാര്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. ‘ചേരിപ്പോര്’ എന്നൊരു വിനോദം അക്കാലത്തുണ്ടായിരുന്നു. ഇതുനമ്മുടെ ഓണത്തല്ലിന്റെയും പടയണിയുടെയും ആദിമ രൂപമാണ്. ശൈവര്‍, വൈഷ്ണവര്‍ എന്നീ ഹിന്ദുമത വിഭാഗക്കാരും, ബൗദ്ധര്‍, ജൈനര്‍ എന്നീ അന്യമതസ്ഥരും ഒരുപോലെ മധുരയില്‍ ഓണം ആഘോഷിച്ചിരുന്നു. ‘ഇറൈയനാര്‍അകപ്പൊരുള്‍’ എന്നതമിഴ്ഗ്രന്ഥത്തില്‍പറയുന്ന ആവണിഅവിട്ടവും ഓണവും ഒന്നുതന്നെയാണെന്നു ശ്രീ.എന്‍.വി. കൃഷ്ണവാരിയര്‍, ‘കലോത്സവം’ എന്നഗ്രന്ഥത്തില്‍പ്രസ്താവിക്കുന്നു. ഇപ്പോള്‍ ആന്ധ്രാസംസ്ഥാനത്തിലുള്‍പ്പെട്ടിട്ടുള്ളതും തമിഴ്‌നാടിന്റെ വടക്കെഅതിര്‍ത്തിയായി പഴയകാലം മുതല്‍ കരുതപ്പെട്ടുവന്നിരുന്നതുമായ തിരുപ്പതിയിലും ഓണാഘോഷം നിലനിന്നിരുന്നതായി സംഘംകൃതികള്‍ പ്രസ്താവിക്കുന്നു. തൃക്കാക്കരയിലെന്നതുപോലെ തിരുപ്പതിയിലും ആണ്ടുത്സവം നടത്താറുണ്ടായിരുന്നത് ഓണത്തിനോടനുബന്ധിച്ചായിരുന്നു.
ക്രിസ്തുവര്‍ഷം ഏഴരനൂറ്റാണ്ടിനു ശേഷവും തമിഴ്‌നാട്ടിലെ ചിലക്ഷേത്രങ്ങളില്‍ ഓണാഘോഷത്തിന്റെ ചിലചടങ്ങുകള്‍ നിലനിന്നിരുന്നു. അക്കാലങ്ങളില്‍ ഓണം തികച്ചും ഒരുദേശീയോത്സവമായിരുന്നു. മതപരമായും സാമൂഹികവുമായുള്ള പരിവേഷങ്ങള്‍ അതില്‍ പിന്നീടു വന്നു ചേര്‍ന്നിട്ടുള്ളതാണ്. എങ്കിലും അടിസ്ഥാനപരമായി ഓണം അന്നും ഇന്നും എന്നും ഒന്ന്തന്നെ. ഓണത്തിന്റെ ഉത്സവത്തെപ്പറ്റി ഒന്‍പതോളം വിഭിന്ന വാദങ്ങള്‍ നിലവിലുണ്ട്. ഇതിന്റെ മിഥോളജിയെപ്പറ്റിയും അനേകം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രാചീന അസീറിയ, ബാബിലോണിയ എന്നിവിടങ്ങളില്‍ നിന്ന് ഭാരതത്തിലേക്ക് വ്യാപിച്ച് ആന്ധ്രാപ്രദേശ്, കര്‍ണ്ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ കൊണ്ടാടിയിരുന്നതുമായ ഓണത്തിന്റെ അവശിഷ്ട സ്ഥാനമായി ഈകൊച്ചുകേരളം പരിണമിച്ചത് വളരെചിന്താര്‍ഹമാണ്. കേരളമനസ്സിന്റെ പൊതുസ്വഭാവ പഠനത്തിനതുപകരിക്കും. എന്നാല്‍ ‘മാനുഷരെല്ലാരുമൊന്നുപോല്‍’ ആകുന്ന ആസുദിനത്തെപ്പറ്റി പണ്ഡിതന്‍മാര്‍ പലതാകുന്നത് ഓര്‍ത്ത് നാം അധികം ചിന്താകുലരാകേണ്ടതില്ല. (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: