Sports

ബൊപ്പണ്ണ മിക്‌സഡ് ഡബിള്‍സ് ക്വാര്‍ട്ടറില്‍; മൂന്നാം റൗണ്ട് കടന്ന് ഇഗ, മെദ്‌വെദെവ്

Published by

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസ് മിക്‌സഡ് ഡബിള്‍സ് പ്രീക്വാര്‍ട്ടറില്‍ ഇന്നലെ ഭാരതത്തിന്റെ രോഹന്‍ ബൊപ്പണ്ണയും സഖ്യതാരം അല്‍ദില സുത്ജിയാദിയും വിജയിച്ച് ക്വാര്‍ട്ടറില്‍ കടന്നു. സ്‌കോര്‍ 70-6, 7-6(7-5), 10-7ന് ജോണ്‍ പീയേഴ്സ്-കാറ്റെറിന സിനിയാക്കോവ സഖ്യത്തെ ബൊപ്പണ്ണ യും ഇന്തോനേഷ്യക്കാരി അല്‍ദിലയും ചേര്‍ന്ന് പരാജയപ്പെടുത്തി. ആദ്യ സെറ്റ് അടിയറവച്ച ഇരുവരും ശ്രദ്ധേയമായ തിരിച്ചുവരവ് ആണ് നടത്തിയത്.

ആദ്യ സെറ്റ് 0-6ന് നഷ്ടപ്പെട്ട ബൊപ്പണ്ണ-സുത്ജിയാദി സഖ്യം രണ്ടാം സെറ്റില്‍ ശക്തമായ പോരാട്ടം നടത്തി. ടൈബ്രേക്കില്‍ 7-5ന് ജയിച്ചു. മത്സരം അവസാനം ടൈബ്രേക്കിലേക്ക് നീങ്ങി, അവിടെ ഇന്ത്യ-ഇന്തോനേഷ്യന്‍ ജോഡി 10-7 ന് വിജയം സ്വന്തമാക്കി.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാര്‍ബോറ ക്രെയ്‌സിക്കോവയ്‌ക്കൊപ്പം കളിക്കുന്ന തന്റെ പുരുഷ ഡബിള്‍സ് പങ്കാളി മാത്യു എബ്ഡനെയാണ് ബൊപ്പണ്ണ അടുത്തതായി നേരിടുക.

വനിതാ സിംഗിള്‍സില്‍ ഇന്നലെ നടന്ന മൂന്നാം റൗണ്ട് മത്സരങ്ങളില്‍ വമ്പന്‍ താരങ്ങളായ ഇഗ സ്വിയാറ്റെക്കും ബ്രസീലിന്റെ ഹദ്ദാദ് മായിയയും തകര്‍പ്പന്‍ ജയത്തോടെ പ്രീക്വാര്‍ട്ടറിലെത്തി. ഇരുവരും നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിച്ചു. ബിയാട്രീസ് ഹദ്ദാദ്മായിയ അന്ന കാലിന്‍സ്‌കായയെ സ്‌കോര്‍ 6-3, 6-1ന് തോല്‍പ്പിച്ചപ്പോള്‍ ഇഗ കരുത്തന്‍ താരം അനാസ്താസിയ പവ്‌ലുചെങ്കോവയെ സ്‌കോര്‍ 6-4, 6-2ന് കീഴടക്കി.
മറ്റൊരു മൂന്നാം റൗണ്ട് വനിതാ സിംഗിള്‍സ് പോരാട്ടത്തില്‍ ജെസ്സീക്ക പൊന്‍ഷേറ്റിനെ കരോലിന്‍ വോസ്‌നിയാക്കി തോല്‍പ്പിച്ചു. അതും സ്‌കോര്‍ 6-3, 6-2ന് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വിജയിച്ചത്. രണ്ടാം റൗണ്ടില്‍ നാലാം സീഡ് താരം എലേന റൈബാക്കിന പിന്‍മാറിയതിനെ തുടര്‍ന്നാണ് ജസീക്ക മൂന്നാം റൗണ്ടിലെത്തിയത്.

പുരുഷ സിംഗിള്‍സില്‍ ദാനില്‍ മെദ്‌വെദെവ് ഫഌവിയോ കോബോലിയെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു റക്ഷ്യന്‍ താരത്തിന്റെ കുതിപ്പ്. സ്‌കോര്‍ 63, 64, 63. ഓസ്‌ട്രേലിയയുടെ അലക്‌സ് ഡി മിനോറും പുരുഷ സിംഗിള്‍സ് മൂന്നാം റൗണ്ട് കടന്നു. ഡാന്‍ ഇവാന്‍സിനെയാണ് താരം തോല്‍പ്പിച്ചത്. നാല് സെറ്റ് നീണ്ട തകര്‍പ്പന്‍ മത്സരത്തിനൊടുവിലായിരുന്നു മിനോറിന്റെ വിജയം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by