മാനന്തവാടി: വന്യമൃഗശല്യം തടയാന്‍ തൂക്കുവേലി നിര്‍മിക്കുന്നതിന്റെ ഭാഗമായി തവിഞ്ഞാലിലെ വനമേഖലയില്‍നിന്നു മരങ്ങള്‍ മുറിച്ച സംഭവത്തില്‍ വനം വകുപ്പ് ഉന്നതതല സംഘം അന്വേഷണം തുടങ്ങി. ഉത്തരമേഖല വനം കണ്‍സര്‍വേറ്റര്‍ ആര്. കീര്‍ത്തി, ഫഌയിങ് സ്ക്വാഡ് ഡിഎഫ്ഒ വി.പി. ജയപ്രകാശ് തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഫെന്‍സിംഗിനും മറ്റും മേല്‍നോട്ട ചുമതല വഹിക്കേണ്ട നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്ട്ടിന് ലോവലിനടക്കം വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതായാണ് വിവരം.
ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് എട്ടര ലക്ഷം രൂപ ചെലവില്‍ തവിഞ്ഞാല്‍ 43ല്‍ നിന്നു തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന് ഭാഗത്തുള്ള ഒരു കിലോമീറ്റര്‍ ദൂരത്താണ് തൂക്കുവേലി പ്രതിരോധം തീര്‍ക്കുന്നത്. ഇതിനായി വഴിയിലെ മരങ്ങള്‍ വനംവകുപ്പിന്റെ മുന്‍കൂര്‍ അനുമതി കൂടാതെ മുറിച്ചതാണ് വിവാദമായത്. മരങ്ങള്‍ മുറിക്കാന്‍ അനുമതി ലഭിക്കുമെന്നിരിക്കെ ഇതിനായി ശ്രമിക്കാതെയാണ് വലുതും ചെറുതുമായ മരങ്ങള്‍ മുറിച്ചത്. അനുമതിക്കായി കാത്തിരുന്നാല്‍ തൂക്കുവേലി നിര്‍മാണം പിന്നേയും നീണ്ടുപോകുമെന്നതിനാലാണ് അവ വേഗത്തില്‍ മുറിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി വാര്‍ഡ് മെമ്പര്‍ ചെയര്‍മാനായി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ അംഗീകാരമില്ലാതെയാണ് മരങ്ങള്‍ മുറിച്ചതെന്നാണ് സൂചന. നീര്‍മരുത്, കരിവെട്ടി, ആഞ്ഞിലി, വറളി തുടങ്ങിയ മരങ്ങളാണ് മുറിച്ചത്. മുറിച്ച മരങ്ങളളെല്ലാം തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടിട്ടുണ്ട്. അനുമതിയില്‍ കൂടുതല്‍ മരങ്ങള്‍ മുറിച്ച വൈത്തിരി മരം മുറി സംഭവത്തില്‍ ഡിഎഫ്ഒ ഉള്‍പ്പെടെയുള്ളവരെ കുറ്റക്കാരായി കണ്ട് വനം വകുപ്പ് നടപടിയെടുത്തിരുന്നു. എന്നാല്‍ തവിഞ്ഞാലില്‍ ഡിഎഫ്ഒ, റെയ്ഞ്ചര്‍ എന്നിവരെ സംരക്ഷിച്ച് താഴെക്കിടയിലെ ജീവനക്കാരെ ബലിയാടാക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: