Kerala

പണമില്ല; പാലും മുട്ടയും പദ്ധതി വീണ്ടും പ്രതിസന്ധിയില്‍

Published by

തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പാലും മുട്ടയും പദ്ധതി വീണ്ടും പ്രതിസന്ധിയില്‍. രണ്ടു മാസമായി പണം അനുവദിക്കുന്നില്ല. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു മാസത്തെ തുക അനുവദിച്ച് സര്‍ക്കാര്‍ തലയൂരി.

സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പോഷകാഹാര പദ്ധതി പ്രകാരം ആഴ്ചയില്‍ ഒരുതവണ മുട്ടയും രണ്ടുതവണ 150 മില്ലി ലിറ്റര്‍ വീതം പാലുമാണ് നല്‌കേണ്ടത്. കഴിഞ്ഞ വര്‍ഷം നിരവധി മാസങ്ങളില്‍ തുക നല്കാത്തതോടെ ലക്ഷക്കണക്കിനു രൂപയ്‌ക്ക് ഹെഡ്മാസ്റ്റര്‍മാര്‍ കടക്കെണിയിലായി. തുടര്‍ന്നാണ് ഹൈക്കോടതി ഇടപെട്ടു പണം അനുവദിച്ചത്. സ്‌കൂള്‍ തുറന്ന് നാല് മാസമായിട്ടും അനുവദിച്ചത്. ജൂലൈ, ആഗസ്തുകളിലേത് അനുവദിച്ചിട്ടില്ല.

ഒരു ലിറ്റര്‍ പാലിന് 52 രൂപയും മുട്ടയ്‌ക്ക് ആറു രൂപയുമാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ഇതു വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കാണ്. ഈ തുകയ്‌ക്കു സാധനങ്ങള്‍ വാങ്ങി പാചകം ചെയ്തു കൊടുക്കുകയും വേണം. അഡ്വാന്‍സായി തുക അനുവദിക്കുമെന്നായിരുന്നു സ്‌കൂള്‍ തുറക്കും മുമ്പ് സര്‍ക്കാര്‍ വാഗ്ദാനം. അതു പാലിച്ചില്ല. രണ്ടു മാസത്തെ തുക കുടിശികയായതോടെ ഹെഡ്മാസ്റ്റര്‍മാര്‍ വീണ്ടും കടക്കെണിപ്പേടിയിലാണ്.

മൂന്നു മാസം മുമ്പ് മുട്ട, പാല്‍ വിതരണത്തിനായി ചെലവിട്ട തുക അനുവദിക്കാത്തതിനാല്‍ പ്രധാനാദ്ധ്യാപകര്‍ കടത്തിലായിരുന്നു. പ്രധാനാദ്ധ്യാപകരെ പദ്ധതിച്ചുമതലയില്‍ നിന്നൊഴിവാക്കുക, നിരക്കു വര്‍ധിപ്പിക്കുക, സംസ്ഥാന പോഷകാഹാര പദ്ധതിക്ക് പ്രത്യേകം തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രധാനാദ്ധ്യാപക സംഘടന ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിരക്ക് പുതുക്കി നിശ്ചയിച്ചിരുന്നു.

പോഷകാഹാര പദ്ധതിയായ മുട്ട, പാല്‍ വിതരണത്തിന് പ്രത്യേകം തുക അനുവദിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കോടതി നിര്‍ദേശം പാലിച്ചെന്നു വരുത്താന്‍ മാത്രം ഒരു മാസത്തെ തുക അനുവദിക്കുകയായിരുന്നു. പിന്നീട് ഒന്നും നല്കിയില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക