കൊല്‍ക്കത്ത: ബംഗാള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച മൂന്ന് ടിവി ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആഹ്വാനം.
പിജി ഡോക്ടര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മമത സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനമാണ് സംസ്ഥാനത്തുടനീളം ഉയര്‍ന്നത്. എന്നാല്‍ ചാനലുകള്‍ ബംഗാള്‍ വിരുദ്ധ പ്രചരണം നടത്തിയെന്നാരോപിച്ചാണ് ഇവ ബഹിഷ്‌കരിക്കാനുള്ള നിര്‍ദേശം തൃണമൂല്‍ പുറപ്പെടുവിച്ചത്.
എബിപി ആനന്ദ, റിപ്പബ്ലിക്, ടിവി 9 എന്നീ ചാനലുകള്‍ ബഹിഷ്‌കരിക്കുമെന്നാണ് തൃണമൂലിന്റെ പ്രസ്താവനയില്‍ പറയുന്നത്. ഈ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പാര്‍ട്ടി വക്താക്കള്‍ പങ്കെടുക്കേണ്ടതില്ല. ബംഗാള്‍ വിരുദ്ധ പ്രചരണമാണ് ഇക്കൂട്ടര്‍ നടത്തുന്നത്. ദല്‍ഹിയിലെ നേതാക്കളെ പ്രീതിപ്പെടുത്താനാണ് ചാനലുകള്‍ ശ്രമിക്കുന്നത്, എന്നിങ്ങനെയാണ് തൃണമൂലിന്റെ വാദങ്ങള്‍.
ഇനി ഈ ചാനലുകളില്‍ പാര്‍ട്ടി അനുഭാവികളെന്ന പേരില്‍ ആരെങ്കിലും അഭിപ്രായ പ്രകടനം നടത്തിയാല്‍ അത് പാര്‍ട്ടി നിലപാടായിരിക്കില്ല. ഒരാളെയും പാര്‍ട്ടി ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് ചാനലുകള്‍ പുറത്തുവിടുന്നതെന്നും തൃണമൂല്‍ പ്രസ്താവനയിലൂടെ ആരോപിക്കുന്നു.
ടിവി ചാനലുകളില്‍ പാര്‍ട്ടി നേതാക്കള്‍ നടത്തിയ പല പരാമര്‍ശങ്ങളും തൃണമൂലിനെ കൂടുതല്‍ പ്രതിക്കൂട്ടിലാക്കുന്നതാണെന്ന വിമര്‍ശനം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ചാനലുകളെ ബഹിഷ്‌കരിച്ചുകൊണ്ടുള്ള തീരുമാനം.
അതിനിടെ കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തിയ നേതാവിനെ തൃണമൂല്‍ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. മമതയ്‌ക്കെതിരെ പ്രതിഷേിക്കുന്നവരുടെ അമ്മമാരുടെയും സഹോദരിമാരുടെയും അശ്ലീല പോസ്റ്ററുകള്‍ ഉണ്ടാക്കുമെന്ന് ഭീഷണിമുഴക്കിയ തൃണമൂലിന്റെ മുന്‍ കൗണ്‍സിലര്‍ അതിഷ് സര്‍ക്കാരിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെ പാര്‍ട്ടി അപലപിക്കുന്നുവെന്ന് തൃണമൂല്‍ എംപി കുനാല്‍ ഘോഷ് എക്‌സിലൂടെ അറിയിച്ചു.
അതേസമയം, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്കായുള്ള നിയമഭേദഗതി ബില്‍ (അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024) ഇന്ന് ബംഗാള്‍ നിയമസഭയില്‍ അവതരിപ്പിക്കും. പീഡനക്കേസുകളില്‍ സമയബന്ധിതമായി അന്വേഷണം നടത്തണമെന്നും ഇത്തരം കേസുകളിലെ കോടതി നടപടികള്‍ അനുമതിയില്ലാതെ പ്രസിദ്ധപ്പെടുത്തരുതെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: