ന്യൂഡല്‍ഹി: ബിഎസ്എൻഎൽ 4ജി വ്യാപനം വേഗത്തിലാക്കാൻ 6000 കോടി രൂപ കൂടി ബിഎസ്എൻഎല്ലിന് കേന്ദ്ര സർക്കാർ അനുവദിക്കും എന്ന് റിപ്പോർട്ട്. ഇതിലൂടെ 4ജി വിന്യാസം കൂടുതൽ വേഗത്തിലാവും എന്ന് ടെലികോം മന്ത്രാലയം കണക്കുകൂട്ടുന്നു. ബിഎസ്എൻഎല്ലിന് അധിക ഫണ്ട് നൽകുന്നതിൻറെ അനുമതിക്കായി കേന്ദ്ര ക്യാബിനറ്റിനെ ടെലികോം മന്ത്രാലയം ഉടൻ സമീപിക്കുമെന്നാണ് വിവവരം
രാജ്യത്ത് ഒരു ലക്ഷം 4ജി ടവറുകളാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. ഒരു ലക്ഷം 4ജി ടവറുകൾ എന്ന ബിഎസ്എൻഎൽ സ്വപ്നം പൂർത്തിയാവാൻ 2025 മധ്യേ വരെ കാത്തിരിക്കേണ്ടിവരും എന്നാണ് റിപ്പോർട്ട് .
നിലവില്‍ ബിഎസ്എന്‍എല്ലിന് മാത്രമാണ് ഇന്ത്യയില്‍ 4ജി കണക്റ്റിവിറ്റി ഇല്ലാതിരുന്നത്. സെന്‍റര്‍ ഫോര്‍ ഡെവലപ്‌മെന്‍റ് ഓഫ് ടെലിമാറ്റിക്‌സ്, തേജസ് നെറ്റ്‌വര്‍ക്ക്‌സ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്നിവയുമായി സഹകരിച്ചാണ് ബിഎസ്‌എന്‍എല്‍ 4ജി സേവനം ഒരുക്കുന്നത്. 26,316 കോടി രൂപ മുടക്കി 24,680 ഗ്രാമങ്ങളില്‍ 4ജി സേവനം എത്തിക്കുന്നതിന് പുറമെ നിലവിലുള്ള ടവറുകള്‍ 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും ബിഎസ്‌എന്‍എല്‍ ശ്രമിക്കുകയാണ്. 4ജി സൗകര്യം വിപുലമാക്കിയതിന് ശേഷം 5ജി വേഗത്തില്‍ ഒരുക്കാനും ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നു.
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ-ഐഡിയ (വിഐ) എന്നീ സ്വകാര്യ ടെലികോം സേവനദാതാക്കൾക്ക് ഇതിനകം 4ജി രാജ്യത്തുണ്ട്. എന്നാൽ ഈയിടെ ഇവ റീച്ചാർജ് നിരക്ക് കുത്തനെ ഉയർത്തുകയാണ് ചെയ്തത്. ഇതോടെ നിരവധി പുതിയ കണക്ഷനുകളാണ് ബിഎസ്എൻഎല്ലിന് ലഭിച്ചത്. ഇനിയും കൂടുതൽ ആളുകൾ ബിഎസ്എൻഎല്ലിലേക്ക് തിരിച്ചുവരുമെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: