കേരളത്തിന്റെ കാര്യം നോക്കിയാല്‍ വ്യക്തമാകുന്ന കാര്യമുണ്ട്. വെള്ളം വെള്ളം സര്‍വ്വത്ര എന്നതാണത്. 44 നദികളും കുളങ്ങളും തോടുകളും കായലുകളും കടല്‍ കരകളും കൊണ്ടു നിറഞ്ഞ കേരളത്തിന് ജലക്ഷാമമോ? ആരെങ്കിലും വിശ്വസിക്കുമോ! ജലമാണ് ജീവന്‍. ജലമില്ലെങ്കില്‍ ജീവനില്ല എന്ന മുദ്രാവാക്യം മുഴുക്കുന്ന കേരളത്തിന്റെ തലസ്ഥാനത്ത് അഞ്ചാറു ദിവസം കുടിവെള്ളം മുട്ടിയതിന്റെ പേരില്‍ തുടങ്ങിയ വിവാദം ഇനിയും കെട്ടടിങ്ങിയിട്ടില്ല. തലസ്ഥാനത്തെ കോര്‍പ്പറേഷനിലെ പകുതിയോളം വാര്‍ഡുകളിലെ ജനങ്ങളാണ് ഭരണക്കാരുടെ പിടിപ്പുകേടുമൂലം പൊറുതിമുട്ടിയത്. സര്‍ക്കാരിന്റെ അനാസ്ഥയും കോര്‍പ്പറേഷന്റെ പിടിപ്പുകേടും മൂലമുണ്ടായ ജല വിതരണം മുടങ്ങിയത് ആദ്യ അനുഭവമല്ല. ഇത്തവണ പ്രഖ്യാപിച്ച സമാന്തര ജലവിതരണ പദ്ധതികളെല്ലാം താളം തെറ്റി. ജനങ്ങള്‍ കാത്തിരുന്നു മടുത്തു. മന്ത്രിമന്ദിരങ്ങളിലേക്കും സമ്പന്നമായ ഫഌറ്റുകളിലേക്കും ജലവിതരണ വാഹനങ്ങള്‍ നിരന്തരമോടിയെങ്കിലും സാധാരണക്കാരുടെ വീടുകളിലേക്ക് തിരിഞ്ഞുനോക്കിയില്ല. തലസ്ഥാന ജില്ലയാകുമ്പോള്‍ വമ്പന്മാരുടെ താവളമാണല്ലോ. അവരൊക്കെ ഫോണ്‍ ചെയ്ത് വെള്ളം സംഭരിക്കുമ്പോള്‍ വണ്ടികള്‍ നിരന്തരം അങ്ങോട് ഓടിക്കൊണ്ടിരിക്കും.
അരുവിക്കരയില്‍ നാലും പിടിപി നഗറിലും വെള്ളയമ്പലത്തും ഒന്നുവീതം പ്ലാന്റുകളാണ് വാട്ടര്‍ അതോറിറ്റിക്കുള്ളത്. അരുവിക്കര ഡാമില്‍ 46.3 മീറ്റര്‍ ജലനിരപ്പുണ്ടെങ്കിലേ പമ്പിങ്ങ് നടത്താനാകൂ. ശുദ്ധജല വിതരണത്തിനുള്ള തടയണ എന്ന വിശേഷണം മാത്രമാണ് അരുവിക്കര ജലസംഭരണിക്കുള്ളത്. നഗരത്തിലെ ജലക്ഷാമം തീര്‍ക്കാന്‍ ഈ പദ്ധതിക്കേ സാധിക്കൂ. അരുവിക്കരയില്‍ നിന്ന് നഗരത്തിലേക്ക് ജലമെത്തിക്കുന്ന 4 വലിയ പൈപ്പ് ലൈനുകളില്‍ ഭൂരിഭാഗവും ഏതാണ്ട് നൂറുവര്‍ഷം തികയാറായി. 90 വര്‍ഷം പിന്നിട്ടു.
ജലവിതരണം തടസ്സപ്പെടുന്നത് ഉള്‍പ്പെടെ ജല അതോറിറ്റിയുടെ പരാതികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. പക്ഷേ അതിന്റെ പ്രവര്‍ത്തനം താളം തെറ്റി. സ്ഥിതിഗതികള്‍ ഇങ്ങനെ ഇരിക്കെയാണ് പൈപ്പ് മാറ്റല്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തികള്‍ നടക്കുമ്പോള്‍ പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രിയുടെ പ്രഖ്യാപനം. അതുപറഞ്ഞാല്‍ മതിയോ. ഫലപ്രദമാകണ്ടെ? കേരളത്തിനൊരു ജലനയം ആവിഷ്‌കരിച്ചതായി അവകശവാദമുണ്ട്. എന്ത് നയം ഉണ്ടെങ്കിലും കേരളത്തില്‍ വെള്ളംമുട്ടിക്കുന്ന നടപടികള്‍ മനഃപൂര്‍വമോ അല്ലാതെയോ നിരന്തരമുണ്ടാകുന്നു. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടിയിട്ടും തിരുവനന്തപുരം കോര്‍പ്പറേഷന്‍ അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല എന്നു പരാതിയുണ്ട്. റെയില്‍പ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പൈപ്പ് ലൈന്‍ അലൈന്‍മെന്റ് മാറ്റുന്ന പണികള്‍ക്കായി നഗരത്തിലേക്കുള്ള ജലവിതരണം നിര്‍ത്തിവച്ചതാണ് കുടിവെള്ള പ്രശ്നത്തിനു കാരണം. ജലക്ഷാമം നേരിടുന്നതില്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പരാജയപ്പെടുകയും ചെയ്തതോടെ വലയുകയാണ് ജനം. നഗരസഭയിലെ 33 വാര്‍ഡുകളില്‍ പൂര്‍ണമായും 12 വാര്‍ഡുകളില്‍ ഭാഗികമായും ശുദ്ധജലമില്ലാതായി.
സെക്രട്ടേറിയറ്റിലും കുടിവെള്ളം മുടങ്ങി. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ സെക്രട്ടറിയേറ്റിലെ മിക്ക ഓഫീസുകളിലും ഒരു തുള്ളി വെള്ളമില്ലാത്ത അവസ്ഥയായി. ടോയ്‌ലെറ്റുകളിലും ക്യാന്റീനുകളിലും വെള്ളം ലഭിച്ചില്ല. തിരുവനന്തപുരം നാഗര്‍കോവില്‍ പാതയിരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നേമം, ഐരാണിമുട്ടം ഭാഗത്ത് നിന്നുള്ള ട്രാന്‍സ്മിഷന്‍ പൈപ്പ് ലൈന്‍ അലൈന്‍മെന്റ് മാറ്റുന്ന പണി മൂലമാണ് സെക്രട്ടറിയേറ്റില്‍ അടക്കം ജലവിതരണം മുടങ്ങിയത്. ശനിയാഴ്ച ഉച്ചയ്‌ക്ക് മുമ്പ് പ്രശ്‌നം പരിഹരിക്കാനാകുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞിരുന്നുവെങ്കിലും ഞായറാഴ്ചയും തിങ്കളാഴ്ചയും ജലവിതരണം പൂര്‍ണമായില്ല. കൂടാതെ അറ്റകുറ്റപ്പണിക്കായി അരുവിക്കരയിലെ ഒരു പ്ലാന്റ് താത്കാലികമായി പൂട്ടിയതു ജനത്തിന്റെ ദുരിതം വര്‍ധിപ്പിച്ചു. ജലവിതരണ തടസ്സം സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് ജല അതോറിറ്റി നല്‍കിയില്ലെന്നും പരാതിയുണ്ട്. അരുവിക്കര പ്ലാന്റ് പമ്പിങ് പുനരാരംഭിച്ചെങ്കിലും പൈപ്പ് ലൈന്‍ അലൈന്‍മെന്റ് മാറ്റുന്ന ജോലികള്‍ പൂര്‍ത്തിയായിട്ടില്ല. റെയില്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കിള്ളിപ്പാലം സിഐടി റോഡ്, കുഞ്ചാലുംമൂട് എന്നിവിടങ്ങളിലാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്.
അനിശ്ചിതമായി നീളുന്ന ഈ പ്രക്രിയമൂലം പലരും നാടുവിട്ടുപോകുന്ന സ്ഥിതിയായി. തിരുവനന്തപുരം നഗരവികസന പ്രവര്‍ത്തനം നടക്കുന്നതുമൂലവും പല സ്ഥലത്തും ദിവസങ്ങളോളം ജലവിതരണം മുടങ്ങി. വെള്ളമില്ലായ്മയുടെ കെടുതി അത് അനുഭവിച്ചവര്‍ക്കേ അറിയൂ. ഇതിനിടയിലാണ് കുപ്പിവെള്ളം വില്പനക്കാരുടെ കൊയ്‌ത്ത്. നഗരസഭയുടെ കുടിവെള്ള വിതരണവണ്ടികള്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ടെങ്കിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കതുകൊണ്ടൊന്നും പരിഹാരമുണ്ടായിട്ടില്ല. ഉത്സവകാലമായതോടെ ജലവിതരണം മുടങ്ങിയാല്‍ അതിന്റെ കെടുതി ഇരട്ടിയാണ്. ശുദ്ധജലവിതരണം തുടങ്ങി എന്ന് വീമ്പടിക്കുന്നുവെങ്കിലും പലേടത്തും വെള്ളം വരുന്നത് നൂലുപോലെ. ഉയര്‍ന്ന പ്രദേശങ്ങളിലും വീടുകളുടെ മുകളിലെ നിലകളിലും വെള്ളം ലഭിച്ചു തുടങ്ങിയിട്ടില്ല. പൈപ്പ്‌ലൈന്‍ മാറ്റല്‍ മാത്രമല്ല സംസ്ഥാനത്ത് പല സ്ഥലത്തും ജല വിതരണം നിരന്തരം മുടങ്ങുന്നു. ഇത് നിരന്തരസംഭവമായി മാറുന്നു. ഇതിനൊരു ശാശ്വത പരിഹാരമില്ലെങ്കില്‍ എന്ത് നയം പറഞ്ഞിട്ടും കാര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: