ധാക്ക: നിസ്കാരത്തിനായി ദുര്‍ഗാപൂജ ചടങ്ങുകള്‍ നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദേശവുമായി ബംഗ്ലാദേശ് സര്‍ക്കാര്‍. നിസ്കാരത്തിന് അഞ്ച് മിനിട്ട് മുമ്പ് ദുര്‍ഗാപൂജാ ചടങ്ങുകളും ശബ്ദ സംവിധാനങ്ങളും നിര്‍ത്തിവെക്കണെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. രാജ്യത്തെ ക്രമസമാധാനം നിലനിര്‍ത്താനാണ് നിയന്ത്രണങ്ങളെന്ന് ആഭ്യന്തര കാര്യ ഉപദേഷ്ടാവ് ലഫ്. ജനറല്‍ (റിട്ട.) എം.ഡി. ജഹാംഗീര്‍ ആലം ചൗധരി അറിയിച്ചു.
ബംഗ്ലാദേശില്‍ ഹിന്ദു സമൂഹത്തിന്റെ ഏറ്റവും വലിയ മതപരമായ ആഘോഷമാണ് ദുര്‍ഗാപൂജ. ഇത് അലങ്കോലമാക്കാനുള്ള നീക്കമാണ് മുഹമ്മദ് യുനസ് സര്‍ക്കാരിേന്റത്. താലിബാന്റേതിന് സമാനമായ ഉത്തരവാണെന്നും ഇതിനെതിരെ പ്രതിഷേധിക്കുന്നതായും ഹിന്ദുസമൂഹം അറിയിച്ചു. അതിനിടെ ന്യായത്തിന്റേയും സമത്വത്തിന്റെയും അടിസ്ഥാനത്തില്‍ അയല്‍ രാജ്യമായ ഭാരതവുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് ബംഗ്ലാദേശ് ഇടക്കാല പ്രസിഡന്റ് മുഹമ്മദ് യൂനുസ് പറഞ്ഞു. ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് ഒരുമാസം പിന്നിട്ട വേളയില്‍ ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവേയാണ് ഈ പ്രസ്താവന.
ഇടക്കാല ഭരണത്തലവനായി സത്യപ്രതിജ്ഞ ചെയ്ത ശേഷം, ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കുമുള്ള വിദേശ നേതാക്കള്‍ തന്നെ ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. എല്ലാ അയല്‍ രാജ്യങ്ങളുമായും നല്ല ബന്ധമാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നതെന്ന് യൂനുസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: