തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നിലപാടില്‍ നിരാശയുണ്ടെന്ന് നടി പത്മ പ്രിയ. രണ്ട് പേര്‍ക്കും സമൂഹത്തില്‍ വലിയ സ്ഥാനമുണ്ട്. അത് അവര്‍ക്ക് ഇനിയെങ്കിലും മനസിലാക്കാന്‍ കഴിയട്ടെ.
അമ്മ ഭാരവാഹികള്‍ എന്ത് ധാര്‍മികതയുടെ പേരിലാണ് രാജിവച്ചതെന്ന് മനസിലാകുന്നില്ല. ഡബ്ല്യുസിസിയെ അമ്മ എങ്ങനെയാണ് കാണുന്നതെന്ന് അറിയില്ലെന്നും പത്മപ്രിയ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.ഭാരവാഹികള്‍ ഇല്ലാതെ എങ്ങനെ, ആരാണ് പൊതു യോഗം വിളിക്കുക? ഇത് തീര്‍ത്തും നിരുത്തരവാദപരമായ നിലപാടാണ്. അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാടാണെന്നും നടി പറഞ്ഞു.
ലൈംഗിക അതിക്രമങ്ങള്‍ക്ക് കാരണം അധികാര ശ്രേണിയാണ്. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ പരിശോധിച്ച് ഭാവിയില്‍ ഇതൊന്നുമില്ലാതെ കാര്യക്ഷമമായി മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്. സര്‍ക്കാര്‍ നാലര വര്‍ഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നത് എന്ത് കൊണ്ടെന്ന് അറിയില്ല. ഇപ്പോള്‍ പുറത്തുവിട്ടത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമോയെന്നതിലും സംശയങ്ങളുണ്ടെന്നും പത്മപ്രിയ വ്യക്തമാക്കി.
ഡബ്ല്യുസിസി പറഞ്ഞ ആളുകള്‍ മാത്രമല്ല ഹേമ കമ്മിറ്റിക്ക് മുന്നില്‍ പോയത്. മോഹന്‍ലാലടക്കം നിരവധി പുരുഷ താരങ്ങള്‍ കമ്മിറ്റിക്ക് മുന്‍പാകെ ഹാജരായി. നിരവധി സംഘടനകളും കമ്മിറ്റിക്ക് മുന്നില്‍ ഹാജരായിട്ടുണ്ട്. പ്രശ്‌നങ്ങളെല്ലാം മാറുമെന്നാണ് ഏഴ് വര്‍ഷമായുള്ള പ്രതീക്ഷ. ഡബ്ല്യുസിസിയുടെ ഭാഗത്ത് നിന്ന് ഇനിയും മാറ്റങ്ങള്‍ക്കായി പൊരുതുമെന്നും പത്മപ്രിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക