കൊല്‍ക്കത്ത: ആര്.ജി കര് മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ രാജിസന്നദ്ധത അറിയിച്ചു മുഖ്യമന്ത്രി മമതാ ബാനര്‍ജി. സമരം ഒത്തുതീര്‍പ്പാക്കാന്‍ ഡോക്ടര്‍മാരെ നിരന്തരം ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും അവര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് മമത രാജി സന്നദ്ധത അറിയിച്ചത്.
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ ആവശ്യം നിരാകരിച്ചു. ഇതോടെ ചര്‍ച്ച വഴിമുട്ടി. ജൂനിയര്‍ ഡോക്ടര്‍മാരുമായുള്ള ചര്‍ച്ച വീഡിയോയില്‍ പകര്‍ത്തി സുപ്രീംകോടതി നിര്‍ദേശത്തോടെ കൈമാറാമെന്നാണു സര്‍ക്കാര്‍ നിലപാട്.
വ്യാഴാഴ്ച ഉച്ചക്ക് ചര്ച്ചയ്ക്കെത്താന് മമതാ ബാനര്‍ജി ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. രണ്ട് മണിക്കൂറിലേറെ മുഖ്യമന്ത്രി കാത്തിരിന്നിട്ടും ഡോക്ടര്‍മാര്‍ ചര്‍ച്ചക്ക് എത്തിയില്ല.തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മമത രാജി സന്നദ്ധത അറിയിച്ചത്.
പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളാണെന്ന് മമത പറഞ്ഞു. ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് രാജിക്ക് തയാറാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: