മലപ്പുറം: ഐ-ലീഗ് 3-ലെ രണ്ടാം മത്സരത്തില്‍ കേരള യുണൈറ്റഡ് മഹാരാഷ്ട്രയിലെ ഒറഞ്ച് എഫ്സിയെ 2-2ന് സമനിലയില്‍ തളച്ചു.
രണ്ട് തവണ പിന്നിലായിട്ടും റാംഡിന്മവിയും ഫെബിന് ഗിബ്സും നേടിയ ഗോളുകള്‍ കേരള യുണൈറ്റഡിന് സമനില നല്കി. മത്സരം ആരംഭിച്ച് നാലാം മിനിറ്റില്‍ത്തന്നെ മുഹമ്മദ് ഖത്തീബിന്റെ ഗോളില്‍ ഒറഞ്ച് എഫ്സി ലീഡ് നേടി. കേരള യുണൈറ്റഡ് 16-ാം മിനിറ്റില്‍ റാംഡിന്മവിയുടെ ദീര്‍ഘദൂര ഷോട്ടിലൂടെ സമനില നേടി. എന്നാല്‍, 34-ാം മിനിറ്റില്‍ ഒരു ഓണ്‍ ഗോളിലൂടെ ഒറഞ്ച് എഫ്സി വീണ്ടും ലീഡ് എടുത്തു . ആദ്യ പകുതി അവസാനിക്കുമ്പോള്‍ സ്കോര്‍ 2-1 എന്ന നിലയില്‍ ഓറഞ്ച് എഫ്സിക്ക് അനുകൂലമായിരുന്നു .
രണ്ടാം പകുതിയില്‍ കളി പൂര്‍ണമായും കേരള യുണൈറ്റഡിന്റെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍, 85-ാം മിനിറ്റ് വരെ കാത്തുനില്‍ക്കേണ്ടി വന്നു അവര്‍ക്ക് സമനില ഗോള്‍ നേടാന്‍. പകരക്കാരനായി വന്ന ഫെബിന് ഗിബ്സ് ഒരു അതിശയിപ്പിക്കുന്ന ഗോള്‍ നേടി സ്കോര്‍ സമനിലയാക്കി( 2-2 ).
മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ രണ്ട് ടീമുകളും വിജയത്തിനായി ശ്രമിച്ചെങ്കിലും സ്കോര്‍ മാറാതെ തുടര്‍ന്നു. ഈ സമനിലയോടെ കേരള യുണൈറ്റഡിന് ഐ-ലീഗ് 3-ലെ ഗ്രൂപ്പ് ബിയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റുകള്‍ ലഭിച്ചു. അടുത്ത മത്സരത്തില്‍ അവര്‍ നാളെ ഗോവയിലെ സെസാ ഫുട്ബോള്‍ അക്കാദമിയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: