വാഷിങ്ടണ്‍: അമേരിക്കയില്‍ രാജ്യവിരുദ്ധ പ്രസംഗം നടത്തി വീണ്ടും പ്രതിപക്ഷ നേതാവ് രാഹുല്‍. ഭാരതത്തില്‍ തൊഴിലില്ലായ്മയുണ്ട്. എന്നാല്‍ ചൈനയില്‍ അതില്ല. വിയറ്റ്നാമിലും തൊഴിലില്ലായ്മ പ്രശ്നം ഇല്ല. ചൈന ആഗോള ഉത്പാദന കേന്ദ്രമാണെന്നും അതിനാല്‍ തൊഴിലില്ലായ്മ ഇല്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അതേസമയം ഉത്പാദന രംഗത്ത് ഭാരതത്തിന്റെ നയങ്ങള്‍ പരാജയമാണെന്ന് യുഎസിലെ ടെക്സാസില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കവെ രാഹുല്‍ പറഞ്ഞു.
സാമ്പത്തികശക്തിയായി മൂന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന ഭാരതത്തിന്റെ ഉത്പാദന മേഖലയെ കഴിവ് കെട്ടതെന്നാണ് രാഹുല്‍ വിമര്‍ശിച്ചത്. സാമ്പത്തിക മേഖലയില്‍ രാജ്യത്തിന് ഒരിക്കലും 4.1 ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കാന്‍ സാധിക്കില്ലെന്ന തെറ്റായ പരാമര്‍ശവും കോണ്‍ഗ്രസ് നേതാവ് നടത്തി.
ആര്‍എസ്എസ് പ്രചരിപ്പിക്കുന്നത് പോലെ ഭാരതം ഒരു രാജ്യമെല്ലെന്നും വിവിധ മേഖലകളുടെ കൂടിച്ചേരലാണെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാന്‍ വിഘടനവാദികള്‍ ഉപയോഗിക്കുന്ന അതേ വാദമാണ് രാഹുല്‍ ഇതിനായി ഉപയോഗിച്ചത്. ഉന്നത വിജയം നേടിയെത്തുന്നവരുടെ അവസ്ഥ ഏകലവ്യന്റേതെന്നാണ് കോണ്‍ഗ്രസ് നേതാവ് പറയുന്നത്. മഹാഭാരതത്തില്‍, ദ്രോണാചാര്യന് ഗോത്രവര്‍ഗക്കാരനായ ഏകലവ്യന് അമ്പെയ്ത്ത് പഠിച്ചതിന് വലത്തെ തള്ളവിരലാണ് ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത്. അതേപോലെയാണ് ഭാരതത്തിലെ അവസ്ഥയും, രാഹുല്‍ പറഞ്ഞു.
അതേസമയം രാഹുല്‍ എപ്പോഴും ചൈനയ്ക്ക് വേണ്ടിയാണ് ബാറ്റ് ചെയ്യുന്നതെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പ്രതികരിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായിട്ടാണ് അദ്ദേഹം കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ജാമ്യത്തില്‍ കഴിയുന്ന രാഹുലാണ് ഭാരതത്തിന്റെ നിയമവ്യവസ്ഥയെ ചോദ്യം ചെയ്യുന്നത്. വിഭജിച്ച് ഭരിക്കുക എന്ന നയമാണ് രാഹുലിന്റേത്. സനാതന ധര്‍മത്തെ അവഹേളിക്കല്‍ ഇന്‍ഡി നേതാക്കളുടെ പതിവായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഒറ്റുകൊടുക്കുന്ന ചതിയന്മാര്ക്ക് ആര്‍എസ്എസിനെ മനസിലാക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറഞ്ഞു.
ഭാരതം ഒന്നിലധികം ആശയങ്ങളുടെ ബഹുസ്വരതയാണെന്ന രാഹുലിന്റെ പരാമര്‍ശം അത്യന്തം അപകടകരമായ വിഘടനവാദമാണ്. മുത്തശ്ശി പാകിസ്ഥാനെതിരെ നിര്‍ണായക പോരാട്ടം നടത്തുന്ന സമയത്തെക്കുറിച്ച് രാഹുലിന് അറിയില്ല. മരിച്ചവരോട് സംസാരിക്കാനുള്ള സാങ്കേതിക വിദ്യ അറിയുമെങ്കില്‍ മുത്തശ്ശിയോട് ആര്‍എസ്എസിനെപ്പറ്റി ചോദിക്കണം. അല്ലെങ്കില്‍ ചരിത്രം പഠിക്കണം. ആര്‍എസ്എസിനെ മനസിലാക്കാന്‍ രാഹുലിന് നിരവധി ജന്മങ്ങള് വേണ്ടിവരും. രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ മാത്രമാണ് രാഹുല്വിദേശത്തേക്ക് പോകുന്നത്, ഗിരിരാജ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: