ഇരിങ്ങാലക്കുട: നഗരസഭ പൂതംകുളം വഴിയോര വിശ്രമകേന്ദ്രം പൂട്ടി. ഷൊര്‍ണ്ണൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് ചെന്ന് ചേരുന്ന ജങ്ഷനില്‍ നഗരസഭയുടെ പൂതംക്കുളം ഷോപ്പിങ് കോംപ്ലക്സിന് അടുത്തായി 20 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച വഴിയോര വിശ്രമ കേന്ദ്രമാണ് പ്രവര്‍ത്തനം തുടങ്ങി അഞ്ച് മാസത്തിനുള്ളില്‍ പൂട്ടിയത്.
വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ പാഴായെന്നുമുള്ള ആക്ഷേപം ഉയര്‍ന്നതും സംസ്ഥാനപാത കോണ്‍ക്രീറ്റിങ്ങ് പ്രവൃത്തിയുടെ ഭാഗമായി പൂതംകുളം മുതല്‍ ക്രൈസ്റ്റ് കോളജ് ജങ്ഷന് വരെ ഗതാഗത നിയന്ത്രണം വന്നതും തിരിച്ചടിയായി. വിശ്രമകേന്ദ്രത്തിലേക്കും ഭക്ഷണശാലയിലേക്കും ആരും കടക്കാതായതോടെ കരാറുകാരന് കേന്ദ്രത്തിന് ഷട്ടറിടുകയായിരുന്നു.
വഴിയോരങ്ങളില്‍ പൊതു ടോയ്ലറ്റുകള് അടങ്ങുന്ന വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് രണ്ട് നിലകളിലായി എഴ് ടോയ്ലറ്റുകളും ബാത്ത്റൂമും വിശ്രമമുറിയുമടങ്ങുന്ന കെട്ടിടം നിര്‍മ്മിച്ചത്. താഴത്തെ നിലയില്‍ സ്ത്രീകള്‍ക്കായി മൂന്ന് ടോയ്ലറ്റുകളും ബാത്ത്റൂമും ഫീഡിംഗ് മുറിയും കഫറ്റേരിയയും മുകളില്‍ പുരുഷന്മാര്ക്ക് നാല് ടോയ്ലറ്റുകളും വിശ്രമമുറിയുമാണ് ഒരുക്കിയിരിക്കുന്നത്. കോഫി ഷോപ്പും റിഫ്രഷ്മെന്റ് സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിട്ടിരുന്നു. 2022 ഡിസംബര്‍ നാലിന് ഉദ്ഘാടനം ചെയ്ത പദ്ധതിക്ക് നഗരസഭ നിശ്ചയിച്ച വാടകയ്ക്ക് ഏറ്റെടുക്കാന്‍ ആളില്ലാതായതിനെ തുടര്‍ന്ന് മാസങ്ങളോളം അടച്ചിട്ടു.
ഒരു വര്‍ഷത്തേക്ക് പത്തരലക്ഷം രൂപയാണ് വാടക നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലേലത്തിലും പുനര്‍ലേലത്തിനും ഈ തുകയ്ക്ക് ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ നേരത്തെ നിശ്ചയിച്ചതില്‍ നിന്നും കുറച്ച് അഞ്ച് ലക്ഷം വാടക നിശ്ചയിച്ച് കരാര്‍ നല്‍കിയാണ് കഴിഞ്ഞ ഏപ്രിലില്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ വഴിയോര വിശ്രമകേന്ദ്രത്തിലെ ടോയ്ലറ്റുകള് ആരും ഉപയോഗിച്ചിരുന്നില്ല. കോഫിയും ലഘുഭക്ഷണങ്ങളുമായി തുടങ്ങിയ കോഫിഷോപ്പിലേക്കും ആളുകള്‍ എത്താതായതോടെയാണ് അത് മാറ്റി വൈകുന്നേരങ്ങളില്‍ തട്ടുകടയാക്കിയതെന്ന് കരാറുകാരന് പറഞ്ഞു.
എന്നാല്‍ കെട്ടിടത്തിന്റെ കാഴ്ച മറച്ച് കൊണ്ടായിരുന്നു ഭക്ഷണശാലയുടെ പ്രവര്‍ത്തനമെന്നും ഇതുമൂലം പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ പാഴായിയെന്നും ആക്ഷേപമുയര്‍ന്നു. ഇതിനിടെ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങളും വന്നതോടെ തട്ടുകടയിലെ കച്ചവടവും നിലച്ചു. റോഡുപണി തുടങ്ങിയിട്ടും ഒന്ന് രണ്ട് ദിവസം തുറന്നെങ്കിലും ആരും വരാതായതോടെ കരാറുകാരന് വിശ്രമകേന്ദ്രം അടച്ച് നഗരസഭയെ സമീപിച്ച് കരാറില്‍ നിന്നും പിന്മാറുകയാണെന്ന് അറിയിച്ച് കത്തുനല്‍കി.
2025 മാര്‍ച്ച് 31 വരെ കരാര്‍ കാലാവധി ഉണ്ടെങ്കിലും ഇനി തുറക്കാന്‍ താല്പര്യമില്ലെന്നും കരാറുകാരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: