Kerala

നെഹ്റു ട്രോഫി വള്ളംകളി; തീയതിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

Published by

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ തീയതി സര്‍ക്കാര്‍ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇന്ന് ചേരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ വള്ളംകളി സംരക്ഷണ സമിതി നിര്‍ദ്ദേശിച്ച സെപ്റ്റംബര്‍ 28-ാം തീയതി പരിഗണിച്ചേക്കുമെന്നാണ് സൂചന. 28 അല്ലെങ്കില്‍ മറ്റൊരു തീയതിയാകും വള്ളകളിയ്‌ക്കായി പ്രഖ്യാപിക്കുക. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച ജലോത്സവം പിന്നീട് സാമ്പത്തിക പ്രതിസന്ധി മൂലം സര്‍ക്കാര്‍ റദ്ദാക്കുമെന്നായതോടെയാണ് പ്രതിഷേധം ശക്തമായത്. സമിതിയെ പ്രതിനിധീകരിച്ച് ഇരുപത്തഞ്ചോളം വള്ളംകളിപ്രേമികളാണ് ഇന്നലെ കളക്ടര്‍ക്ക് നിവേദനം നല്‍കിയത്.

കളിക്കാര്‍, ക്ലബ്ബുകാര്‍, വള്ളം സമിതിക്കാര്‍ തുടങ്ങിയവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ കളക്ടര്‍ മുഖാന്തരം സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇനി ജലമേള സംഘടിപ്പിക്കുന്നതിന് തുഴച്ചിലുകാര്‍ക്ക് ചുരുങ്ങിയത് രണ്ടാഴ്ചത്തെ പരിശീലനം വേണം. ഒരിക്കല്‍ സജ്ജീകരിച്ച പന്തലും പവലിയനും ഒക്കെ വീണ്ടും വീണ്ടും തയ്യാറാക്കാന്‍ ചെലവ് ഇരട്ടിയാകും. 60 മുതല്‍ 80 ലക്ഷം രൂപ വരെ മുടക്കിയ വള്ളംകളി ഇപ്പോഴേ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. വള്ളംകളി തീയതി പ്രഖ്യാപിക്കുന്നതോടെ വള്ളംകളി ക്യാമ്പുകള്‍ വീണ്ടും തുറക്കും. പിരിഞ്ഞുപോയ തുഴച്ചിലുകാരെയടക്കം തിരികെ എത്തിച്ചായിരിക്കും നിര്‍ത്തിവെച്ച വള്ളംകളി പരിശീലനം വീണ്ടും ആരംഭിക്കുക.

അതേസമയം, തീയതി പ്രഖ്യാപിക്കും വരെ സമരപരിപാടികള്‍ തുടരാന്‍ വള്ളംകളി സംരക്ഷണ സമിതി നേരത്തെ തീരുമാനിച്ചിരുന്നു. പ്രഖ്യാപനം ഉടന്‍ ഉണ്ടായില്ലെങ്കില്‍ അഞ്ചാം തീയതി പുന്നമടയില്‍ വമ്പിച്ച പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു. ഈ അവസരത്തിലാണ് നെഹ്‌റു ട്രോഫി ബോട്ട് റേസ് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് വൈകുന്നേരം ആലപ്പുഴയില്‍ ചേരുന്നത്. കൃഷിമന്ത്രിയും ജില്ലാകലക്ടറും യോഗത്തില്‍ പങ്കെടുക്കും. ഓണത്തിന് ശേഷം ഈ മാസം അവസനമായിരിക്കും നെഹ്‌റു ട്രോഫി മത്സരം നടക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക