ന്യൂഡൽഹി ; ഏത് അപ്രതീക്ഷിത സാഹചര്യത്തെയും നേരിടാൻ സൈനിക മേധാവികൾ തയ്യാറായിരിക്കണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ലക്നൗവിലെ സെൻട്രൽ കമാൻഡ് ഹെഡ്ക്വാർട്ടേഴ്‌സിൽ സംയുക്ത കമാൻഡർമാരുടെ സമ്മേളനത്തിനോടനുബന്ധിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
റഷ്യ-ഉക്രെയിൻ, ഇസ്രായേൽ-ഹമാസ് എന്നിവയ്‌ക്കിടയിലുള്ള സംഘർഷങ്ങളെക്കുറിച്ചും ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും പരാമർശിച്ച പ്രതിരോധമന്ത്രി ഈ സംഭവങ്ങൾ വിശകലനം ചെയ്യാനും ഭാവിയിൽ രാജ്യം അഭിമുഖീകരിക്കാനിടയുള്ള പ്രശ്‌നങ്ങൾ മുൻകൂട്ടി കാണാനും സൈനിക മേധാവികളോട് ആവശ്യപ്പെട്ടു . മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്‌ക്കും വെല്ലുവിളി ഉയർത്തുന്ന വടക്കൻ അതിർത്തിയിലെ സാഹചര്യങ്ങളും അയൽ രാജ്യങ്ങളിലെ സംഭവവികാസങ്ങളും കണക്കിലെടുക്കണം.
ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും സ്വാശ്രയ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിലും സേനയുടെ വിലമതിക്കാനാകാത്ത സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു.ഇന്ത്യ സമാധാനം ഇഷ്ടപ്പെടുന്ന രാജ്യമാണെന്നും അതിനാൽ സമാധാനം നിലനിർത്താൻ സായുധ സേനകൾ സജ്ജരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: