ന്യൂദല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ അഫ് സല്‍ ഗുരുവിനെ തൂക്കിക്കൊല്ലാതെ മാലയിട്ട് സ്വീകരിക്കണമായിരുന്നോ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങ്. 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമിച്ച കേസില്‍ പ്രതിയായ അഫ് സല്‍ ഗുരുവിനെ തൂക്കിക്കൊന്നത് യാതൊരു ഗുണവുമുണ്ടായില്ലെന്ന് പ്രസ്താവിച്ച ജമ്മു കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയ്‌ക്ക് മറുപടി നല്‍കുകയായിരുന്നു രാജ് നാഥ് സിങ്ങ്.
ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവന നിര്‍ഭാഗ്യകരമായിപ്പോയെന്നും രാജ് നാഥ് സിങ്ങ് പറഞ്ഞു. ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റംബാനില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാജ് നാഥ് സിങ്ങ്. അഫ് സല്‍ ഗുരുവിന്റെ തൂക്കിക്കൊലയ്‌ക്ക് ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ അനുവാദം ആവശ്യമാണെങ്കില്‍ ഒരിക്കലും നല്‍കുമായിരുന്നില്ലെന്നും ഒമര്‍ അബ്ദുള്ള പ്രസ്താവിച്ചിരുന്നു. “ഇന്ത്യന്‍ പാര്‍ലമെന്‍റിന് നേരെ ബോംബാക്രമണം നടത്തിയ അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊല്ലാതെ എന്ത് ചെയ്യണമായിരുന്നു? എന്താ ഞങ്ങള്‍ പൊതുജനസമക്ഷം മാലയിട്ട് സ്വീകരിക്കണമായിരുന്നോ?” – രാജ് നാഥ് സിങ്ങ് ചോദിച്ചു.
2001ലെ പാര്‍ലമെന്‍റിന് നേരെയുള്ള തീവ്രവാദിയാക്രമണം
2001 ഡിസംബര്‍ 13നാണ് തീവ്രവാദികള്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിന് നേരെ ബോംബാക്രമണം നടത്തിയത്. അഞ്ച് സായുധരായ യുവാക്കളാണ് ആക്രമണം നടത്തിയത്. ദല്‍ഹി പൊലീസിലെ ആറ് പൊലീസുകാരെ തീവ്രവാദികള്‍ വധിച്ചു. രണ്ട് പാര്‍ലമെന്‍റ് സുരക്ഷാസേവന ഉദ്യോഗസ്ഥരും ഒരു തോട്ടക്കാരനും തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 14 പേരുടെ മരണത്തിനും 18 പേരുടെ സാരമായ പരിക്കിനും കാരണമായ ഈ ആക്രമണം ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നറിയപ്പെടുന്ന ഇന്ത്യൻ പാർലമെന്‍റിന്റെ ചരിത്രത്തിൽ ഒരു തീരാക്കളങ്കമായി.
രാജ്യസഭയിലെയും ലോക്‌സഭയിലെയും നടപടിക്രമങ്ങൾ നിർത്തിവച്ച വേളയിലായിരുന്നു സായുധരായ അഞ്ചു തീവ്രവാദികൾ ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കർ പതിച്ച കാറിൽ പാർലമെന്‍റ് മന്ദിരത്തിലേയ്‌ക്ക് കയറി. ഏറ്റുമുട്ടലിൽ അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടക്കുമ്പോൾ അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന എൽ .കെ.അദ്വാനിയടക്കമുള്ള മന്ത്രിമാർ പാർലമെന്‍റിൽ ഉണ്ടായിരുന്നു. അതിക്രമിച്ചു കയറിയ തീവ്രവാദികൾ വെടിയുതിർത്തെങ്കിലും ഉപരാഷ്‌ട്രപതിയുടെ സുരക്ഷാഭടന്മാരും പാർലമെന്‍റിലെ സുരക്ഷാ ഉദ്യോഗസ്ഥരും അവരെ ചെറുക്കുകയായിരുന്നു.
അഫ്സല്‍ ഗുരുവിന്റെ അറസ്റ്റ്
2001 ഡിസംബർ 13 ന് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ അഫ്സൽ ഗുരുവിനെ ദൽഹി പൊലീസ് ജമ്മു-കശ്മീരിൽ നിന്നും അറസ്റ്റു ചെയ്തു. ഡൽഹി സർവകലാശാലയിലെ സാക്കീർ ഹുസൈൻ കോളേജിലെ അദ്ധ്യാപകനായ എസ്.എ.ആർ ഗീലാനിയെ അറസ്റ്റ് ചെയ്തു. അഫ്‌സാൻ ഗുരു, ഭർത്താവ് ഷൗക്കത്ത് ഹുസൈൻ ഗുരു എന്നിവരേയും അറസ്റ്റ് ചെയ്തു. എസ്.എ.ആർ ഗീലാനി, അഫ്‌സാൻ ഗുരു എന്നിവരെ കോടതി കുറ്റവിമുക്തരാക്കി.
അഫ്സല്‍ ഗുരുവിന്റെ കോടതി വിചാരണ
ഒരു വർഷവും മൂന്നു ദിവസവും വിചാരണ നടത്തിയ കോടതിയിൽ ജഡ്ജി എസ്.എൻ.ദിംഗ്ര നടത്തിയ വിധിപ്രസ്താവനയിൽ മുഹമ്മദ്, ഹൈദർ, ഹംസ, രാജ, റാണ എന്നീ കൊല്ലപ്പെട്ട അഞ്ച് തീവ്രവാദികളോടൊപ്പം ഘാസി ബാബ, താരിഖ് അഹമ്മദ്, മുഹമ്മദ് മസൂദ് അസർ എന്നിവർ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ആയുധങ്ങളും ആളുകളേയും ശേഖരിച്ച് പ്രസ്തുത ലക്ഷ്യപ്രാപ്തിയ്‌ക്കായി പ്രവർത്തിക്കുകയും ചെയ്തു.
അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നു
കുറ്റം തെളിഞ്ഞതിനെത്തുടർന്ന് 2002 ഡിസംബർ 18-ന് ദൽഹി കോടതി അഫ്സൽ ഗുരുവിന്റെ വധശിക്ഷ വിധിച്ചു . പിന്നീട് 2003 ഒക്ടോബർ 29-ന് ദൽഹി ഹൈക്കോടതി ഈ വധശിക്ഷ ശരിവെച്ചു. ഇതിനെതിരെ അഫ്സൽ ഗുരു സുപ്രീംകോടതിയിൽ അപ്പീൽ നൽകി. 2005 ആഗസ്റ്റ് 4-ന് അഫ്സൽ ഗുരുവിന്റെ അപ്പീൽ തള്ളിയ സുപ്രീംകോടതി വധശിക്ഷ ശരിവെച്ചു. അഫ്സൽ ഗുരുവിനെതിരെ സാഹചര്യത്തെളിവുകൾ മാത്രമാണുള്ളതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. 2006 ഒക്ടോബർ 20-ന് തിഹാർ ജയിൽ വെച്ച് ശിക്ഷ നടപ്പിലാക്കാൻ ഉത്തരവിട്ടു. അന്ന് തന്നെ അഫ്സൽ ഗുരുവിന്റെ ഭാര്യ ദയാഹരജി നല്‍കി. 2011 ഓഗസ്റ്റ് 4-ന് ദയാഹരജി ആഭ്യന്തരമന്ത്രാലയം രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കു വിട്ടു. തുടർന്ന് 2013 ജനുവരി 21-ന് ആഭ്യന്തരമന്ത്രാലയം വധശിക്ഷ നടപ്പിലാക്കണമെന്ന ശിപാർശ രാഷ്‌ട്രപതിക്കയച്ചു. 2013 ജനുവരി 26-ന് രാഷ്‌ട്രപതി പ്രണബ് മുഖർജി ആഭ്യന്തരമന്ത്രാലയത്തിന്റെ ശിപാർശ സ്വീകരിച്ചു കൊണ്ട് ഫെബ്രുവരി 3-ന് ദയാഹരജി തള്ളി. 2013 ഫെബ്രുവരി 4-ന് ആഭ്യന്തരമന്ത്രി സുശീൽ കുമാർ ഷിൻഡെ വധശിക്ഷ ഉത്തരവിൽ ഒപ്പുവെച്ചു. 2013 ഫെബ്രുവരി 9-ന് അഫ്സൽ ഗുരുവിനെ തിഹാർ ജയിലിൽ വെച്ച് തൂക്കിലേററി.
അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊല്ലാന്‍ ജമ്മു കശ്മീരിലെ സര്‍ക്കാരിന്റെ അനുമതി വേണമായിരുന്നെങ്കില്‍ തങ്ങള്‍ അതിന് സമ്മതിക്കുകയില്ലായിരുന്നു എന്നും ഒമര്‍ അബ്ദുള്ള പ്രസംഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: