2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് 2020 പുതിയ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവന്നത്. നാടിന്റെ സര്‍വതോന്മുഖമായ പുരോഗതിയില്‍ വളര്‍ന്നുവരുന്ന തലമുറയ്‌ക്കുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. 21-ാം നൂറ്റാണ്ടില്‍ ലോകം പൊതുവില്‍ നേരിടുന്നതും വിശിഷ്യ ഭാരതം അഭിമുഖീകരിക്കേണ്ടതുമായ വെല്ലുവിളികളെക്കുറിച്ച് ഉള്ള ബോധ്യവും, തരണം ചെയ്യാനുള്ള സാമര്‍ത്ഥ്യവും പുതുതലമുറയില്‍ വളര്‍ത്തേണ്ടതുണ്ട്. ഒപ്പം തന്നെ ഭാരതത്തിന്റെ ജ്ഞാന പാരമ്പര്യം, ഭാഷാ വൈവിധ്യം, ജീവിത ദര്‍ശനം എന്നിവയെല്ലാം പ്രയോജനപ്പെടുത്തിക്കൊണ്ട് വരാന്‍ പോകുന്ന ഭാവി ലോകത്തെ രൂപീകരിക്കാനും സാധിക്കണം. ഈ രണ്ടു ലക്ഷ്യവും കൈവരിക്കാന്‍ വിദ്യാഭ്യാസത്തെ ഭാരതത്തിന്റെ പാരമ്പര്യവുമായി ബന്ധിപ്പിച്ചും ആധുനിക വെല്ലുവിളികള്‍ അതിജീവിക്കാനുള്ള മാര്‍ഗ്ഗമായി മാറ്റിയെടുത്തും പ്രായോഗിക തലത്തില്‍ കൊണ്ടുവരേണ്ട ദൗത്യം അധ്യാപകര്‍ക്കുള്ളതാണ്.
കഴിവിനും പ്രാപ്തിക്കുമൊപ്പം സങ്കല്പശക്തിയും സമര്‍പ്പണവുമുള്ള അദ്ധ്യാപകരെ വാര്‍ത്തെടുക്കുക എന്നുള്ളതാണ് പുതിയ വിദ്യാഭ്യാസ നയം പ്രായോഗികതലത്തില്‍ കൊണ്ടുവരുന്നതിലുള്ള വലിയ വെല്ലുവിളി. ഈ രംഗത്ത് വേണ്ടത്ര ശ്രദ്ധിക്കാതിരുന്നതാണ് മുന്‍പ് പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയങ്ങള്‍ കടലാസിലൊതുങ്ങാന്‍ കാരണം. പുതിയ നയത്തെ പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ ക്ഷമതയുള്ള അദ്ധ്യാപക സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അദ്ധ്യാപക പരിശീലനത്തിന്റെ അലകും പിടിയും മാറ്റാന്‍ തീരുമാനിച്ചു. കഴിഞ്ഞവര്‍ഷം മുതല്‍ ഉദ്‌ഗ്രേഡിത അദ്ധ്യാപക പരിശീലനം കുറേശ്ശെ കുറേശ്ശെ കര്‍മ്മപഥത്തില്‍ എത്തിയിരിക്കുകയാണ്. ഈ രംഗത്തും നിരവധി വെല്ലുവിളികള്‍ നാളെ നാം നേരിടേണ്ടി വരും. പ്രായോഗിക തലത്തില്‍ അവയ്‌ക്കെല്ലാം സമാധാനം കണ്ടെത്തി അദ്ധ്യാപകരെ സൃഷ്ടിക്കണമെങ്കില്‍ ഇന്നത്തെ അദ്ധ്യാപകര്‍ ഭാവി അദ്ധ്യാപകര്‍ എങ്ങനെയായിരിക്കണം എന്ന മാതൃകയിലേക്ക് സ്വയം മാറാന്‍ തയ്യാറാകണം. അതിന് നമ്മുടെ പൂര്‍വികരായി, നമ്മുടെ മുന്നില്‍ മാതൃകകളായി ജീവിച്ചു കാണിച്ച അധ്യാപകരെ, അവരുടെ ജീവിതത്തെ, അവരുടെ അദ്ധ്യാപന രീതികളെ എല്ലാം നാം ആഴത്തില്‍ പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും വേണം.
ഈ രീതിയില്‍ ഭാവി ഭാരതത്തിലെ അദ്ധ്യാപകരുടെ മുന്നില്‍ മാതൃകാ പുരുഷനായി സ്വീകരിക്കാവുന്ന ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് സപ്തംബര്‍ 5. ഈ സുദിനം അദ്ധ്യാപക ദിനമായി ആചരിക്കുന്നു. അദ്ധ്യാപന രംഗത്ത് വ്യത്യസ്തമായ മാതൃകകള്‍ സൃഷ്ടിക്കുന്ന അദ്ധ്യാപകരെ വിവിധ തലങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നു. പക്ഷേ ഇത്തരം പുരസ്‌കാരങ്ങളേക്കാള്‍ എത്രയോ വലുതാണ് നമ്മള്‍ ഓരോരുത്തരും നമ്മുടെ അദ്ധ്യാപകരുടെ ജീവിതം സ്വന്തം ജീവിതത്തില്‍ പകര്‍ത്തി അവര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നത്. ഈ അദ്ധ്യാപക ദിനം നമ്മുടെ അധ്യാപകരുടെ വ്യതിരിക്തമായ ജീവിതപാതയെ ജീവിതത്തില്‍ പകര്‍ത്താന്‍ നമുക്ക് പ്രേരണയാകട്ടെ.
(ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: