ന്യൂദല്‍ഹി: ടൈംസ് മാഗസിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഇടം പിടിച്ചു. ഭാരതത്തിന്റെ സെമി കണ്ടക്ടര്‍ നിര്‍മാണ മേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് അശ്വിനി വൈഷ്ണവിനെ ടൈംസ് മാഗസിന് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. രാജ്യത്തെ എഐ കുതിപ്പിന് പിന്നിലെ മാസ്റ്റര്‍ ബ്രെയ്നും അദ്ദേഹമാണെന്ന് ടൈംസ് പറയുന്നു.
നിര്‍മിതബുദ്ധിയില്‍ ഭാരതം കുതിക്കുകയാണെന്നും ലോകത്തിന് തന്നെ മാതൃകയാണെന്നും ടൈംസ് ചൂണ്ടിക്കാട്ടുന്നു. അശ്വിനി വൈഷ്ണവിന്റെ നേതൃപാടവമാണ് ഇലക്ട്രോണിക്സ് മേഖലയില്‍ പ്രകടമാകുന്നത്. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ സെമികണ്ടക്ടര്‍ നിര്‍മാണ മേഖലയിലെ മികച്ച അഞ്ച് രാജ്യങ്ങളിലൊന്നായി ഭാരതം മാറും. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
അശ്വിനി വൈഷ്ണവിനെ കൂടാതെ ഇന്‍ഫോസിസിന്റെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്മാന് നന്ദന് നിലേകനി, നടനും നിര്‍മാതാവുമായ അനില്‍ കപൂര്‍ എന്നിവരും പട്ടികയിലുണ്ട്. ‘ഷേപ്പേഴ്സ്’ വിഭാഗത്തിലാണ് മൂവരും തെരഞ്ഞെടുക്കപ്പെട്ടത്.
ഡിജിറ്റല്‍ മേഖലയിലെ സംഭാവനകള്‍ക്കാണ് നന്ദന് നിലേകനി തെരഞ്ഞെടുത്തത്. അനുമതിയില്ലാതെ അനില്‍ കപൂറിന്റെ ശബ്ദം, പേര്, ചിത്രം തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ ദല്‍ഹി ഹൈക്കോടതി 16 സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ഈ നിയമ പോരാട്ടം അവകാശങ്ങളുടെ സംരക്ഷണം സംബന്ധിച്ച് ലോകത്തിന് പാഠമാണെന്നും ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സുന്ദര്‍പിച്ചെ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് എന്നിവരും പട്ടികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: