തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രവും ക്ഷേത്ര സ്വത്തും ക്ഷേത്ര സംസ്‌കാരവും, ഹിന്ദുവിശ്വാസവും സംരക്ഷിക്കേണ്ട ദേവസ്വം ഭരണസമിതിയുടെ ക്ഷേത്രവിരുദ്ധ പ്രവര്‍ത്തനങ്ങളും നിലപാടുകളും കുറ്റകരവും വിശ്വാസികള്‍ക്ക് അപമാനകരവുമാണെന്ന് ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി. ക്ഷേത്ര സംസ്‌കാരത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അതിനെതിരെ മുഖംതിരിച്ച് മൗനാനുവാദം നല്കുകയാണ് ദേവസ്വം അധികൃതര്‍.
കഴിഞ്ഞ ദിവസം ക്ഷേത്രസങ്കേതത്തിലെ ദേവസ്വം കെട്ടിടത്തില്‍ മാംസം പാകം ചെയ്തതിനും, കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചതിനുമെതിരെ നടപടി എടുക്കാതിരുന്നത് ഇതിനുദാഹരണങ്ങളാണ്. ക്ഷേത്രത്തിന് സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതല ആണെന്നിരിക്കേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ക്ഷേത്രഭൂമി അനുവദിച്ച് കൊടുത്ത് ദേവന്റെ സ്വത്ത് അന്യാധീനപ്പെടുത്തുന്നതും പതിവായിരിക്കുന്നു.
കോടികള്‍ സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയതിനെതിരെയും കോടതി വ്യവഹാരം നടക്കുകയാണ്. കഴിഞ്ഞദിവസം ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചതുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെതിരെ ഉണ്ടായ ഹൈക്കോടതി വിധി ക്ഷേത്രേതര കാര്യങ്ങള്‍ക്ക് ക്ഷേത്രസ്വത്ത് ഉപയോഗിക്കരുത് എന്ന കാര്യം ഉറപ്പിക്കുകയാണ് ഉണ്ടായത്. സുരക്ഷയുടെ പേര് പറഞ്ഞ് ദേവസ്വം ഭൂമി അന്യാധീനപ്പെടുത്തുന്ന ബോര്‍ഡ് ദേവസ്വം കെട്ടിടങ്ങള്‍ ബിനാമി പേരില്‍ ലേലത്തില്‍ അനുവദിക്കുന്നത് ക്ഷേത്രവിരുദ്ധരായ അന്യമത അംഗങ്ങള്‍ക്കാണെന്ന കാര്യം ആശങ്ക ഉളവാക്കുന്നു. ക്ഷേത്ര വിരുദ്ധ പ്രവര്‍ത്തികള്‍ക്ക് മൗനാനുവാദം നല്കുകയും ചെയ്യുന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി വിശ്വാസികളെ വെല്ലുവിളിക്കുകയാണ്.
ഭക്തജനങ്ങള്‍, സംന്യാസി ശ്രേഷ്ഠര്‍, ഹിന്ദു സംഘടനകള്‍ എന്നിവരെ ഏകോപിപ്പിച്ച് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ക്ഷേത്രവിരുദ്ധ നിലപാടുകള്‍ക്കെതിരെ നിയമനടപടികള്‍ക്കും, ജനകീയ പ്രക്ഷോഭത്തിനും ഹിന്ദു ഐക്യവേദി നേതൃത്വം നല്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: