ക്യൂറിടിബ(ബ്രസീല്‍): സ്വന്തം നാട്ടില്‍ നടന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ 2026ലേക്കുള്ള യോഗ്യതാ മത്സരത്തില്‍ ബ്രസീല്‍ ഇക്വഡോറിനെതിരെ ഒരു വിധത്തില്‍ ജയിച്ചു. വിരസമായ മത്സരത്തിനൊടുവില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീല്‍ ജയിച്ചത്.
ടീമിനായി 30-ാം മിനിറ്റില്‍ മുന്‍നിരതാരം റോഡ്രിഗോ വിജയഗോള്‍ നേടി. സ്വന്തം നാട്ടില്‍ നടന്ന കളിയിലാണ് ബ്രസീല്‍ ഇത്രയും ദയനീയമായ പ്രകടനം കാഴ്‌ച്ചവച്ചത്. ഇരു ടീമുകളും നിറംകെട്ട പ്രകടനം പുറത്തെടുക്കുന്നതില്‍ മുന്നിട്ടു നിന്നു. കുറിടിബയിലെ സ്റ്റേഡിയത്തില്‍ ഒത്തുകൂടിയ കാണികളെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്‌ച്ചവച്ചത്.
ജയത്തെ തുടര്‍ന്ന് കോണ്‍മെബോല്‍ യോഗ്യതാ മത്സരങ്ങളില്‍ പത്ത് പോയിന്റുമായി നാലാം സ്ഥാനത്തായി. ഇതുവരെയുള്ള ഏഴ് കളികളില്‍ നിന്ന് ബ്രസീല്‍ ഇന്നലെ നേടിയത് മൂന്നാം ജയമാണ്. നേരത്തെ മൂന്ന് യോഗ്യതാ മത്സരങ്ങളില്‍ പരാജയപ്പെട്ട കാനറികള്‍ ഒരെണ്ണത്തില്‍ സമനില വഴങ്ങി. 18 പോയിന്റുമായി ഒന്നാമതുള്ള അര്‍ജന്റീനയ്‌ക്ക് പിന്നാലെ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ യഥാക്രമം 14, 13 പോയിന്റുകളുമായി ഉറുഗ്വേയും കൊളംബിയയും നിലകൊള്ളുന്നു.
ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതയിലെ മറ്റ് ലാറ്റിനമേരിക്കന്‍ പോരാട്ടങ്ങളെല്ലാം സമനിലയില്‍ പിരിഞ്ഞു. കരുത്തരായ കൊളംബിയയെ പെറു ഒരു ഗോള്‍ സമനിലയില്‍ തളച്ചു. ആദ്യം മുന്നിലെത്തിയ പെറുവിനെതിരെ ലൂയിസ് ഡയസിന്റെ ഗോളില്‍ കൊളംബിയ തോല്‍വി ഒഴിവാക്കുകയായിരുന്നു. കരുത്തരായ ഉറുഗ്വേയും പരാഗ്വേയും ഏറ്റുമുട്ടിയ മത്സരം ഗോള്‍രഹിത സമനിലയില്‍ പര്യവസാനിച്ചു. ഉറുഗ്വേയുടെ തട്ടകത്തിലായിരുന്നു മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക