ബെംഗളൂരു: മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ തുറന്നുകാട്ടിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് സമാനമായ പാനൽ കന്നഡ ചലച്ചിത്ര മേഖലയിലും വേണമെന്ന് ആവശ്യം.
ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാലിറ്റി അംഗങ്ങൾ ഇത് സംബന്ധിച്ച് ബുധനാഴ്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. കന്നഡ സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ അന്തരീക്ഷം പരിശോധിക്കാന്‍ പ്രത്യേക പാനൽ വേണമെന്നാണ് ആവശ്യം.
കന്നഡ സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളും മറ്റു പ്രശ്നങ്ങളും അന്വേഷിക്കാന്‍ റിട്ടയേര്‍ഡ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിക്കണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു. കന്നഡ സിനിമ മേഖലയിലെ 150 ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒപ്പിട്ട അപേക്ഷയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.
ലൈംഗിക അതിക്രമം നേരിടുന്നവരില്‍ പലരും മീ ടൂ ക്യാംപെയിന്റെ സമയത്ത് ഇക്കാര്യം തുറന്നു പറയാന്‍ ശ്രമിച്ചിരുന്നു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: