കോട്ടയം : പി.വി. അന്‍വര്‍ ഉയര്‍ത്തിയ അതീവ ഗുരുതരമായ ആരോപണങ്ങളില്‍ വ്യക്തമായ അഭിപ്രായം പറയാതെയുള്ള ജോസ് കെ മാണിയുടെ കബളിപ്പിക്കല്‍ നാടകം അങ്ങേയറ്റം പരിഹാസ്യമാണെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍.ഹരി.
മുഖ്യമന്ത്രിയുടെ ഓഫീസിനും ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിനും എതിരെ കേരളം നടുങ്ങുന്ന കുറ്റകൃത്യങ്ങളാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്. ഭരണകക്ഷി എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ കേസ് എടുത്ത് അന്വേഷണം നടത്താന്‍ ആവശ്യപ്പെടാനുള്ള ധൈര്യവും തന്റെടവും ഘടകകക്ഷി നേതാവായ ജോസ് കെ മാണിക്ക് ഉണ്ടോ. കേരളത്തെ ബാധിക്കുന്ന കൊടും കുറ്റകൃത്യത്തില്‍ എങ്കിലും അന്ധമായ മുഖ്യമന്ത്രി ഭക്തി ഉപേക്ഷിച്ച് അഭിപ്രായം പറയാന്‍ വെല്ലുവിളിക്കുന്നു.
പോലീസിനെതിരായ ആരോപണങ്ങളില്‍ സര്‍ക്കാര്‍ ഉചിതമായ അന്വേഷണം നടത്തണമെന്ന വഴുവഴുക്കന്‍ പ്രസ്താവനയാണ് നീണ്ട മൗനത്തിനുശേഷം ജോസ് കെ മാണി പുറപ്പെടുവിച്ചിരിക്കുന്നത്. ഇടതുമുന്നണിയിലെ ഒട്ടുമിക്ക ഘടകകക്ഷികളും ആരോപണങ്ങളില്‍ പ്രതികരിച്ച ശേഷമാണ് ജോസ് കെ മാണി വായ തുറന്നത്. നിസ്സാരമായ കുറ്റകൃത്യങ്ങള്‍ അല്ല ആരോപിക്കപ്പെട്ടിട്ടുള്ളത്. തട്ടിക്കൊണ്ടുപോകല്‍, സ്വര്‍ണ്ണ കടത്ത്, മാഫിയക്ക് സംരക്ഷണം അങ്ങനെ കേട്ടാല്‍ ഞെട്ടുന്ന കുറ്റകൃത്യങ്ങളുടെ ഒരു പട്ടികയാണ് അന്‍വര്‍ നിരത്തിയത്. അതിനുള്ള തെളിവുകളും തന്റെ പക്കല്‍ ഉണ്ടെന്ന് അന്‍വര്‍ അവകാശപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എഫ്ഐആര്‍ ഇട്ട് കേസെടുക്കുകയാണ് ചെയ്യേണ്ടത്. അത്തരത്തിലുള്ള ഒരു ആവശ്യമാണ് ജോസ് കെ മാണി ഉയര്‍ത്തേണ്ടത്.
പി ശശിയിലേക്കും മുഖ്യമന്ത്രിയിലേക്കും നീളുന്ന ആരോപണമാണ് അന്‍വറിന്റേത്. അന്‍വറിന്റെ പിന്നില്‍ സിപിഎമ്മിന്റെ ഉന്നതര്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നത്. പക്ഷേ ജോസ് കെ മാണി കൈ കഴുകിയുള്ള പ്രസ്താവന നടത്തി ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാണ് ശ്രമിക്കുന്നത്. ഈ വിഷയത്തില്‍ തന്റേടത്തോടെയുള്ള പ്രസ്താവന നടത്താന്‍ ജോസ് കെ മാണി തയ്യാറാവണം.എന്‍. ഹരി പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: