ബെംഗളൂരു: ‘മുഡ’ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരായ വിചാരണക്കോടതി നടപടികൾക്കുള്ള ഇടക്കാല സ്റ്റേ കർണാടക ഹൈക്കോടതി സെപ്റ്റംബർ ഒൻപതുവരെ നീട്ടി.
കുറ്റവിചാരണ ചെയ്യാൻ ഗവർണർ താവർചന്ദ് ഗഹ്‌ലോത് അനുമതി നൽകിയതിനെ ചോദ്യംചെയ്ത് സിദ്ധരാമയ്യ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദവും സെപ്റ്റംബർ ഒൻപതിലേക്ക് നീട്ടിയതായി ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ഏകാംഗബെഞ്ച് അറിയിച്ചു. അഡ്വക്കേറ്റ് ജനറൽ തന്റെ വാദങ്ങൾ സമർപ്പിക്കാൻ ഒരാഴ്ച സമയമാവശ്യപ്പെട്ടെന്നും സെപ്റ്റംബർ ഒൻപതിന് ഉച്ചയ്‌ക്ക് 2.30-ന് വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.
മുഡ കേസിൽ സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാനുള്ള ഗവർണറുടെ അനുമതി പൊതുഭരണത്തിൽ ശുദ്ധിയുറപ്പാക്കാനാണെന്ന് പരാതിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.ജി. രാഘവൻ വാദിച്ചു.
സിദ്ധരാമയ്യയെ കുറ്റവിചാരണചെയ്യാൻ ഗവർണർ അനുമതി നൽകിയതിനെ ചോദ്യംചെയ്തുള്ള ഹർജിയിൽ ഓഗസ്റ്റ് 19-നാണ് ഹൈക്കോടതി നടപടികൾ താത്കാലികമായി തടഞ്ഞത്. കുറ്റവിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതോടെ സിദ്ധരാമയ്യയ്‌ക്കെതിരേ നിയമനടപടിക്ക് സാധ്യത തെളിഞ്ഞിരുന്നു.
മൈസൂരു നഗരവികസന അതോറിറ്റിയുടെ ഭൂമി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് നൽകിയതിൽ അഴിമതിയാരോപിച്ച് അഴിമതിവിരുദ്ധപ്രവർത്തകനായ ടി.ജെ. അബ്രാഹം, മൈസൂരു സ്വദേശിനിയായ പൊതുപ്രവർത്തക സ്നേഹമയി കൃഷ്ണ എന്നിവരായിരുന്നു പ്രത്യേകകോടതിയിൽ സ്വകാര്യ ഹർജികൾ നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: