അരിമ്പൂര്‍: പഞ്ചായത്തിന്റെ അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട ഭിന്ന ശേഷിക്കാരന് കെ.എസ്.ഇ.ബി. വക ഇരുട്ടടി. വെറും മൂന്നൂറ് രൂപയില്‍ താഴെ മാത്രം വൈദ്യതി ബില്‍ വന്നിരുന്ന അരിമ്പൂര്‍ എഴുത്തഛന് റോഡില്‍ താമസിക്കുന്ന കാട്ടിപ്പറമ്പില്‍ വസന്തകുമാറി (67) നാണ് ആറായിരം രൂപയുടെ ബാധ്യത വൈദ്യതി വകുപ്പ് നല്‍കിയത്. അവിവാഹിതനായ വസന്തകുമാര്‍ ഒറ്റക്കാണ് താമസം.
മാസങ്ങള്‍ക്ക് മുന്‍പ് ഇടിമിന്നലില്‍ വസന്തകുമാറിന്റെ മീറ്റര്‍ ബോര്‍ഡ് കേടുവന്നിരുന്നു. ലോട്ടറി വില്‍പ്പനക്കാരനായിരുന്ന ഇദ്ദേഹം കാലില്‍ പഴുപ്പ് കൂടിയതിനെ തുടര്‍ന്ന് പുറത്തിറങ്ങാനാകാതെ കഴിയുകയായിരുന്നു. ഈ സമയത്ത് 1400 രൂപയുടെ ആദ്യ ബില്ല് എത്തി. ആ തുക ഒരു വിധം അടച്ചുവെങ്കിലും കഴിഞ്ഞ മാസം ആറായിരം രൂപയുടെ മറ്റൊരു ബില്‍ കെ.എസ്.ഇ.ബി നല്‍കിയതോടെ വസന്തകുമാര്‍ ഞെട്ടി.
രണ്ടു ഫാനും രണ്ടു ബള്‍ബുമുള്ള തന്റെ വീട്ടില്‍ ഇത്ര ബില്‍ വന്നതിനെതിരെ കെ.എസ്.ഇ.ബി.യില്‍ പരാതി അറിയിച്ചപ്പോള്‍ മീറ്ററില്‍ നിന്ന് വൈദ്യുതി ഭൂമിയിലേക്ക് പ്രവഹിക്കുന്നത് മൂലമാണെന് മറുപടി കിട്ടി. എന്നാലും ചാര്‍ജ് അടക്കാതെ നിര്‍വാഹമില്ലെന്ന് കെ.എസ്.ഇ.ബി. ശഠിച്ചു. കാല് പഴുത്ത് പുറത്തിറങ്ങാന്‍ കഴിയാതെ ദുരിതത്തിലായ വസന്തകുമാറിന്റെ വീട്ടില്‍ വൈദ്യുതി വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി ഫ്യൂസ് ഊരി. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ സലിജ സന്തോഷിന്റെ നേതൃത്വത്തില്‍ കെഎസ്ഇബി എ.ഇ, വൈദ്യുതി വകുപ്പ് മന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്കി. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ അരിമ്പൂര്‍ കെഎസ്ഇബി സെക്ഷനിലെ ഉദ്യോഗസ്ഥര്‍ എത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു നല്കി. മാസം 1000 രൂപ തവണകളായി ആറുമാസംകൊണ്ട് അടച്ച് തീര്‍ക്കണം എന്നാണ് കെഎസ്ഇബിയുടെ നിര്‍ദ്ദേശം.
തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന വസന്തകുമാര്‍ കെഎസ്ഇബി നല്കുന്ന അധിക ബാധ്യത എങ്ങനെ പരിഹരിക്കും എന്ന ചിന്തയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: