ധാക്ക: ദുര്‍ഗാപൂജാ ആഘോഷങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും ഉറപ്പ് നല്കി ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍. ഹിന്ദു, ന്യൂനപക്ഷ സമൂഹങ്ങള്‍ക്കെതിരെ ഏകപക്ഷീയ അക്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തിലുയര്‍ന്ന പ്രതിഷേധവും ചിറ്റഗോങ്ങിലും ധാക്കയിലും ഹിന്ദുസമൂഹം പ്രത്യക്ഷ സമരത്തിനിറങ്ങിയതും കണക്കിലെടുത്താണ് സര്‍ക്കാര്‍ ഇടപെടല്‍. രാജ്യത്ത് ഒരുതരത്തിലുള്ള അക്രമങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരെ അനുവദിക്കില്ലെന്ന് മതകാര്യ ഉപദേഷ്ടാവ് ഡോ.എ.എഫ്.എം. ഖാലിദ് ഹുസൈന് പറഞ്ഞു.
ദുര്‍ഗാപൂജയ്ക്കിടെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന നടപടികളിലേര്പ്പെടുന്നവര്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ ഒമ്പത് മുതല്‍ 13 വരെയാണ് ദുര്‍ഗാപൂജ ആഘോഷം.
രാജ്ഷാഹി ജില്ലയിലെ പ്രേമതലി ഗൗരംഗ് ബാരി കലിമന്ദിര് സന്ദര്‍ശിച്ചതിന് ശേഷമാണ് ഡോ. എ.എഫ്.എം ഖാലിദ് ഹുസൈന് സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിച്ചത്. ക്ഷേത്രങ്ങള്‍ ആക്രമിക്കുകയോ കലാപം സൃഷ്ടിക്കുകയെ ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കും. ആരെയും ഭയക്കാതെ ദുര്‍ഗാപൂജ ആഘോഷിക്കാനുള്ള അവസരം ഉണ്ടാക്കും. ഹിന്ദുസമൂഹം ആവേശപൂര്‍വം ദുര്‍ഗാപൂജ കൊണ്ടാടണം, അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷ സമൂഹങ്ങള്‍ക്കുമെതിരെ അക്രമണങ്ങള്‍ നടക്കുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ധാക്കയിലും ചിറ്റഗോങ്ങിലും നടന്ന പ്രകടനങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: