ബെംഗളൂരു: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലുണ്ടായ 250ഓളം പ്രകമ്പനങ്ങള്‍ രേഖപ്പെടുത്തി വിക്രം ലാന്‍ഡര്‍. ലാന്‍ഡറിലെ ഇന്‍സ്ട്രുമെന്റ് ഫോര്‍ ലൂണാര്‍ സീസ്മിക് ആക്ടിവിറ്റി (ഐഎല്‍എസ്എ) രേഖപ്പെടുത്തിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ പ്രകമ്പനങ്ങളാണ് ഇവ.
ഏറ്റവുമൊടുവിലായി വിക്രം ലാന്‍ഡര്‍ 2023 ആഗസ്ത് 24 മുതല്‍ സപ്തം. നാല് വരെയുള്ള സമയത്ത് ഭൂകമ്പത്തിന് സമാനമായ 250 പ്രകമ്പന സിഗ്നലുകളാണ് രേഖപ്പെടുത്തിയത്. പ്രഗ്യാന്‍ റോവറിന്റെയും മറ്റ് പേലോഡുകളുടെയും ചലനങ്ങളും ഡാറ്റകളും ഈ പേലോഡ് പിടിച്ചെടുത്തതായി ഐഎസ്ആര്‍ഒ നേരത്തെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി ഒരു വര്‍ഷം പിന്നിട്ടിട്ടും ലാന്‍ഡറും റോവറും പങ്കുവച്ച വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ ഇപ്പോളും പഠനവിധേയമാക്കുകയാണ്.
ഐഎല്‍എസ്എ രേഖപ്പെടുത്തിയ 250 പ്രകമ്പന സിഗ്നലുകളില്‍ ഏകദേശം 200 എണ്ണം റോവറിന്റെ ചലനങ്ങളോ ആല്‍ഫ പാര്‍ട്ടിക്കിള്‍, എക്സ്-റേ സ്പെക്ട്രോമീറ്റര്‍ (എപിഎക്സ്എസ്), ചാസ്തെ തെര്‍മല്‍ പ്രോബ് തുടങ്ങിയ ശാസ്ത്രീയ ഉപകരണങ്ങളുടെ ചലനവുമായോ ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇതില്‍ അന്‍പതോളം പ്രകമ്പനങ്ങള്‍ ഇവയില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ദൗത്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ ഇത് വിശദമാക്കാന്‍ സാധിക്കുന്നില്ലെന്നും ഭൂമികുലുക്കത്തിന് സമാനമായ പ്രകമ്പനങ്ങളിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്നും ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു.
പ്രകമ്പനങ്ങളില്‍ മിക്കതും ഹ്രസ്വമായിരുന്നു. മറ്റ് ചിലത് വന്‍ പൊട്ടിത്തെറികളായിരുന്നു. മറ്റ് ചിലത് ദൈര്‍ഘ്യമേറിയതായിരുന്നു. ഈ സിഗ്നലുകളുടെ ആവൃത്തി ഒരു ഹെര്‍ട്സ് മുതല്‍ 50 ഹെര്‍ട്സ് വരെയാണ്. ചില സമയങ്ങളില്‍ ആവൃത്തി 94 ഹെര്‍ട്സ് വരെയെത്തി. സങ്കീര്‍ണമായ കാരണങ്ങള്‍ കൊണ്ടാകാം ഇതെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ചാന്ദ്രോപരിതലത്തിലെ പ്രകമ്പനങ്ങളെ കുറിച്ച് നിരവധി സിദ്ധാന്തങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ചന്ദ്രോപരിതലത്തിലെ കമ്പനങ്ങളുടെ ആഘാതമാകാമെന്നാണ് ആദ്യത്തെ അനുമാനം. ചാന്ദ്രദിനത്തിലെ താപനിലയാകാം മറ്റൊരു കാരണം. താപനില മണ്ണിന്റെ വികാസത്തെയും സങ്കോചത്തെയും സ്വാധീനിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ പ്രകമ്പനങ്ങളെ കുറിച്ച് ചന്ദ്രനില്‍ നിന്നുള്ള ആദ്യത്തെ വിവരമാണ് ചന്ദ്രയാന്‍-3 ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. ഇത് ചന്ദ്രന്റെ ആന്തരികഘടന മനസിലാക്കുന്നതില്‍ നിര്‍ണായകമാകും ഈ റിപ്പോര്‍ട്ടെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: