വെല്ലുവിളികളെ വെല്ലുവിളിച്ചു കീഴടക്കുന്ന കാഴ്ചയാണ് പാരിസ് പാരാലിംപിക്സില്‍ ഭാരത ടീം നമുക്ക് സമ്മാനിച്ചത്. ഏഴു സ്വര്‍ണം അടക്കം 29 മെഡലുകള്‍ എന്ന റെക്കോര്‍ഡ് നേട്ടത്തോടെ അവര്‍ രാജ്യത്തെ പൊന്തിലകമണിയിച്ചുകഴിഞ്ഞു. ശാരീരിക വെല്ലുവിളി നേരിടുന്നവരാണ് ദിവ്യാംഗര്‍. അവരുടെ ലോക പോരാട്ടവേദിയായിരുന്നു പാരിസിലെ പാരാലിംപിക്സ്. ഒളിംപിക്സിനോളംതന്നെ വിലമതിക്കുന്ന കായിക മേള. നാലുവര്‍ഷം മുന്‍പു ടോക്കിയോയില്‍ നേടിയ അഞ്ചു സ്വര്‍ണമടക്കം 19 മെഡല്‍ നേട്ടത്തേയാണു ഇത്തവണ ഭാരതം മറികടന്നത്. മെഡല്‍ സംഖ്യയ്ക്ക് ഒപ്പമോ അതിനും അപ്പുറമോ പ്രാധാന്യമുള്ളതാണ് ആ വിജയം നല്കുന്ന ആത്മവിശ്വാസവും ഉണര്‍വും. ഭാരത കായിക രംഗത്തിനു കിട്ടിയ പുത്തന്‍ ഉത്തേജനമാണ് ഈ നേട്ടം. സ്വര്‍ണത്തിലേയ്ക്ക് എത്താന്‍ കഴിയാതെയാണ് ഭാരതത്തിന്റെ ഒളിംപിക് ടീം ഏതാനും ആഴ്ച മുന്‍പ് പാരിസില്‍ നിന്നു മടങ്ങിയത് എന്ന് ഓര്‍ക്കുമ്പോള്‍, ഈ സംഘത്തിന്റെ നേട്ടം ഇരട്ടി പ്രകാശം പരത്തുന്നു. ഹോക്കിക്ക് അപ്പുറമുള്ള ഒരു ഒളിംപിക് മെഡലിനു വേണ്ടി സ്വതന്ത്ര ഭാരതം ഏറെക്കാലം കാത്തിരുന്നു. അവസാനം ഭാരോദ്വഹനത്തിലൂടെ ആദ്യ മെഡലും ഷൂട്ടിങ്ങിലൂടെ ആദ്യ സ്വര്‍ണവും കൈവന്നിട്ടും അത്ലറ്റ്ക്സിലെ മെഡലിനായി കാത്തിരിപ്പു തുടര്‍ന്നു. ആദ്യ അത്ലറ്റിക് മെഡല്‍ നാലുവര്‍ഷം മുന്‍പ് ടോക്കിയോയില്‍ നീരജ് ചോപ്രയുടെ സ്വര്‍ണ വിജയത്തോടെ യാഥാര്‍ഥ്യമായെങ്കിലും ഇത്തവണ പാരിസില്‍ ആ സ്വര്‍ണം വെള്ളിയിലേയ്ക്കു താഴ്ന്നു. അപ്പോഴും ഹോക്കിയടക്കം പല ഇനങ്ങളിലും ലോകനിലവാരത്തിലെത്താന്‍ നമുക്കു കഴിഞ്ഞു എന്നത് വരുംകാല നേട്ടങ്ങളിലേയ്ക്കുള്ള കുതിപ്പു പലകയാണ്. അവിടെ തീര്‍ച്ചയായും ഈ പാരാലിംപിക്സ് മെഡലുകള്‍ അതിന്റേതായ ശൈലിയില്‍ ഉണര്‍വു പകരുമെന്നതിനു സംശയമില്ല.
ശാരീരികവും മാനസികവും ബൗദ്ധികവുമായ പോര്വേദികളാണ് കളിക്കളങ്ങള്‍. ലക്ഷ്യബോധവും വിജയ തൃഷ്ണയും പോരാട്ടമികവും സമം ചേര്‍ത്ത മിശ്രിതമാണ് ഏതൊരു വിജയത്തിന്റേയും അടിത്തറ. വെല്ലുവിളികളെ മറികടക്കാന്‍ കളിക്കാര്‍ക്കു പ്രാപ്തി നല്‍കുന്നത് ഈ മിശ്രിതം തന്നെ. ദിവ്യാംഗര്‍ക്ക് ശാരീരിക വെല്ലുവിളികളേയുംകൂടി കീഴടക്കേണ്ടിവരുന്നു. അവിടെ നിശ്ചയദാര്‍ഢ്യമാണ് അവരുടെ തുറുപ്പു ചീട്ട്. ജീവിതത്തില്‍ പലമേഖകളിലും കൈവരിക്കുന്ന വിജയങ്ങള്‍ മറ്റൊരു ശൈലിയില്‍ അവര്‍ കളിക്കളത്തിലും നടപ്പാക്കുന്നു. ജന്മനാലുള്ള ശാരീരിക പ്രശ്നങ്ങള്‍ക്കു പുറമെ അപകടങ്ങളിലും മറ്റുമായി സംഭവിച്ചവയും പലരുടേയും ജീവിതത്തെ വഴിതിരിച്ചു വിടാറുണ്ട്. പക്ഷേ, ആ പാതയും വിജയത്തിലേയ്ക്കുള്ളതാക്കാന് അവര്‍ക്കു കഴിയുന്നത് പതാറാത്ത ആത്മവിശ്വാസവും അതുവഴി കണ്ടെത്തുന്ന പുത്തന്‍ ലക്ഷ്യബോധവും വഴിയാണ്. ജീവിതത്തിലെ അത്തരം വിജയങ്ങളുടെ മറ്റൊരു പതിപ്പാണ് കളിക്കളങ്ങളില്‍ അവര്‍ കൈവരിക്കുന്നത്. ആ നേട്ടങ്ങള്‍ അവര്‍ക്കു മാത്രമല്ല, സമൂഹത്തിനാകെ പ്രതീക്ഷയും ആത്മവിശ്വാസവും പകരാന്‍ പോന്നതാണ്. ഒരു വീഴ്ചയില്‍ അരയ്ക്കു താഴെ തളര്‍ന്നുപോയ ധരംവീര്‍ നേടിയ സ്വര്ണവിജയം ആ താരത്തിന്റെ ജീവിത കഥയറിഞ്ഞവര്ക്കു നല്കുന്ന ആത്മവിശ്വാസം എത്ര വലുതായിരിക്കും! വാഹനാപകടത്തില്‍ ഒരു കാല് മുറിക്കപ്പെട്ട സുമിത് ആന്റില്‍, കൃത്രിമക്കാലിന്റെ സഹായത്തോടെയാണ് ജാവലിന്‍ ത്രോയില്‍ തുടര്‍ച്ചയായി രണ്ടാം സ്വര്‍ണം നേടിയത്. കാറപകടത്തില്‍ അരയ്ക്കു താഴെ ചലനശേഷി നഷ്ടമായ അവനി ലെഖാര, അപകടത്തില്‍ കാല്‍പ്പാദം നഷ്ടപ്പെട്ട മാരിയപ്പന് തങ്കവേലു, രോഗം മൂലം കാലുകള്‍ക്കു ചലനശേഷി നഷ്ടമായ ഹര്‍വിന്ദര്‍ തുടങ്ങിയവരെല്ലാം വിധിയെ കീഴടക്കി വിജയം എത്തിപ്പിടിച്ചവരാണ്. ആത്മവിശ്വാസം തുളുമ്പുന്ന അവരുടെ പോരാട്ടം കളിക്കളത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ലല്ലോ. അവരുടെ ജീവിതം തന്നെ വെല്ലുവിളികള്‍ക്കെതിരായ പോരാട്ടമാണ്. ഓരോ വിജയവും നമുക്കു നല്കുന്ന ഏറ്റവും വിലപിടിച്ച സംഭാവനയും അതു തന്നെയാണ്. അതു ജീവിത വിജയത്തിനുള്ള പാ
ഠപുസ്തകമാണ്.
പാരാ സ്പോര്‍ട്സിന് നാം കാര്യമായ അംഗീകാരവും പ്രോത്സാഹനവും നല്കാന് തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. ഈ കാലത്തിനിടയില്‍ ഇത്രമാത്രം വിജയം എത്തിപ്പിടിക്കാന്‍ നമ്മുടെ താരങ്ങള്‍ക്കു കഴിയുന്നെങ്കില്‍ അതിനര്‍ഥം ഇനിയും വലിയ വിജയങ്ങള്‍ നമ്മേക്കാത്ത് ഇരിപ്പുണ്ടെന്നു തന്നെയാണ്. സമസ്ത കായിക മേഖലയ്ക്കുമുള്ളൊരു ഉണര്‍ത്തുപാട്ട് ആകട്ടെ ഈ സുവര്‍ണ നേട്ടങ്ങള്‍. ഭാരതത്തെ മെഡലണിയിച്ച എല്ലാ താരങ്ങള്‍ക്കും അഭിനന്ദനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: