ന്യൂദല്‍ഹി: കൊല്‍ക്കത്തയില്‍ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്തുള്ള ഡോക്ടര്‍മാര്‍ക്ക് അന്ത്യ ശാസനം നൽകി സുപ്രീംകോടതി. ഡോക്ടര്‍മാര്‍ നാളെ വൈകീട്ട് അഞ്ചു മണിക്കുള്ളില്‍ ജോലിക്കു കയറണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
അതേ സമയം തിരികെ ജോലിയില്‍ കയറുന്ന ഡോക്ടര്‍മാര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാകാന്‍ പാടില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാൽ ഡോക്ടര്‍മാര്‍ തുടര്‍ന്നും ജോലിയില്‍ നിന്നും വിട്ടുനിന്നാല്‍ സര്‍ക്കാരിന് അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാവുന്നതാണെന്നും കോടതി പറഞ്ഞു. ജോലിയുടെ ചെലവിലാകരുത് ഒരു പ്രതിഷേധവുമെന്നും കോടതി അഭിപ്രായപ്പെട്ടു.
അതേ സമയം ജോലിക്ക് കയറുന്ന ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഒരുക്കണമെന്നും, സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്നും, ആശുപത്രികളില്‍ പുരുഷ-വനിതാ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ടോയ്‌ലറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് രണ്ടു ദിവസത്തെ സമയം കൂടി അനുവദിക്കുകയാണ്. നിങ്ങള്‍ തിരിച്ചെത്തി ജോലി പുനരാരംഭിക്കണം. നാട്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ആദ്യം ജോലിയിലേക്ക് മടങ്ങുക. ജില്ലാ കലക്ടര്‍മാരും പോലീസും സുരക്ഷ ഉറപ്പാക്കും.
നിങ്ങള്‍ ഇപ്പോള്‍ ജോലിയിലേക്ക് മടങ്ങണം, നിങ്ങള്‍ ജോലിക്ക് വന്നില്ലെങ്കില്‍, നിങ്ങള്‍ക്കെതിരായ അച്ചടക്ക നടപടിയില്‍ മറ്റാരും ഉത്തരവാദികളായിരിക്കില്ല. സീനിയര്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ടല്ലോ എന്ന ഒഴിവുകഴിവുകളൊന്നും നിങ്ങള്‍ക്ക് പറഞ്ഞ് മാറി നില്‍ക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: