കണ്ണൂര്‍: പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ നടപടിയില്ലാത്തത് ചര്‍ച്ചയാകുന്നു. ശശിയെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
ശശിക്കെതിരെ ഗുരുതര ആരോപണമാണ് അന്‍വര്‍ ഉന്നയിച്ചത്. പോലീസിനെ നിയന്ത്രിക്കുന്ന പൊളിറ്റിക്കല്‍ സെക്രട്ടറിയാണ് ശശി. ആ പദവിയില്‍ ശശി തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് ആക്ഷേപം. ശശിയെ നിയമിച്ചത് സിപിഎം സംസ്ഥാന സമിതിയാണ്. അതുകൊണ്ട് തന്നെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യാതെ മാറ്റാന്‍ പറ്റില്ലെന്ന വാദമുണ്ട്.
പി. ശശിയും അജിത് കുമാറും ഉള്‍പ്പെട്ട ഉപജാപക സംഘം മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി ആഭ്യന്തര വകുപ്പ് ഭരിക്കുന്നുവെന്ന ബിജെപിയുടേയും പ്രതിപക്ഷത്തിന്റെയും ആക്ഷേപം ശരി വയ്ക്കുന്നതാണ് അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍. രണ്ടാം പിണറായി സര്‍ക്കാരില്‍ പി. ശശി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിതനായത് മുതല്‍ ആഭ്യന്തര വകുപ്പിനെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നു വന്നത്. നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ശശിയെ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. പിന്നീട് ലോയേഴ്സ് സംഘടനയിലൂടെ സിപിഎമ്മിന്റെ സമിതികളിലേക്ക് ഉയര്‍ന്നു വരികയും ഒടുവില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി തസ്തികയില്‍ നിയമിക്കുകയുമായിരുന്നു.
ആരോപിതനായ വ്യക്തിയെ ഉന്നത തസ്തികയില്‍ നിയമിച്ചത് സംബന്ധിച്ച് അന്നുതൊട്ടേ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ഭിന്നത ഉണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ ഇത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: