ന്യൂദല്‍ഹി: ഝാര്‍ഖണ്ഡിന് പിന്നാലെ ഹരിയാനയിലും ബിജെപിയിലേക്ക് ഒഴുക്ക്. ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) നേതാക്കളായ സുനില്‍ സാംഗ്വാന്, സഞ്ജയ് കബ്ലാന, ദേവേന്ദര്‍ സിങ് ബബ്ലി എന്നിവരാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. ഹരിയാനയില്‍ മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം ദേവേന്ദര്‍ സിങ് ബബ്ലി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നത് അഭിമാനകരമാണ്. ബിജെപിയുടേതാണ് ഈ കാലം. ബിജെപിയുടേതാണ് സര്‍ക്കാര്‍. ഹരിയാനയിലും അത് തുടരും, അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്, ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബ്, ഹരിയാന ബിജെപി സംസ്ഥാന അധ്യക്ഷന്‍ മോഹന്‍ ലാല്‍ ബദോലി എന്നിവര്‍ പുതിയ അംഗങ്ങളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഹരിയാനയിലെ കാറ്റ് ബിജെപിക്ക് അനുകൂലമാണെന്ന് അരുണ്‍ സിങ് പറഞ്ഞു. സംസ്ഥാനത്ത് ബിജെപി സര്‍ക്കാരിന്റെ മൂന്നാമൂഴത്തിനായി ജനങ്ങള്‍ ആഗ്രഹിക്കുന്നു, അദ്ദേഹം പറഞ്ഞു.
ഹരിയാനയില്‍ ഒക്ടോബര്‍ അഞ്ചിന് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ എട്ടിന് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: