സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരില്‍ തിരുവള്ളുവര്‍ കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദര്‍ശനത്തിനിടെയാണ് പ്രഖ്യാപനം.
2,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവള്ളുവര്‍ പങ്കുവച്ച ആശയങ്ങളും ദര്‍ശനങ്ങളും ഇന്നും സമൂഹത്തില്‍ പ്രധാന്യമര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും പ്രാചീന ഭാഷയായ തമിഴിലാണ് തിരുക്കുറള്‍ എഴുതിയിരിക്കുന്നത്. സിംഗപ്പൂരിലുള്ള ദശലക്ഷക്കണക്കിന് ഭാരതീയരും തിരുവള്ളുവരുടെ ആശയങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നവരാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിലും തമിഴ് ഭാഷയും സംസ്‌കാരവും നിലനിര്‍ത്തുന്നതിലും തിരുവള്ളുവര്‍ കള്‍ച്ചറല്‍ സെന്റര്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സിംഗപ്പൂര്‍ പ്രസിഡന്റ് തര്‍മന്‍ ഷണ്‍മുഖരത്നവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഭാരത-സിംഗപ്പൂര്‍ ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുന്നതിനും വിശാലമാക്കുന്നതിനും ഇരുനേതാക്കളും ചര്‍ച്ചകള്‍ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും മുന്നോട്ടു കൊണ്ടുപോകുന്നതില്‍ പ്രധാനമന്ത്രി സിംഗപ്പൂര്‍ പ്രസിഡന്റിന് നന്ദി അറിയിച്ചെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്സില്‍ കുറിച്ചു.
ഭാരത-സിംഗപ്പൂര്‍ ബന്ധം വരും വര്‍ഷങ്ങളിലും ശക്തിപ്പെടും. വരും വര്‍ഷങ്ങളില്‍ സാങ്കേതികവിദ്യ, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ഭാരത-സിംഗപ്പൂര്‍ സഹകരണവും നിക്ഷേപങ്ങളും എങ്ങനെ വിപുലീകരിക്കാമെന്നടക്കമുള്ള വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു, രണ്‍ധീര്‍ ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു. സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പുവച്ച ശേഷമാണ് പ്രധാനമന്ത്രി സിംഗപ്പൂര്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്. അടുത്ത വര്‍ഷം ഭാരതം സന്ദര്‍ശിക്കാന്‍ സിംഗപ്പൂര്‍ പ്രസിഡന്റിനെ പ്രധാനമന്ത്രി ക്ഷണിച്ചു.
ഇലക്ട്രോണിക് മേഖലയിലെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ നിര്‍മാണ ഫാക്ടറികളിലൊന്നായ എഇഎം ഹോള്‍ഡിങ്‌സിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി. മേഖലയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നു. സപ്തംബര്‍ 11 മുതല്‍ 13വരെ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ സംഘടിപ്പിക്കുന്ന സെമികോണ്‍ ഇന്ത്യ എക്‌സിബിഷനില്‍ പങ്കാളികളാകാന്‍ സിംഗപ്പൂരിലെ സെമികണ്ടക്ടര്‍ ഫാക്ടറികളെ അദ്ദേഹം ക്ഷണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: