ന്യൂദല്‍ഹി: സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിനെതിരെ ബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെ കുറ്റപ്പെടുത്തിക്കൊണ്ട് കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ നടത്തിയ വാദങ്ങളാണ് ജൂനിയര്‍ ഡോക്ടര്‍മാരെ ചൊടിപ്പിച്ചത്. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ വാദിച്ച കപില്‍ സിബലിനെ ജൂനിയര്‍ ഡോക്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു.
കപില്‍ സിബലിനെതിരെ ആഞ്ഞടിച്ച്കൊണ്ടുള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ വാര്‍ത്താസമ്മേളനം
ബംഗാളില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ മമത സര്‍ക്കാരിനെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ശക്തമായ സമരം നടത്തുകയാണ് ഈ സമരത്തിനെതിരെയാണ് കപില്‍ സിബല്‍ മമത സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ വാദിച്ചത്. തന്റെ വാദങ്ങളില്‍ കപില്‍ സിബല്‍ സമരത്തിലിരിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ കുറ്റപ്പെടുത്തിയിരുന്നു.
ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം മൂലം ജനങ്ങള്‍ മരിക്കുന്നു എന്നായിരുന്നു കപില്‍ സിബല്‍ നടത്തിയ വാദം. എന്നാല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം മൂലം മെഡിക്കല്‍ കോളെജുകള്‍ പ്രവര്‍ത്തിക്കാതിരിക്കുന്നില്ലെന്ന് സമരത്തിലുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു. മെഡിക്കല്‍ കോളെജുകളില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ വിശ്രമമില്ലാതെ സേവനം നല‍്കുന്നുണ്ട്. അതിനാല്‍ സമരം മൂലം ജനങ്ങള്‍ മരിയ്‌ക്കുന്ന സ്ഥിതിവിശേഷമില്ലെന്നും കപില്‍ സിബല്‍ നുണ പറയുകയായിരുന്നുവെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരോപിച്ചു.
ബംഗാളില്‍ ആകെ 245 സര്‍ക്കാര്‍ ആശുപത്രികളാണ് ഉള്ളത്. ഇതില്‍ മെഡിക്കല്‍ കോളെജുകള്‍ 26 എണ്ണം മാത്രമാണ്. ഇവിടുത്തെ ജൂനിയര്‍ ഡോക്ടര്‍മാരുടെ എണ്ണം 7500 മാത്രമാണ്. ബംഗാളില്‍ ആകെ 93000 രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാരുണ്ട്. ചെറിയ ഒരു വിഭാഗം മെഡിക്കല്‍ കോളെജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് സമരത്തിലുള്ളത്. അങ്ങിനെയിരിക്കെ എങ്ങിനെയാണ് കപില്‍ സിബല്‍ ആരോപിക്കുന്നത് പോലെ മുഴുവന്‍ ആരോഗ്യസംവിധാനങ്ങളും തകരുന്നത്? – ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു.
കപില്‍ സിബല്‍ എന്ന അഭിഭാഷകനിലൂടെ ജൂനിയര്‍ ഡോക്ടര്‍മാരെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയും സുപ്രീംകോടതിയെ വഴിതെറ്റിക്കുകയുമാണ് മമത സര്‍ക്കാരെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. മമതയുടെ സര്‍ക്കാര്‍ കപില്‍ സിബലിന്റെ വാദങ്ങളിലൂടെ സുപ്രീംകോടതിയില്‍ തെറ്റിദ്ധാരണകള്‍ പരത്തുകയാണ്. – ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക