ദുബായ് : രാജ്യത്തെ സ്വദേശിവത്കരണം ഏർപ്പെടുത്തിയിട്ടുള്ള പട്ടികയിൽ ഭേദഗതി വരുത്തിക്കൊണ്ട് ഒമാൻ തൊഴിൽ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. സെപ്റ്റംബർ 1-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇതുമായി ബന്ധപ്പെട്ട് ഒമാൻ തൊഴിൽ മന്ത്രാലയം 501/2024 എന്ന ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രവാസികൾ തൊഴിലെടുക്കുന്നതിന് ഒമാനിൽ വിലക്കേർപ്പെടുത്തിയിട്ടുള്ള തൊഴിൽ പദവിയുടെ പട്ടികയിൽ എൻജിനീയർ, മാനേജർ തസ്തികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
2025 ജനുവരി 1 മുതൽ സിസ്റ്റംസ് അനലിസ്റ്റ്, ഇൻഫർമേഷൻ സിസ്റ്റംസ് നെറ്റുവർക് സ്പെഷ്യലിസ്റ്റ് തുടങ്ങിയ തൊഴിൽ പദവികളിൽ പടിപടിയായി സ്വദേശിവത്കരണം നടപ്പിലാക്കുമെന്നും ഈ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. 2026 ജനുവരി 1 മുതൽ കമ്പ്യൂട്ടർ പ്രോഗ്രാമർ, കമ്പ്യൂട്ടർ എൻജിനീയർ തുടങ്ങിയ പദവികളിലും, 2027 ജനുവരി 1 മുതൽ വെബ് ഡിസൈനർ, ഓപ്പറേഷൻസ് അനലിസ്റ്റ് പദവികളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്.
മന്ത്രാലയം നേരത്തെ പുറത്തിറക്കിയ 235/2022 എന്ന ഉത്തരവിൽ മാറ്റങ്ങൾ വരുത്തിയാണ് കൂടുതൽ തൊഴിൽ പദവികൾ ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുള്ള ഈ തീരുമാനം. നേരത്തെ രാജ്യത്ത് പതിമൂന്ന് തൊഴിൽ പദവികളിലേക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തിക്കൊണ്ട് ഒമാൻ തൊഴിൽ മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിരുന്നു.
അതനുസരിച്ച് 13 തൊഴിൽ പദവികളിലേക്ക് പ്രവാസി തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിന് ഒമാൻ 6 മാസത്തെ താത്‌കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും കൺസ്ട്രക്ഷൻ വർക്കർ (ജനറൽ), ക്ലീനിങ് വർക്കർ (ജനറൽ ബിൽഡിങ്‌സ്), ലോഡിങ്, അൺലോഡിങ് വർക്കർ, ബ്രിക്ക് ലേയർ, സ്റ്റീൽ ഫിക്സർ, ടെയ്‌ലർ (സ്ത്രീകളുടെ വസ്ത്രങ്ങൾ), ടെയ്‌ലർ (പുരുഷന്മാരുടെ വസ്ത്രങ്ങൾ), ഇലെക്ട്രിഷൻ (ജനറൽ ഇലെക്ട്രിക്കൽ ഇൻസ്റ്റലേഷൻസ്) വെയ്റ്റർ, പെയ്‌ന്റർ, ഷെഫ് (ജനറൽ) ഇലെക്ട്രിഷൻ (ഹോം ഇൻസ്റ്റലേഷൻസ്) ബാർബർ എന്നീ ജോലികൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്.
ഇതിനു പുറമെ കഴിഞ്ഞ ദിവസം രാജ്യത്തെ റെഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിലുകളിലെ സമ്പൂർണ്ണ സ്വദേശിവത്കരണം സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വന്നതായി ഒമാൻ അധികൃതർ സ്ഥിരീകരിച്ചു. ഈ തീരുമാനം നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികൾ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ലാൻഡ് ട്രാൻസ്‌പോർട് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധനകൾ നടത്തുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ തീരുമാനത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും, പിഴ ചുമത്തുമെന്നും മന്ത്രാലയം നേരത്തെ അറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: