കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിലും പങ്കെടുക്കാതെ മാറി നിന്ന ഇ.പി. ജയരാജന് ഇന്നലെ കണ്ണൂരിലെ ചടയന്‍ ഗോവിന്ദന് അനുസ്മരണവും ബഹിഷ്കരിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു പുറത്തായതിനു ശേഷം ജയരാജന് തുടര്‍ച്ചയായി പാര്‍ട്ടി വേദികള്‍ ബഹിഷ്കരിക്കുന്നത് ചര്‍ച്ചയാകുന്നു.
കഴിഞ്ഞ ദിവസം സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം എ. വിജയ രാഘവനോടൊപ്പം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജനും പി.കെ. ശ്രീമതിയും പയ്യാമ്പലത്ത് ചടയന്‍ അനുസ്മരണത്തിലും പുഷ്പാര്‍ച്ചനയിലും പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇരുനേതാക്കളും അനുസ്മരണ പരിപാടിയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. അതേസമയം ആയുര്‍വേദ ചികിത്സയിലായതിനാലാണ് ഇ.പി. ജയരാജന് പങ്കെടുക്കാതിരുന്നതെന്നാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് പ്രതികരിച്ചത്. ഇപിക്ക് മാധ്യമങ്ങള്‍ പറയുന്ന പോലെ അതൃപ്തിയില്ലെന്നും ജയരാജന് പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നു നീക്കിയതിനു ശേഷം ഇ.പി. ജയരാജന് കടുത്ത അതൃപ്തിയിലാണ്. മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിക്കാനും ജയരാജന് തയാറായിട്ടില്ല. ഇത്രയും കാലം പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ട് ഒന്നും ലഭിച്ചില്ലെന്ന് ചിലര്‍ കരുതുന്നെന്ന് ഇ.പി. ജയരാജനെ പരോക്ഷമായി വിമര്‍ശിച്ചാണ് എ. വിജയരാഘവന്, ചടയന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: