കൊല്‍ക്കത്ത: ആര്‍ജി കര് മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറുടെ കൊലപാതകത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് അറസ്റ്റില്‍. കൊല്‍ക്കത്തയിലെ സിബിഐ ആസ്ഥാനത്തുവച്ചാണ് സന്ദീപ് ഘോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ 173 വകുപ്പ് പ്രകാരം ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, കൈക്കൂലി തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പതിനഞ്ച് ദിവസത്തെ ചോദ്യംചെയ്യലിനൊടുവിലാണ് സന്ദീപ് ഘോഷ് അറസ്റ്റിലായത്.
അതിനിടെ കേസില്‍ നേരത്തെ അറസ്റ്റിലായ സഞ്ജയ് റോയ് നുണപരിശോധനയിലും നിരപരാധിത്വം തെളിയിച്ചെന്ന അവകാശവാദവുമായി അയാളുടെ അഭിഭാഷക കവിത സര്‍ക്കാര്‍ രംഗത്ത്. സഞ്ജയ് നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നുമാണ് അവകാശവാദം.
നുണപരിശോധനയില്‍ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പത്തോളം ചോദ്യങ്ങളാണ് അന്വേഷണസംഘം ഇയാളോട് ചോദിച്ചത്. ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കയറുമ്പോള്‍ തന്നെ ഡോക്ടര്‍ അബോധാവസ്ഥയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. ഇത് കണ്ട് പരിഭ്രാന്തനായി ഓടി രക്ഷപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട ഡോക്ടറെ അറിയില്ല, സഞ്ജയ് പറയുന്നു.
നിരപരാധിയാണെങ്കില്‍ എന്തുകൊണ്ട് അറസ്റ്റ് ചെയ്ത പോലീസിനോട് ഇക്കാര്യം പറഞ്ഞില്ല എന്ന ചോദ്യത്തിന് തന്നെ ആരെങ്കിലും വിശ്വസിക്കുമോ എന്ന ഭയമായിരുന്നുവെന്നും സഞ്ജയ് പ്രതികരിച്ചു. കുറ്റവാളി മറ്റാരെങ്കിലും ആകാനുള്ള സാധ്യതയാണ് ഉള്ളതെന്ന് കവിത സര്‍ക്കാര്‍ ഒരു ദേശീയമാദ്ധ്യമത്തോട് പറഞ്ഞു. സഞ്ജയ് വളരെ എളുപ്പത്തില്‍ ആ ഹാളിനുള്ളിലേക്ക് പ്രവേശിച്ചു എങ്കില്‍, അതിനര്‍ത്ഥം അവിടെ വലിയ സുരക്ഷാ വീഴ്ച്ച ഉണ്ടായി എന്നതാണ്. മറ്റാരോ ഈ സാഹചര്യം മുതലെടുത്തിട്ടുണ്ട്. സഞ്ജയ്ക്ക് മേല്‍ കുറ്റം ചാരി രക്ഷപ്പെടാനാണ് യഥാര്‍ത്ഥ കൊലയാളി ശ്രമിക്കുന്നതെന്നും കവിത കൂട്ടിച്ചേര്‍ത്തു.
ഡോക്ടര്‍ കൊല്ലപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ച ബ്ലൂടൂത്ത് കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. കൊലയില്‍ ഇയാളുടെ പങ്ക് വ്യക്തമാകും വിധം സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. അറസ്റ്റിന് പിന്നാലെ ഇയാള്‍ കുറ്റസമ്മതം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: