India

ഗോശാലയിൽ ഒരു രാത്രി ചത്തത് 20 പശുക്കൾ ; 10 പശുക്കളുടെ നില ഗുരുതരം ; സംഭവത്തിൽ അടിമുടി ദുരൂഹത

ഒരേസമയം നിരവധി പശുക്കൾ ചത്തത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്

Published by

പാലംപുർ : ഫരീദാബാദിലെ ഗോശാലയിൽ തിങ്കളാഴ്ച 20 ഓളം പശുക്കൾ സംശയാസ്പദമായ സാഹചര്യത്തിൽ ചത്തു. കൂടാതെ 10 പശുക്കളുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു.

ഹരിയാനയിലെ ഉഞ്ച ഗ്രാമത്തിലെ നന്ദിഗ്രാം ഗൗശാലയിൽ ഇവ ചത്തതിന്റെ കാരണം വ്യക്തമല്ലെന്നും പശുക്കളുടെ പോസ്റ്റ്‌മോർട്ടം നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അവശനിലയിലായ പശുക്കളെ ഡോക്ടർമാരുടെ സംഘം ചികിത്സിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രി 8.30 വരെ പശുക്കൾ എല്ലാം സുഖമായിരിക്കുന്നുവെന്ന് ഗോശാലയിലെ ജോലി കൈകാര്യം ചെയ്ത രൂപേഷ് യാദവ് പറഞ്ഞു. പിറ്റേന്ന് പുലർച്ചെ അഞ്ച് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് ഗേറ്റിന് സമീപം നാല് പശുക്കൾ ചത്ത നിലയിൽ കിടക്കുന്നത് കണ്ടത്.

അകത്ത് പരിശോധിച്ചപ്പോൾ കൂടുതൽ പശുക്കൾ ചത്തതായി കണ്ടെത്തി. തുടർന്ന് വെറ്ററിനറി ഡോക്ടർ ദീപക് ആര്യ സൺപേഡ് ഗ്രാമത്തിൽ നിന്ന് ഗൗശാലയിലെത്തി പശുക്കളെ പരിശോധിച്ചു. ഇരുപതോളം പശുക്കൾ ചത്തതായും 10 പശുക്കൾ ഗുരുതരാവസ്ഥയിലാണെന്നും ആര്യ പറഞ്ഞു.

രോഗം ബാധിച്ച പശുക്കളുടെ ചികിത്സ തിങ്കളാഴ്ച വൈകുന്നേരവും തുടർന്നു. പശുക്കൾ എങ്ങനെയാണ് ചത്തത് എന്നതിനെക്കുറിച്ച് ഒന്നും പറയാനാകില്ലെന്നും ആര്യ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ ഇക്കാര്യം വ്യക്തമാകൂ. എന്നാൽ ഒരേസമയം നിരവധി പശുക്കൾ ചത്തത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് ചില പശുക്കൾക്ക് മൂക്കിൽ അണുബാധ ബാധിച്ചതായി വെറ്ററിനറി ഡോക്ടർ പറഞ്ഞു. തണുപ്പ് മൂലം പശുക്കളും മരിക്കാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശുക്കൾ ചത്തതിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ആദർശ് നഗർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഇൻസ്പെക്ടർ അമിത് കുമാർ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by