ആലപ്പുഴ: കലവൂര്‍ കോര്‍ത്തുശേരിയില്‍ കൊല്ലപ്പെട്ട എറണാകുളം കണയന്നൂര്‍ ഹാര്‍മണി ഹോംസ് ചക്കാല മഠത്തില്‍ സുഭദ്രയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. സുഭദ്രയുടെ ശരീരത്തിന്റെ രണ്ട് ഭാഗത്തെയും വാരിയെല്ലുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ പറയുന്നു. കൈ ഒടിച്ചത് കൊലപാതക ശേഷമാണെന്നാണ് നിഗമനം. ഇടത് കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ പറയുന്നു. ആന്തരിക അവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും.
കൊലപ്പെടുത്തിയ ദമ്പതികളുമായി സുഭദ്രയ്ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി സ്ഥിരീകരണം. ശര്‍മ്മിളയും സുഭദ്രയും തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ടെന്ന് ശര്‍മ്മിളയുടെ ഭര്‍ത്താവ് മാത്യൂസിന്റെ മാതാപിതാക്കള്‍ പോലീസിനോട് വ്യക്തമാക്കി. കടം വാങ്ങിയ പണം തിരികെ നല്കാത്തതിനാല് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായെന്നും മാതാപിതാക്കള്‍ പറയുന്നു. ഈ പണം തിരികെ ലഭിക്കാന്‍ സുഭദ്ര വീട്ടിലെത്തി ബഹളം വച്ചിരുന്നു. കാട്ടൂര്‍ സ്വദേശി മാത്യൂസും, ഭാര്യ ഉഡുപ്പി സ്വദേശി ശര്‍മ്മിളയും സ്ഥിരം മദ്യപരാണ്. കൊല്ലപ്പെട്ട സുഭദ്രയെ ആന്റി എന്നു പറഞ്ഞാണ് ശര്‍മ്മിള പരിചയപ്പെടുത്തിയത്. മദ്യപിച്ചാല്‍ ശര്‍മ്മിള വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്നും മാതാപിതാക്കള്‍ പറയുന്നു.
ശര്‍മ്മിളയും മാത്യൂസും വീടിനു പിറകുവശത്ത് മാലിന്യം നിക്ഷേപിക്കാനെന്ന പേരില്‍ നിര്‍മാണ തൊഴിലാളിയെ വിളിച്ചുവരുത്തി കുഴി എടുപ്പിച്ചിരുന്നു. ഈ സമയം പ്രായമായ സ്ത്രീയെ ആ വീട്ടില്‍ കണ്ടു എന്ന് നിര്‍മാണ തൊഴിലാളി മൊഴി നല്‍കിയിട്ടുണ്ട്.
കുഴി എടുത്തത് ആഗസ്ത് ഏഴിനാണ്. രണ്ട് ദിവസം കഴിഞ്ഞ് ബാക്കി പണം വാങ്ങാന്‍ വന്നപ്പോള്‍ കുഴി മൂടിയതായി കണ്ടു എന്നും നിര്‍മാണ തൊഴിലാളി മൊഴി നല്കി. ഇതോടെ ആഗസ്ത് എഴിനും പത്തിനും ഇടയിലാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം. പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍.
കൊലപാതകം ആസൂത്രിതമായാണ് നടപ്പിലാക്കിയതെന്നും കരുതുന്നു. കൊലപാതകത്തിന് മുന്‍പ് തന്നെ വീടിന് പിറകുവശത്ത് കുഴി എടുത്തുവെന്ന മൊഴി ഇതു സാധൂകരിക്കുന്നതാണ്. പ്രതികളെന്നു സംശയിക്കുന്ന ദമ്പതികള്‍ക്കായി അന്വേഷണസംഘം ഉഡുപ്പിയിലെത്തി അന്വേഷണം നടത്തുകയാണ്. പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഉഡുപ്പി സ്വദേശിയായ ശര്‍മിളയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: