ന്യൂഡല്‍ഹി: ദേശീയ അധ്യാപക പുരസ്കാരം ലഭിച്ച അധ്യാപകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക് കല്യാണ്‍ മാര്‍ഗിലെ തന്റെ ഏഴാം നമ്പര്‍ വസതിയില്‍ വെള്ളിയാഴ്ച ആശയവിനിമയം നടത്തി. പുരസ്കാരജേതാക്കള്‍ അധ്യാപന അനുഭവം പ്രധാനമന്ത്രിയുമായി പങ്കുവച്ചു. പഠനം കൂടുതല്‍ രസകരമാക്കാന്‍ അവര്‍ ഉപയോഗിക്കുന്ന വിദ്യകളെക്കുറിച്ചും സംസാരിച്ചു. അധ്യാപന നൈപുണ്യത്തോടുള്ള അവരുടെ അര്‍പ്പണബോധത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വര്‍ഷങ്ങളായി അവര്‍ പ്രകടിപ്പിച്ച ഉത്സാഹത്തെയാണ് അവാര്‍ഡുകളിലൂടെ അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ സ്വാധീനത്തെക്കുറിച്ച് പ്രധാനമന്ത്രി ചര്‍ച്ച ചെയ്യുകയും, മാതൃഭാഷയില്‍ വിദ്യാഭ്യാസം നേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളെ പ്രാദേശിക നാടോടിക്കഥകള്‍ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിലധികം ഭാഷകള്‍ പഠിക്കാനും ഇന്ത്യയുടെ ഊര്‍ജസ്വല സംസ്കാരത്തെ പരിചയപ്പെടാനും കഴിയും.
പുരസ്കാരം ലഭിച്ച അധ്യാപകര്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം ബന്ധപ്പെടുകയും അവരുടെ മികച്ച സമ്പ്രദായങ്ങള്‍ പങ്കിടുകയും വേണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: