റായ്പൂര്‍: ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍. സൈന്യം ഒന്‍പത് മാവോയിസ്റ്റുകളെ വധിച്ചു. രാവിലെ പത്തരയോടെയായിരുന്നു സംഭവം.
ദന്തേവാഡ, ബിജാപൂര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ബസ്തര്‍ റേഞ്ച് ഐജി സുന്ദര്‍രാജ് പി. അറിയിച്ചു.
ജില്ലാ റിസര്‍വ് ഗാര്‍ഡും സിആര്‍പിഎഫും സംയുക്തമായാണ് ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ബസ്തര്‍ മേഖലയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെതുടര്‍ന്നാണ് സൈന്യം ദൗത്യം ആരംഭിച്ചത്. ഏറ്റുമുട്ടലിനൊടുവില്‍ പ്രദേശത്തു നിന്ന് ഒന്‍പത് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് കൂട്ടിച്ചേര്‍ത്തു.
പ്രദേശത്തു നിന്ന് വലിയതോതില്‍ ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. സൈനികരെല്ലാം സുരക്ഷിതരാണ്. മേഖലയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. സുരക്ഷ ശക്തമാക്കി.
ദന്തേവാഡയും ബിജാപൂരുമുള്‍പ്പെടെ ഏഴ് ജില്ലകള്‍ ഉള്‍പ്പെട്ടതാണ് ബസ്തര്‍ മേഖല. ഈ വര്‍ഷമിതുവരെ ഛത്തീസ്ഗഡില്‍ വിവിധ ഏറ്റുമുട്ടലുകളിലായി 154 മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്.
കൂടാതെ ബിജാപൂരിലെ രണ്ടിടങ്ങളില്‍ നിന്നായി 13 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. ഏഴ് പേരെ ഗംഗലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് ഞായറാഴ്ചയും ആറ് പേരെ തറേം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് തിങ്കളാഴ്ചയുമാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരെല്ലാം 20നും 55നും ഇടയിലുള്ള പുരുഷന്മാരാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഇവരില്‍ നിന്ന് ഡിറ്റണേറ്ററുകള്‍, ഇലക്ട്രിക് വയര്‍, ബാറ്ററികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു. ഇതോടെ ഈ വര്‍ഷം ബസ്തര്‍ ഡിവിഷനില്‍ നിന്ന് മാത്രം 600 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: