റാവല്‍പിണ്ടി: പാകിസ്ഥാനെതിരെ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ ജയം നേടി ബംഗ്ലാദേശ് ചരിത്രം കുറിച്ചു. സന്ദര്‍ശകരായ ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അവസാനിപ്പിച്ചത് ആറ് വിക്കറ്റ് ജയത്തോടെയാണ്. പാക് മണ്ണിലെ ബംഗ്ലാകടുവകളുടെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമാണിത്.
സ്കോര്‍: പാകിസ്ഥാന്- 274, 172; ബംഗ്ലാദേശ്- 262, 185/4
ആദ്യ ഇന്നിങ്സില്‍ ലിറ്റന്‍ ദാസ് നേടിയ സെഞ്ചുറി(138) പ്രകടനമാണ് ബംഗ്ലാദേശ് വിജയത്തില്‍ നിര്‍ണായകമായത്. ഒപ്പം ഹസന് മഹ്മൂദിന്റെ അഞ്ച് വിക്കറ്റ് പ്രകടനവും നാഹിദ റാണയുടെ നാല് വിക്കറ്റ് നേട്ടവും വിലപ്പെട്ടതായി.
രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശിന് വിജയിക്കാന്‍ 185 റണ്‍സ് മാത്രം മതിയായിരുന്നു. ഉറപ്പായ വിജയത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാ നിരയില്‍ നിന്നും ഇടയ്ക്കിടെ വിക്കറ്റുകള്‍ വീഴത്തിയെങ്കിലും പാകിസ്ഥാന് വലിയ ഭീതു ഉയര്‍ത്താനായില്ല. ഒടുവില്‍ മുഷ്ഫിഖുര്‍ റഹീമും(22*) ഷാക്കിബ് അല്‍ ഹസനും(21*) ചേര്‍ന്ന അപരാജിത കൂട്ടുകെട്ടില്‍ ടീം ബംഗ്ലാദേശ് അനിവാര്യമായ വിജയത്തിലേക്ക് കുതിച്ചു.
മത്സരത്തിന്റെ തുടക്കം മുതലേ വ്യക്തമായ പദ്ധതിയുമായാണ് നജ്മുല്‍ ഹൊസെയന്‍ ഷാന്റോയ്ക്ക് കീഴിലുള്ള ബംഗ്ലാദേശ് പട മൈതാനത്തിറങ്ങിയത്. ടോസ് നേടിയ പാടെ ആതിഥേയരെ ബാറ്റിങ്ങിനയക്കാന്‍ കാട്ടിയ തീരുമാനം മുതലേ ബംഗ്ലാദേശിന്റെ ഇച്ഛാശക്തി പ്രകടമായി തുടങ്ങിയതാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെയുള്ള പോരാട്ടത്തില്‍ പാക് പട ആടിയുലയുകയായിരുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാനെ പത്ത് വിക്കറ്റിനാണ് ബംഗ്ലാദേശ് തോല്‍പ്പിച്ചത്. നേരത്തെ 2009ല്‍ വെസ്റ്റിന്‍ഡീസിനെതിരെയും 2021ല്‍ സിംബാബ്വെയ്ക്കെതിരെയും ബംഗ്ലാദേശ് എവേ ടെസ്റ്റ് പരമ്പരകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: