മഹേന്ദ്രനാഥ് സുധിന്ദ്രനാഥ്
ഭാരതം എന്നത് ഒരു രാഷ്ട്രീയ ഭൂപ്രവിശ്യ ആകുന്നതിനു എത്രയോ നൂറ്റാണ്ടുകള്‍ മുന്‍പ് തന്നെ ഒരു സാംസ്കാരിക ആത്മീയ രാഷ്ട്രസങ്കല്പം നിലനിന്നിരുന്നു. കാളിദാസന് കുമാരസംഭവം മഹാകാവ്യം ആരംഭിക്കുന്നതുതന്നെ ഭാരതത്തിന്റെ ഭൂമിശാസ്ത്ര അതിരുകള്‍ പ്രതിപാദിച്ചുകൊണ്ടാണ്. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസ കാവ്യങ്ങളും ഭാരതഖണ്ഡം എന്ന ഭൂപ്രദേശത്തിന്റെ സമാനതകളെയും ഒരുമയെയും പ്രദര്‍ശിപ്പിക്കുന്നു.
സപ്തപുരികളായും, ചതുര്ധാമങ്ങളായും, പന്ത്രണ്ടു ജ്യോതിര്ലിംഗങ്ങളായും, അമ്പത്തൊന്നു ശക്തിപീഠങ്ങളായും, പാടല്‍ പെട്ര സ്ഥലങ്ങളായും, നൂറ്റിയെട്ട് ദിവ്യദേശങ്ങളായും, പരശുരാമക്ഷേത്രങ്ങളായും, ശങ്കരാചാര്യ മഠങ്ങളായും ഭാരതത്തിനെ ഒരു വിശ്വാസശൃംഖലയായി സങ്കല്പിച്ചിരുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല. ഓരോ ഗ്രാമങ്ങളെയും, അവിടുത്തെ ഭൂപ്രകൃതിയെയും (പുഴയും, മലയും, ജനങ്ങളും, ആചാരങ്ങളും), പുരാണങ്ങളോ, ദൈവങ്ങളോ, പൈതൃക നായകന്മാരുമായൊക്കെ ബന്ധിപ്പിക്കുന്ന കഥകള്‍ രാജ്യത്തിനകമാനം ഇഴയടുപ്പം സൃഷ്ടിക്കുന്നു. ഈ പുണ്യസങ്കേതങ്ങള്‍ സൃഷ്ടിക്കുന്ന ‘പവിത്രമായ’ ഭൂമിശാസ്ത്രവും, അതിനോടനുബന്ധിച്ച തീര്ത്ഥാടനകളും ഭാരതമെന്ന ദേശീയതാബോധം സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡയാന എക്ക് അഭിപ്രായപ്പെട്ടിട്ടുണ്ട്.
ചക്രവര്‍ത്തിമാരുടെയോ, സുസജ്ജമായ സൈന്യത്തിന്റെയോ, ഭരണസംവിധാനങ്ങളുടെയോ ശക്തിയായിരുന്നില്ല ഈ രാഷ്ട്രത്തെ ഒരുമിപ്പിച്ചെതെന്നു വ്യക്തമാണ്. പകരം, അബലരെന്നു പൊതുസമൂഹം ചിത്രീകരിച്ചേക്കാവുന്ന തീര്‍ത്ഥാടകരുടെ കാലടികളും, അവരുടെ വിശ്വാസപ്രമാണങ്ങളും ആണെന്ന് പറയേണ്ടി വരും.
ഭാരതത്തിന്റെ എല്ലാ അറ്റത്തും പോയി ദിഗ്വിജയം നടത്തിയ ആദി ശങ്കരന് മുതല്‍ കേരളത്തില്‍ നിന്ന് തീര്‍ത്ഥാടനത്തിന് പുറപ്പെട്ടവര്‍ ധാരാളം ഉണ്ട്. പുണ്യസങ്കേത ദര്‍ശനം മഹാപുണ്യമായി കരുതിയിരുന്നുവെങ്കിലും, ഭാരതത്തിന്റെ വ്യാപ്തിയും, വ്യത്യസ്ത രാഷ്ട്രീയ സാഹചര്യങ്ങള്‍ പലസ്ഥലങ്ങളില്‍ നിലനിന്നിരുന്നതിനാലും പലര്‍ക്കും അതൊരു സ്വപ്നമായി അവശേഷിപ്പിക്കേണ്ടിയും വന്നു. മുഗള്‍ സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം, കാശി എന്ന പുണ്യനഗരത്തിന്റെ വളര്‍ച്ച ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. മറാത്താ സാമ്രാജ്യത്തിന്റെ പേഷ്വാ നാനാസാഹേബും, ഇന്‍ഡോറിലെ റാണി അഹല്യാഭായിയും ഒക്കെ നല്കിയ സംഭാവനകള്‍ ആണ് കാശിയുടെ പുനര്‍നിര്‍മാണത്തില്‍ നിസ്തുല പങ്ക് വഹിച്ചത്.
ദക്ഷിണ ഭാരതത്തിനു ഗംഗയും, കാശിയുമൊക്കെയായി ചരിത്രബന്ധങ്ങള്‍ ഉണ്ട്. വളരെ പ്രധാനപ്പെട്ട ആ സാംസ്കാരിക ബന്ധം രാജേന്ദ്ര ചോളന് 1012 ല്‍ സ്ഥാപിച്ച ഗംഗൈകൊണ്ടചോളപുരം എന്ന തലസ്ഥാനത്തിലൂടെ പ്രകടമാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ പരാക്രമ പാണ്ഡ്യന് കാശിയാത്ര നടത്തുകയും അവിടെ നിന്നും ശിവലിംഗം തമിഴകത്തേക്കു കൊണ്ടുവരികയും ചെയ്തു എന്നും ചരിത്രരേഖകള്‍ പറയുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ മൂവായിരിത്തില് അധികം വരുന്ന സംഘവുമായി കാശി തീര്‍ത്ഥാടനം നടത്തിയ തഞ്ചാവൂരിലെ ശരഭോജി രാജാവിന്റെ യാത്ര ഒരു കവിതപോലെ മനോഹരമായിരുന്നു. ഇത്തരം രാജകീയ സന്ദര്‍ശനങ്ങള്‍ രാഷ്ട്രീയപരമായും ഏറെ പ്രസക്തമായ സംഭവങ്ങളാണ്.
കടുത്ത നിഷ്കര്ഷകളുടെയും, ചിട്ടകളുടെയും ഇടയില്‍ കൊട്ടാരക്കെട്ടുകളുടെ അന്ധകാരത്തിനുള്ളില്‍ ജീവിച്ചിരുന്ന ഇവിടുത്തെ രാജാക്കന്മാര് ഇത്തരം തീര്ഥയാത്രകള്ക്കു വേണ്ടിയായിരുന്നു പുറംലോകവുമായി ബന്ധപ്പെട്ടിരുന്നത്. തങ്ങളുടെ രാജ്യത്തിനുള്ളിലെ സുഖഭോഗങ്ങളില്‍ നിന്ന് താരതമ്യേനെ ലഭിക്കുന്ന സ്വാതന്ത്ര്യം അവര്‍ പല രീതിയില്‍ പ്രയോജനപ്പെടുത്തി. ആധുനികകാലഘട്ടത്തില്‍ ബ്രിട്ടീഷ് സാമന്തരായിരിക്കുമ്പോള് ലഭിച്ച ‘സുരക്ഷ’ ഉപയോഗിച്ചാണ് രാജകീയ തീര്‍ത്ഥാടനങ്ങള്‍ നടന്നത്. എങ്കിലും തങ്ങളുടേതായ ഒരു ആധുനികത ബ്രിട്ടീഷ് പരമാധികാരത്തിനുകീഴിലും വളര്‍ത്തിയെടുക്കാന്‍ ഇവിടുത്തെ രാജാക്കന്മാരെ അത് സഹായിച്ചു എന്ന് കരുതേണ്ടിയിരിക്കുന്നു. കേരളചരിത്രത്തില്‍ വിസ്മരിക്കപ്പെടാന്‍ പാടില്ലാത്ത ഒന്ന് തന്നെയാണ് അത്തരം രാജകീയ തീര്‍ത്ഥാടനങ്ങള്‍.
1784ല്‍ തിരുവിതംകൂറിലെ ധര്‍മ്മരാജ എന്ന് വിഖ്യാതനായ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മയുടെ രാമേശ്വരം തീര്‍ത്ഥാടനം ആണ് ഇതിലാദ്യത്തേത്. മതപരമായ കര്‍ത്തവ്യങ്ങള്‍ക്ക് പുറമെ തന്റെ അതിര്‍ത്തിക്കപ്പുറമുള്ള ലോകം കാണുന്നതിലെ ആകാംക്ഷ ആയിരുന്നു ആ യാത്രക്ക് പിന്നില്‍. തിരുനെല്‍വേലി, മധുര വഴിയായിരുന്നു ധര്‍മ്മരാജാവിന്റെ യാത്ര. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും, കര്‍ണാടിക് നവാബിന്റെയും സഹകരണം ഉറപ്പാക്കിയുള്ള ആ യാത്രയില്‍ വിവിധങ്ങളായ ജലസേചനപദ്ധതികള്‍, പാലങ്ങള്‍, റോഡുകള്‍, സത്രങ്ങള്‍ എന്നിവ നേരില്‍ കണ്ടുപഠിക്കാന്‍ ധര്‍മ്മരാജാവ് വിനിയോഗിച്ചു. രാജകീയ ആര്ഭാടങ്ങളോടുകൂടെയുള്ള ആ യാത്രയില്‍ ധാരാളം ദാനധര്‍മാദികള്‍ നിര്‍വഹിക്കുകയും, തിരുവിതംകൂറിനു ധര്‍മ്മരാജ്യമെന്നു ഖ്യാതി സമ്പാദിക്കുകയും ചെയ്തു. ഇതിനു ശേഷം തോവാള മുതല്‍ പറവൂര്‍ വരെയുള്ള ഗതാഗതവാര്‍ത്താവിനിമയ സംവിധാനങ്ങള്‍ മെച്ചപ്പെടുന്നത് ചരിത്രസാക്ഷ്യം.
കൊച്ചി രാജാവായിരുന്ന വീരകേരളവര്‍മ്മ നടത്തിയ കാശി തീര്‍ത്ഥാടനമായിരുന്നു ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ടതും, കൗതുകകരമായതും. 1851 ല്‍ രാജാവായി അവരോധിതനായതിനെത്തുടര്ന്നു, വീരകേരളവര്‍മ്മ തന്റെ ബൗദ്ധിക മെച്ചത്തിനായി കാശി യാത്ര നടത്താന്‍ തീരുമാനിച്ചു. ആ കാലഘട്ടത്തില്‍ കാശി തീര്‍ത്ഥാടനം ഒരു ഹിന്ദുമതവിശ്വാസിയുടെ പരമമായ ലക്ഷ്യമായി പരിഗണിച്ചിരുന്നു. തഞ്ചാവൂരിലെ ശരഭോജിയെപോലെ വീരകേരളവര്‍മ്മയും വിശദമായ യാത്ര ഡയറി സൂക്ഷിച്ചിരുന്നു. റയില്‍വെയുടെ വരവിനു മുന്‍പ് മുപ്പത് അനുചരന്മാരുമായി വീരകേരളവര്‍മ്മ നടത്തിയ യാത്ര ലക്ഷ്യസ്ഥാനത് എത്തിച്ചേര്‍ന്നു. കാശിയിലും, ത്രിവേണി സംഗമവും കണ്ട ഈ രാജാവ് പല്ലക്കിലും, കുതിരവണ്ടിയിലും ഒക്കെയാണ് യാത്രചെയ്തത്.
ധര്മ്മരാജാവിനുണ്ടായിരുന്ന അതെ ആകാംഷ വീരകേരളവര്മ്മക്കുമുണ്ടായിരുന്നു. യാത്രയിലുടനീളം കണ്ട പുരോഗമനങ്ങള്‍ തന്റെ രാജ്യത്ത് എങ്ങനെയൊക്കെ പ്രാവര്‍ത്തികമാക്കാം എന്ന് അദ്ദേഹം ചിന്തിച്ചു. വഴിയില്‍ കണ്ട ഐറിഷ് പാലങ്ങള്‍ ആറാട്ടുപുഴയില്‍ സ്ഥാപിച്ചാല്‍ ഉണ്ടാകുന്ന പ്രയോജനങ്ങള്‍ അദ്ദേഹം ഉള്‍ക്കൊണ്ടു. പ്രഗത്ഭ ഇംഗ്ലീഷ് എന്‍ജിനിയര്‍ മേജര്‍ കോട്ടണ്‍ വീരകേരളവര്മ്മയില് ഉണ്ടാക്കിയ സ്വാധീനം ചെറുതല്ല. അണക്കെട്ടുകളും, ആവിയന്ത്രത്തിന്റെ ശക്തിയും മനസ്സിലാക്കിയ ആ സംഭാഷണങ്ങളില്‍, നെല്ലിയാമ്പതിയിലെ അമൂല്യമായ വനസമ്പത് ചാലക്കുടി വഴി കൊച്ചിയിലെത്തിക്കാനും, എടത്തുരുത്തിയില്‍ കനാല്സംവിധാനം മെച്ചപ്പെടുത്തുന്നതുമൊക്കെ രാജാവ് വിഭാവനം ചെയ്തു. തീര്‍ത്ഥയാത്ര നേരിട്ടല്ലാതെ പാരിസ്ഥിതികമായി ഉണ്ടാക്കിയ മാറ്റങ്ങള്‍ ഇവിടെ പ്രകടമാണ്. വസൂരി പിടിപ്പെട്ട് കാശിയില്‍ വെച്ച് 1853 ഫെബ്രുവരിയില്‍ വീരകേരളവര്‍മ്മ നിര്യാതനായി. അദ്ദേഹത്തിന്റെ സംസ്കാരം കേദാര്‍ഘട്ടില്‍ നടന്നു. ‘കാശിയില്‍ തീപ്പെട്ട തമ്പുരാന്’ എന്നറിയപ്പെട്ട അദ്ദേഹത്തിന്റെ പല പിന്മുറക്കാരും കാശി യാത്ര നടത്തുകയും, പിന്നീട് സംസ്കരിച്ച സ്ഥലത്തിനടുത്തായി കൊച്ചിരാജ്യം ഒരു സത്രം ആരംഭിക്കുകയും ചെയ്തു.
വിശപ്പടക്കാനാവാതെ വന്നപ്പോള്‍ ബിസ്കറ് കഴിക്കേണ്ടി വരികയും, മോഷ്ടാക്കളില്‍നിന്നും ഭിക്ഷാടകരില്‍നിന്നും ഭയന്നോടേണ്ടിയും വന്ന വീരകേരളവര്‍മ്മയുടെ യാത്രയില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു 1890 ല്‍ തിരുവിതംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ നടത്തിയ കാശി തീര്‍ത്ഥാടനം. തന്റെ നാടുനീങ്ങിയ അമ്മാവന്റെ (ശ്രീ വിശാഖം തിരുനാള്‍) മരണാനന്തര ചടങ്ങുകള്‍ നടത്തുക എന്നതായിരുന്നു രാജകീയ പരിഗണന. ഈ യാത്രക്ക് മുന്‍പ് തന്നെ റെയില്‍വേ അടക്കമുള്ള ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചു ശ്രീമൂലം തിരുനാള്‍ ബോംബെ, മദ്രാസ് തുടങ്ങിയ നഗരങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മുന്നില്‍ തിരുവിതംകൂറിന്റെ പൊലിമ പ്രദര്‍ശിപ്പിക്കാനും ഈ തീര്‍ത്ഥയാത്ര ഉപകരിച്ചു എന്ന് വേണം കരുതാന്‍. ശ്രീമൂലം തിരുനാളിന്റെ യാത്ര ഇന്ത്യയിലെ മറ്റു നാട്ടുരാജ്യങ്ങളുടെ ആതിഥേയത്വം സ്വീകരിക്കാനുള്ള സാഹചര്യവും ഒരുക്കിനല്കി. കൊച്ചിയിലെ കേരളവര്‍മ്മയില്‍ നിന്ന് തുടങ്ങി വിസിയനഗരത്തിലെ രാജാവിന്റെ അതിഥിയായി കാശിയില്‍ തങ്ങിയത് വരെ അതിനു ആധാരങ്ങളാണ്. ശ്രീമൂലം തിരുനാളിനെയും സംഘത്തെയും കാശി രാജാവ് സന്ദര്‍ശിച്ചത് ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. കൊച്ചിരാജാവ് നിര്യാതനായ അതെ കേദാര്ഘട്ടിനു സമീപം പിന്നീട് തിരുവിതാംകൂറും സത്രം സ്ഥാപിച്ചു എന്നത് വേറൊരു വസ്തുത. ഗയയും, പട്നയും കടന്നു കല്‍ക്കട്ടയിലെത്തി വൈസ്രോയി ലാന്‍സ്ഡൗണ്‍ പ്രഭുവിനെ സന്ദര്‍ശിച്ചപ്പോള്‍ യാത്രയുടെ രാഷ്ട്രീയവശങ്ങള്ക്കും പരിസമാപ്തിയായി.
അറുപതാം വയസ്സില്‍ അന്നത്തെ സൗകര്യത്തില്‍ കാശി യാത്ര ധര്‍മ്മരാജാവിനു ചിന്തിക്കാനാകുമായിരുന്നില്ല. ഹൈദര്‍ അലിയുടെയും, ടിപ്പുവിന്റെയും പടയോട്ടങ്ങള്‍ ചെറുക്കുന്നതിലായി അദ്ദേഹത്തിന്റെ അടിയന്തര ശ്രദ്ധ. കാശിയില്‍ തീപ്പെട്ട വീരകേരളവര്മ്മക്കാകട്ടെ അതിനുശേഷം നടത്തേണ്ടിയിരുന്ന രാമേശ്വരം തീര്‍ത്ഥാടനം നടത്താനും കഴിഞ്ഞില്ല. കാശിക്ക് ശേഷം രാമേശ്വത്തേക്ക് പോകാന്‍ കഴിഞ്ഞത് ശ്രീമൂലം തിരുനാളിനു ആണ്. 1890 മാര്‍ച്ച് മാസം തിരുവനന്തപുരത്തു മടങ്ങിയെത്തിയ അദ്ദേഹം അതേ വര്‍ഷം നവംബറില്‍ രാമേശ്വരത്തേക്ക് പുറപ്പെട്ടു. അവിടെയും തികച്ചും രാജകീയമായി രാമനാട് രാജാവിന്റെയും, ബ്രിട്ടീഷ് സര്‍ക്കാരിന്റെയും അതിഥിയായ ശ്രീമൂലം തിരുനാളിനു ജനങ്ങളുടെയിടയില്‍ തന്റെ പൂര്വികന് നൂറ്റാണ്ടുമുമ്പ് നടത്തിയ തീര്‍ത്ഥാടനം ഓര്‍മ്മിപ്പിക്കാന്‍ സാധിച്ചു. തിരുവിതംകൂറിലെ ഭരണാധികാരിയെ അവിടുത്തെ ജനങ്ങളും ‘ധര്‍മ്മരാജാവ്’ എന്ന് വിളിച്ചാദരിച്ചു. രാജ്യത്തിന് പുറത്തു നടത്തിയ പതിനൊന്നായിരം മൈല്‍ യാത്ര പിന്നീടുള്ള പരിഷ്കാരങ്ങള്‍ക്കു കാരണമായിയെന്നു ശ്രീമൂലം തിരുനാളിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറയുമ്പോള്‍ മഹാകവി ഉള്ളൂര്‍ പരമേശ്വരയ്യര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഭരണകാലത്തിന്റെ ദൈര്‍ഘ്യം വെച്ചുനോക്കുമ്പോള്‍ ആധുനിക കേരളം ചരിത്രത്തിലെ ഏറ്റവും നീണ്ടതായിരുന്നു ധര്‍മ്മരാജാവിന്റെയും, ശ്രീമൂലം തിരുനാളിന്റെയും നാലു പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ഭരണകാലങ്ങള്‍. പതിനെട്ടാം നൂറ്റാണ്ടിലും, പത്തൊമ്പതുഇരുപത് നൂറ്റാണ്ടുകളിലും ജീവിച്ചിരുന്ന ഈ ഭരണാധികാരികളുടെ തീര്‍ത്ഥയാത്രകള്‍ നമ്മെ പലകാര്യങ്ങളും ഓര്‍മിപ്പിക്കേണ്ടതാണ്. ഒന്ന്, സനാതനമായി തുടരുന്ന വിശ്വാസപ്രമാണങ്ങള്‍ പല സാമ്രാജ്യങ്ങളുടെ കീഴില്‍ പിരിഞ്ഞു കിടന്നപ്പോഴും ഭാരതത്തിനു നല്കിയ സാംസ്കാരിക ആത്മീയ ഐക്യം. രണ്ടു, ആധുനികതയിലേക്കും പുരോഗതിയിലേക്കുമുള്ള വാതായനങ്ങള്‍ തുറക്കപ്പെട്ടത് കാലാതിവര്‍ത്തിയായ തീര്ഥയാത്രകളിലൂടെയും ആയിരുന്നു എന്ന് സ്മരിക്കപ്പെടേണ്ടത് ആണ്. പാരമ്പര്യത്തെ മറന്നുകൊണ്ട് അന്ധമായ പുരോഗമന പാതയായിരുന്നില്ല നാം സ്വീകരിച്ചത് എന്ന് ഓര്‍ക്കുവാന്‍ കൂടെ ഈ തീര്‍ത്ഥാടനങ്ങള്‍ നാം വിസ്മരിക്കരുത്.
(മദ്രാസ് ഐ ഐ ടിയില്‍ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ആയ ലേഖകന്‍ കൊളോണിയല്‍ ഇന്ത്യയുടെ പാരിസ്ഥിതിക ചരിത്രത്തില്‍ ഗവേഷണം നടത്തുന്നു.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: