തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്. അജിത് കുമാറിനെതിരെ ഉടന്‍ നടപടിയില്ല, ഘടക കക്ഷികള്‍ എ.ഡി.ജി.പിക്കെതിരെ നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും വിശ്വസ്തനെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയന്.
ബിനോയ് വിശ്വം, വര്‍ഗീസ് ജോര്‍ജ്, പി സി ചാക്കോ എന്നിവര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ശക്തമായി വാദിച്ചു. എന്നാല്‍, എഡിജിപി മാറ്റാന്‍ നടപടിക്രമം ഉണ്ടെന്നും ആരോപണങ്ങളില്‍ അന്വേഷണം കഴിയട്ടെയെന്നുമാണ് മുഖ്യമന്ത്രി നിലടപാടെടുത്തത്.
വിഷയം പ്രധാന ചര്‍ച്ചയായ നിര്‍ണായക എല്‍ഡിഎഫ് യോഗം ആരംഭിക്കുന്നതിനു മുന്നോടിയായി എന്‍സിപിയും ആര്‍ജെഡിയും അജിത് കുമാറിനെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. മുന്നണി യോഗത്തിനു മുന്‍പായി സിപിഎം-സിപിഐ നേതാക്കള്‍ ആശയവിനിമയം നടത്തി.
എ.ഡി.ജി.പിമാരെ മാറ്റുമ്പോള്‍ നടപടിക്രമം പാലിക്കേണ്ടതുണ്ടെന്നായിരുന്നു ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവിന്റെ പ്രതികരണം. മുമ്പ് നടപടി ക്രമം പാലിക്കാത്തതിനാല്‍ സെന്‍കുമാര്‍ കേസില്‍ സര്‍ക്കാറിനു തിരിച്ചടിയുണ്ടായതായും ആന്റണി രാജു ചൂണ്ടിക്കാട്ടി. ടി.പി. രാമകൃഷ്ണന് എല്‍.ഡി.എഫ് കണ്‍വീനറായശേഷം നടക്കുന്ന ആദ്യ യോഗമാണ് എ.കെ.ജി സെന്ററില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: