കൊച്ചി: ദീര്‍ഘദൂര കുതിരയോട്ടത്തിലെ ആഗോള ചാമ്പ്യന്‍ഷിപ്പായ എഫ്.ഈ.ഐ എന്‍ഡ്യൂറന്‍സ് ടൂര്‍ണമെന്റിലെ സീനിയര്‍ വിഭാഗം മത്സരം വിജയകരമായി പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായി റെക്കോര്‍ഡിട്ട് മലപ്പുറം തിരൂര്‍ സ്വദേശിനി അന്‍ജും ചേലാട്ട്. ഈ വിഭാഗത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ ലോകത്തിലെ ആദ്യത്തെ ഭാരത താരമെന്ന റിക്കാഡും ഇനി ഈ 22കാരിക്ക് സ്വന്തം.
ഫ്രാന്‍സിലെ മോണ്‍പാസിയറില്‍ നടന്ന മത്സരത്തില്‍ 40 രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും മികച്ച 118 കുതിരയോട്ടക്കാരെ നേരിട്ടാണ് ഇന്ത്യയുടെ കുതിരയോട്ട മത്സരചരിത്രത്തിലെ റിക്കാഡ് നിദ സ്വന്തം പേരിലാക്കിയത്.
ആഗോളതലത്തില്‍ ഇന്ത്യന്‍ കായികരംഗം ഒരു സുപ്രധാന നാഴികക്കല്ലാണ് നിദയിലൂടെ മറികടക്കുകയായിരുന്നു. ഇന്റര്‍നാഷണല്‍ എക്യുസ്ട്രിയന്‍ ഫെഡറേഷനാണ് (എഫ്.ഇ.ഐ) മത്സരം സംഘടിപ്പിച്ചത്. കടുത്ത പരീക്ഷണങ്ങള്‍ക്കും മത്സരങ്ങള്‍ക്കും ശേഷമാണ് നിദ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. യു.എ.ഇ, ബഹ്റൈന്‍, സ്പെയിന്, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും മികച്ച കുതിരയോട്ടക്കാരായിരുന്നു നിദയുടെ എതിരാളികള്‍. ഇന്ത്യക്കാര്‍ക്ക് ഈ കായികയിനം അത്ര പരിചിതമല്ലെങ്കിലും, പല രാജ്യങ്ങളിലും അവരുടെ സാംസ്കാരികപാരമ്പര്യത്തിന്റെ ഭാഗമാണ് കുതിരയോട്ടം. നിദ ഉള്‍പ്പെടെ 45 പേര് മാത്രമാണ് അവസാനം വരെ മത്സരത്തില്‍ പിടിച്ചുനിന്നത്.
12 വയസുള്ള തന്റെ വിശ്വസ്ത പെണ്‍കുതിര പെട്ര ഡെല്‍ റേയുടെ ചുമലിലേറിയാണ് നിദ മത്സരം പൂര്‍ത്തിയാക്കിയത്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ 160 കിലോമീറ്റര്‍ ദൈര്‍ഖ്യമുള്ള പാത, വെറും 10 മണിക്കൂര്‍ 23 മിനുട്ട് കൊണ്ടാണ് നിദ കീഴടക്കിയത്. 73 കുതിരകള്‍ അയോഗ്യത നേടി പുറത്തായി.
ആദ്യഘട്ടത്തില്‍ 61-ാം സ്ഥാനത്തായിരുന്നു നിദ. രണ്ടാം ഘട്ടത്തില്‍ 56-ാമതായി. പിന്നെ ഓരോ ഘട്ടം കഴിയുന്തോറും 41, 36, 27, 17 സ്ഥാനങ്ങളിലായി നിദ മെച്ചപ്പെട്ടുകൊണ്ടിരുന്നു. മണിക്കൂറില്‍ 16.09 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ച നിദ ലോകത്തെ ഏറ്റവും വലിയ കുതിരയോട്ട മത്സരത്തിന്റെ ആഗോളവേദിയില്‍ ഭാരത സാന്നിധ്യമുറപ്പിക്കാനായി.
കഴിഞ്ഞ വര്‍ഷം, എഫ്.ഇ.ഐയുടെ എക്യൂസ്ട്രിയന്‍ (കുതിരയോട്ടം) ലോക ദീര്‍ഘദൂര കുതിരയോട്ട ചാമ്പ്യന്‍ഷിപ്പിലെ ജൂനിയര്‍ ആന്‍ഡ് യങ് റൈഡേഴ്സ് വിഭാഗം മത്സരം ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വിജയകരമായി പൂര്‍ത്തിയാക്കിയ വനിതയായി നിദ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 120 കിലോമീറ്റര്‍ ദൈര്‍ഖ്യമുള്ള ആ മത്സരം റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് നിദ പൂര്‍ത്തിയാക്കിയത്.
കുട്ടിക്കാലത്ത് ദുബായില്‍ എത്തിയതുമുതലാണ് നിദയ്ക്ക് കുതിരകളോട് പ്രിയം തുടങ്ങിയത്. അവിടെ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ച് പ്ലസ് ടുവിന് പഠിക്കുമ്പോള്‍ അബുദാബി എന്‍ഡ്യൂറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് സ്വാര്‍ഡ് പുരസ്കാരം സ്വന്തമാക്കി അന്താരാഷ്ട്രമത്സരവേദിയിലെത്തി. ഇപ്പോള്‍ ലോക വേദിയില്‍ വരെ ആ മത്സരക്കുതിപ്പ് എത്തിനില്‍ക്കുന്നു.
തഖാത് സിങ് റാവോ ആണ് പേഴ്സണല്‍ ട്രെയിനര്‍. ഡോ. മുഹമ്മദ് ഷാഫിയാണ് വെറ്ററിനറി കണ്‍സല്‍ട്ടന്റ്. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ബിര്‍മിങ്ഹാമില്‍ നിന്നും സാമൂഹിക പ്രവര്‍ത്തനത്തില്‍ ബിരുദവും ദുബായിലെ റാഫിള്‍സ് വേള്‍ഡ് അക്കാദമിയില്‍ നിന്നും ഐബി ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട് നിദ, ഇപ്പോള്‍ സ്പെയിനില്‍ മാനേജ്മെന്റിലും ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റിലും മാസ്റ്റേഴ്സ് ചെയ്യുന്നു. മലപ്പുറമാണ് സ്വദേശം. റീജന്‍സി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന് ചേലാട്ടും മിന്നത് അന്‍വര്‍ അമീനുമാണ് മാതാപിതാക്കള്‍. ഡോ. ഫിദ അന്ജൂം ചേലാട്ട് സഹോദരിയാണ്.
ചാമ്പ്യന്‍ഷിപ്പിലെ വ്യക്തിഗത മത്സരത്തില്‍ ബഹ്റൈനും യുഎഇയുമാണ് സ്വര്‍ണവും വെള്ളിയും നേടിയത്. ഗ്രൂപ്പ് മത്സരത്തില്‍ ഫ്രാന്‍സും ചൈനയുമാണ് ജേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: