ബെംഗളൂരു : ‘മുഡ’ ഭൂമിയിടപാടുമായി ബന്ധപ്പെട്ട ആരോപണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ താവർചന്ദ് ഗഹ്‌ലോത് അനുമതി നൽകിയതിനെതിരേയുള്ള ഹർജി കർണാടക ഹൈക്കോടതി വിധിപറയാൻ മാറ്റി.
വിധിപറയുംവരെ സിദ്ധരാമയ്യയ്‌ക്കെതിരേ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിലുള്ള ഹർജികളിൽ നടപടി തടഞ്ഞുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധിയും നീട്ടി. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചിന്റേതാണ് നടപടി. ഗവർണറുടെ നടപടിയെ ചോദ്യംചെയ്ത് സിദ്ധരാമയ്യ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
ഭൂമികൈമാറ്റത്തിന് ‘മുഡ’യ്‌ക്ക് അധികാരം നൽകിയത് സിദ്ധരാമയ്യയല്ലെന്നും 2019-ലെ ബി.ജെ.പി. സർക്കാരാണെന്നും വ്യാഴാഴ്ച സിദ്ധരാമയ്യക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്‌വി കോടതിയിൽ വാദിച്ചു. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് ഭൂമി അനുവദിക്കാൻ ‘മുഡ’ നടപടിയെടുത്തതും 2019-ലെ സർക്കാർ ഉത്തരവ് പ്രകാരമാണെന്നും വാദിച്ചു.
അതേസമയം,കൂടുതൽഅന്വേഷിക്കേണ്ടതുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടതുകൊണ്ടാണ് സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാൻ അനുമതി നൽകിയതെന്ന് ഗവർണർക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു.
ഗവർണർക്ക് പരാതി നൽകിയ അഴിമതിവിരുദ്ധ പ്രവർത്തകൻ ടി.ജെ. അബ്രാഹിമിന്റെ പേരിൽ ഭീഷണിപ്പെടുത്തിയതിന് കേസെടുത്തിട്ടുള്ളതാണെന്ന് അഭിഷേക് മനു സിംഘ്‌വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: