തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ശുദ്ധ അസംബന്ധമാണ് പ്രചരിപ്പിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാധ്യമങ്ങൾ വാർത്തകൾ സ്വയം സൃഷ്ടിക്കുകയാണ്. ആ വാർത്ത അനുസരിച്ച് പാർട്ടിയും സർക്കാരും നീങ്ങുന്നില്ലെങ്കിൽ എന്തോ വലിയ അപകടമാണ് നടക്കുന്നതെന്ന് വരുത്തിതീർക്കും. പ്രചരിപ്പിച്ച വാർത്തയും സർക്കാർ തീരുമാനവും തമ്മിൽ യോജിപ്പില്ലെന്നതാണ് വാസ്തവമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
എഡിജിപിക്കെതിരായി ഡിജിപിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കും. ഇതിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും. പി.വി അൻവർ എംഎൽഎ ഉന്നയിച്ച വിഷയങ്ങളിൽ അന്വേഷണം നടത്തും. ഉയർന്നുവന്ന എല്ലാ പ്രശ്നങ്ങളും അന്വേഷിക്കുമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ആരേയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനില്ല. ഉയർന്നുവന്ന എല്ലാ ആരോപണവും ഇപ്പോഴത്തെ അന്വേഷണത്തിലുണ്ട്. പാർട്ടിക്ക് കൃത്യമായ നിലപാടുണ്ട്. അതിനനുസരിച്ച് മുന്നോട്ട് പോവും. പി വി അൻവൻ രേഖാമൂലം ഒരു പരാതിയും ശശിക്കെതിരെ തന്നിട്ടില്ല. എഴുതി നൽകിയ ആരോപണമുണ്ടെങ്കിൽ അന്വേഷിക്കും. എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ എൽ.ഡി.എഫിൽ പ്രതിസന്ധിയില്ല. ഘടകകക്ഷികൾ എല്ലാവരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. കഴിഞ്ഞ ദിവസം നടന്ന മുന്നണി യോഗത്തിൽ ഒറ്റക്കെട്ടായി എല്ലാവരും ഒരുമിച്ചാണ് തീരുമാനമെടുത്തതെന്നും ഗോവിന്ദൻ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന എൽ.ഡി.എഫ് യോഗത്തിൽ എ.ഡി.ജി.പിക്കെതിരെ നടപടിയെടുക്കണമെന്ന് ഘടകകക്ഷികൾ ആവശ്യപ്പെട്ടുവെന്നാണ് വിവരം. എന്നാൽ, അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നുമുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: